നഗോയ: 20-ാം ഏഷ്യൻ ഗെയിംസിൽ ആദ്യ സ്വർണം സ്വന്തമാക്കി ഇന്ത്യ. വനിതാ ക്രിക്കറ്റ് ഫൈനലിൽ ശ്രീലങ്കയെ തകർത്ത് ഇന്ത്യൻ ക്രിക്കറ്റ് ടീമാണ് സ്വർണമണിഞ്ഞത്.
ഗെയിംസിൽ ഇന്ത്യൻ വനിതാ ടീമിന്റെ തുടർച്ചയായ രണ്ടാം സ്വർണ നേട്ടമാണിത്. ദിവസങ്ങൾക്ക് മുമ്പ് നടന്ന ഏഷ്യാ കപ്പ് ഫൈനലിലും ശ്രീലങ്കയെ തകർത്ത് ഇന്ത്യ കിരീടം സ്വന്തമാക്കിയിരുന്നു. ശ്രീലങ്കയ്ക്കെതിരായ ഫൈനലിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 216 റൺസെടുത്തു. ഓപ്പണർമാരായ സ്മൃതി മന്ദാന, ഷഫാലി വർമ, റിച്ച ഘോഷ് എന്നിവരുടെ ഇന്നിങ്സുകളാണ് ഇന്ത്യയ്ക്ക് വമ്പൻ സ്‌കോർ സമ്മാനിച്ചത്. 217 റൺസെന്ന വമ്പൻ വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റിങ്ങിനിറങ്ങിയ ലങ്ക 15.4 ഓവറിൽ വെറും 69 റൺസിന് ഓൾഔട്ടായി. 21 പന്തിൽ നിന്ന് 29 റൺസെടുത്ത ക്യാപ്റ്റൻ ചമരി അട്ടപ്പട്ടുവിന് മാത്രമാണ് ഇന്ത്യൻ ബൗളിങ്ങിനെതിരേ പൊരുതാനായത്. 14 റൺസെടുത്ത കൗശനി നുത്യംഗനയ്ക്ക് മാത്രമാണ് ചമരിയെ കൂടാതെ പിന്നീട് രണ്ടക്കം കടക്കാനായത്. ഇന്ത്യയ്ക്കായി ദീപ്തി ശർമ നാല് ഓവറിൽ ആറു റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. ശ്രീചരണി, ഷഫാലി വർമ, ശ്രേയങ്ക പാട്ടീൽ എന്നിവർ രണ്ടു വിക്കറ്റ് വീഴ്ത്തി. 45 പന്തിൽ നിന്ന് ഏഴ് സിക്സും അഞ്ച് ഫോറുമടക്കം 79 റൺസെടുത്ത സ്മൃതിയാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. ഷഫാലി 29 പന്തിൽ നിന്ന് മൂന്ന് വീതം സിക്സും ഫോറുമടക്കം 48 റൺസെടുത്തു. അവസാന ഓവറുകളിൽ തകർത്തടിച്ച് വെറും 22 പന്തിൽ നിന്ന് 49* റൺസെടുത്ത റിച്ചാ ഘോഷാണ് ഇന്ത്യൻ സ്‌കോർ 216-ൽ എത്തിച്ചത്. മൂന്ന് സിക്സും ആറ് ഫോറും അടങ്ങുന്നതായിരുന്നു റിച്ചയുടെ ഇന്നിങ്സ്. ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ 19 റൺസെടുത്ത് പുറത്തായി.












