കോട്ടയം : ടൂറിസം ഭൂപടത്തിൽ കോട്ടയത്തിന്റെ അടയാളങ്ങളിലൊന്നായ അയ്‌മനത്തിന്റെ പാതകൾക്ക് ഇനി കൂടുതൽ തിളക്കം. ആധുനിക നിലവാരത്തിൽ പുനർനിർമിച്ച അയ്‌മനം പഞ്ചായത്തിലെ മൂന്ന് റോഡുകൾ നാടിന് സമർപ്പിച്ചു. കുടയംപടി– പരിപ്പ്, അമ്പാടി– ചാമത്ര, തിരുവാറ്റ– കല്ലുമട എന്നീ റോഡുകളാണ് മുഖം മിനുക്കിയത്. പൊതുമരാമത്ത് മന്ത്രി അഡ്വ. പി എ മുഹമ്മദ് റിയാസ് ഓൺലൈൻ വഴി റോഡുകൾ ഉദ്‌ഘാടനം ചെയ്തു. കുടയംപടിയിൽ നടന്ന ഉദ്‌ഘാടനത്തിൽ മന്ത്രി വി എൻ വാസവൻ തിരിതെളിച്ചു. കനത്ത മഴയിൽ ഒറ്റപ്പെടുന്ന പടിഞ്ഞാറൻ മേഖലയിലെ ജനങ്ങൾക്ക് പുതിയ റോഡുകൾ ആശ്വസമാകും. നാലര കോടി രൂപ ചെലവിൽ ആധുനിക നിലവാരത്തിലാണ് അമ്പാടി–ചാമത്ര ജയന്തി റോഡ് നിർമിച്ചിട്ടുള്ളത്. മൂന്നുകിലോമീറ്റർ നീളമുള്ള റോഡ് ഒരു വർഷം കൊണ്ടാണ് നിർമാണം പൂർത്തികരിച്ചത്.
മൂന്നുവർഷമാണ് പരിപാലന കാലാവധി. 2.87 കിലോമീറ്റർ നീളമുള്ള തിരുവാറ്റ – കല്ലുമട റോഡ് നാല് കോടി രൂപ ചെലവിലാണ് നിർമിച്ചിട്ടുള്ളത്. ഒരു വർഷം കൊണ്ട് നിർമാണം പൂർത്തീകരിച്ച റോഡിന് മൂന്ന് വർഷം പരിപാലന കാലാവധിയുണ്ട്. ബൈക്ക് റാലിയുടെ അകമ്പടിയോടെയുള്ള ആവേശകരമായ റോഡ് ഷോയ്ക്ക് ശേഷമായിരുന്നു ഉദ്‌ഘാടനം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി ബിന്ദു അധ്യക്ഷയായി. തോമസ് ചാഴികാടൻ എം പി മുഖ്യപ്രഭാഷണം നടത്തി. സ്വാഗതസംഘം കൺവീനർ എ കെ ആലിച്ചൻ, ജില്ലാ പഞ്ചായത്തംഗം റോസമ്മ സോണി, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജൻ, കെ ജോസ് രാജൻ, മനോജ് കരിമഠം, കെ കെ ഷാജിമോൻ, കെ വി രതീഷ്, വിജി രാജേഷ്, കെ ദേവകി , കെ ആർ ജഗദീഷ് എന്നിവർ സംസാരിച്ചു.













