കുവൈത്ത്സിറ്റി : ശ്രീ നാരായണഗുരുദേവന്റെ 169-)മത് ജയന്തിയും ഓണാഘോഷവും 2023 സെപ്റ്റംബര്‍ 1 ന് ഖൈത്താൻ കാര്‍മല്‍ സ്കൂളില്‍ വെച്ച് നടത്തി. രാവിലെ 9 ന് ആരംഭിച്ച ചടങ്ങുകള്‍ ഇന്ത്യൻ സ്ഥാനപതി ആദര്‍ശ് സ്വൈക ഉത്ഘാടനം ചെയ്തു. മതേതരത്വവും ദേശീയതയും ഉയര്‍ത്തിപ്പിടിക്കേണ്ട ആവശ്യകതയെപ്പറ്റി തന്റെ ഉദ്‌ഘാടന പ്രസംഗത്തില്‍ അദ്ദേഹം എടുത്തു പറയുകയും ഏവര്‍ക്കും ഓണാശംസ നേരുകയും ചെയ്തു. ഗുരുജയന്തി ആഘോഷങ്ങളുടെ ഭാഗമായി പ്രശസ്ത ഗുരുധര്‍മപ്രചാരകയായ ആശ പ്രദീപിന്റെ (ഗുരുനാരായണ സേവാ നികേതൻ, കോട്ടയം )”പലമത സാരവുമേകം” എന്ന ഗുരുദര്‍ശനത്തെ ആസ്പദമാക്കിയുള്ള പ്രഭാഷണം നടന്നു. പ്രോഗ്രാം കണ്‍വീനര്‍ ജിതേഷ് എം പി സ്വാഗതം ആശംസിച്ച ചടങ്ങില്‍ സാരഥി പ്രസിഡന്റ് അജി കെ ആര്‍ ഗുരുദേവ ജയന്തിയുടെ പ്രസക്തിയെക്കുറിച്ചും സാരഥി സെന്റര്‍ ഫോര്‍ എക്സലൻസ് (SCFE) കൈവരിച്ചു കൊണ്ടിരിക്കുന്ന ഉന്നതവിജയത്തെ പറ്റിയും പരാമര്‍ശിച്ചു. ചടങ്ങില്‍ ഇന്ത്യൻ സ്ഥാനപതി ആശാ പ്രദീപിനും അഭിറാം അജിക്കും പ്രശസ്‌തി ഫലകം നല്‍കി ആദരിച്ചു.
മാവേലിയും ചെണ്ടമേളവും അത്തച്ചമയവും താലപൊലിയും ഓണാഘോഷങ്ങള്‍ക്ക് പൊലിമയേകി. SCFE ഒരുക്കിയ ചന്ദ്രയാൻ 3 മാതൃകയും ഓണപ്പൂക്കളവും ഏവരുടെയും ശ്രദ്ധപിടിച്ചു പറ്റി. ഗുരുദര്‍ശന വേദിയുടെ നേതൃത്വത്തില്‍ ഗുരുപൂജയും ഗുരുപുഷ്‌പാഞ്‌ജലിയും ഒരുക്കിയിരുന്നു. രാവിലെ 11 മണി മുതല്‍ തുടങ്ങിയ വിഭവ സമൃദ്ധമായ ഓണസദ്യയില്‍ ആയിരത്തിലധികം പേര്‍ പങ്കു ചേര്‍ന്നു. സാരഥി കുവൈറ്റിന്റെ പ്രാദേശിക സമിതികള്‍ അവതരിപ്പിച്ച ഓണത്തനിമ നിറഞ്ഞ കലാ പരിപാടികള്‍ സദസില്‍ അരങ്ങേറി. തിരുവാതിരക്കളി, ഓണപ്പാട്ടുകള്‍, കൊയ്ത്തുപാട്ട്, കൈകൊട്ടിക്കളി, കേരളനടനം, വഞ്ചിപ്പാട്ട്, നാടൻ പാട്ട്, ഗുരുദേവ ഭക്തിഗാനം, ഗുരുദേവ ഭജനാമൃതം, ചണ്ഡാലഭിക്ഷുകി നാടകാവിഷ്കാരം, സെമി ക്ലാസ്സിക്കല്‍ ഡാൻസ്, സൂഫി ഡാൻസ് , ഫ്യൂഷൻ ഡാൻസ്, വയലിൻ ഗിറ്റാര്‍ ഫ്യൂഷൻ എന്നിവ കാണികള്‍ക്കായി വിരുന്നൊരുക്കി.
സാരഥി കുവൈത്തിന്റെ അംഗത്വത്തിനു ഇനി മുതല്‍ ഓണ്‍ലൈൻ ആയും അപേക്ഷ സമര്‍പ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തില്‍ ആണെന്ന് ഭാരവാഹികള്‍ അറിയിച്ചു. സാരഥി ജനറല്‍ സെക്രട്ടറി ജയൻ സദാശിവൻ, രക്ഷാധികാരി സുരേഷ് കൊച്ചത്, ട്രസ്റ്റ് ചെയര്‍മാൻ ജയകുമാര്‍ എൻ എസ്, വനിതാവേദി ചെയര്‍പേഴ്സണ്‍ പ്രീതി പ്രശാന്ത് എന്നിവര്‍ ചടങ്ങില്‍ ആശംസകള്‍ അറിയിച്ചു. ചടങ്ങില്‍ കുവൈറ്റിലെ സാമൂഹിക സാംസ്‌കാരിക, മേഖലയിലെ പ്രമുഖര്‍ പങ്കെടുത്തു. സാരഥി ട്രഷറര്‍ ദിനു കമാല്‍ ചടങ്ങിന്റെ ഭാഗമായ ഓരോരുത്തര്‍ക്കും നന്ദി അറിയിച്ചു.













