റോം: ലെയോ പതിനാലാമന്‍ മാര്‍പാപ്പ നവംബറില്‍ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളായ ഉറുഗ്വേ, അര്‍ജന്റീന, പെറു എന്നിവിടങ്ങളില്‍ അപ്പസ്തോലിക സന്ദര്‍ശനം നടത്തും. നവംബര്‍ ആറു മുതല്‍ 17 വരെയാണ് മാര്‍പാപ്പയുടെ ലാറ്റിനമേരിക്കന്‍ സന്ദര്‍ശനം. സന്ദർശനത്തിന്റെ വിശദപരിപാടി ഇന്നലെ വത്തിക്കാൻ പുറത്തുവിട്ടു. നവംബര്‍ ആറിന് ഉറുഗ്വേയിലെത്തുന്ന മാര്‍പാപ്പ എട്ടുവരെ അവിടെയുണ്ടാകും. 38 വര്‍ഷത്തിനുശേഷം ആദ്യമായാണ് ഒരു മാര്‍പാപ്പ ഉറുഗ്വേയിലെത്തുന്നത്. ജോണ്‍ പോള്‍ രണ്ടാമന് മാര്‍പാപ്പ 1988ല്‍ ഉറുഗ്വേ സന്ദര്‍ശിച്ചിരുന്നു. നവംബർ 8, 9, 10, 11 തീയതികളിലാണു മാര്‍പാപ്പയുടെ അര്‍ജന്റൈന്‍ സന്ദര്‍ശനം. ബുവാനോസ് ആരിസ്, കൊര്‍ഡോബ, ലുഹാന്‍ നഗരങ്ങൾ മാര്‍പാപ്പ സന്ദര്‍ശിക്കും. 1987ല്‍ ജോണ്‍ പോള്‍ രണ്ടാമന് മാര്പാപ്പയ്ക്കുശേഷമുള്ള അര്‍ജന്റൈൻ സന്ദർശനമാണിത്. അര്ജന്റീനയ്ക്കുശേഷം മാര്‍പാപ്പ പെറുവില്‍ അപ്പസ്തോലിക സന്ദര്‍ശനം നടത്തും. നവംബര്‍ 11 മുതല്‍ 17 വരെ മാര്‍പാപ്പ പെറുവിലുണ്ടാകും. പെറുവില്‍ വൈദികനായും ബിഷപ്പായും 20 വർഷം വര്‍ഷം ലെയോ പതിനാലാമന്‍ മാര്‍പാപ്പ പ്രവര്‍ത്തിച്ചിരുന്നു. അദ്ദേഹത്തിന് പെറുവിയൻ പൗരത്വവുമുണ്ട്.













