കോട്ടയം : അന്തരീക്ഷത്തിലെ കടുത്ത ചൂടിനും തെരഞ്ഞെടുപ്പ് പോരാട്ട ചൂടിനെ തോല്‍പ്പിക്കാനാവില്ലെന്ന് തെളിയിക്കുകയാണ് എല്‍ഡിഎഫിന്റെ പ്രചാരണ കണ്‍വന്‍ഷനുകള്‍. പിറവം, വൈക്കം, കടുത്തുരുത്തി, പുതുപ്പള്ളി നിയോജക മണ്ഡലം കണ്‍വന്‍ഷനുകളില്‍ ഒഴുകിയെത്തിയത് ജനസാഗരമാണ്. ആയിരങ്ങള്‍ കടുത്ത ചൂടിനെ അവഗണിച്ചെത്തിയതോടെ നേതാക്കളും ആവേശത്തിലായി കഴിഞ്ഞു. ചൊവ്വാഴ്ച രാവിലെ കോട്ടയം റെയില്‍വേ സ്‌റ്റേഷനില്‍ ഒരു സ്‌റ്റേഷന്‍ ഒരു ഉല്‍പ്പന്നം പദ്ധതിയുടെ ഉദ്ഘാടനത്തിനായി എത്തിയ സ്ഥാനാര്‍ത്ഥി തോമസ് ചാഴികാടനെ അധികൃതര്‍ ആവേശത്തോടെയാണ് വരവേറ്റത്. റെയില്‍വേയില്‍ 1000 കോടി രൂപയുടെ വികസനത്തിലേക്ക് എത്തിക്കാന്‍ കഴിഞ്ഞതിന്റെ ആത്മവിശ്വാസം സ്ഥാനാര്‍ത്ഥിയുടെ മുഖത്തും പ്രകടമായി. യാത്രക്കാരും ജീവനക്കാരും ആശംസകള്‍ നേര്‍ന്നാണ് സ്ഥാനാര്‍ത്ഥിയെ യാത്രയാക്കിയത്.
പുതുപ്പള്ളി പയ്യപ്പാടിയില്‍ പിഎച്ച്‌സി സബ് സെന്ററിലെ ലാബോറട്ടറി ഉദ്ഘാടനത്തില്‍ മന്ത്രി വിഎന്‍ വാസവനൊപ്പം എത്തിയപ്പോഴും നാട്ടുകാരും ആരോഗ്യ പ്രവര്‍ത്തകരും ഓടിയെത്തി. എല്ലാവരോടും കുശലം പറഞ്ഞ് വോട്ടഭ്യര്‍ത്ഥന. ഉദ്ഘാടനത്തിന് പിന്നാലെ പാലാ കരൂരിലേക്ക്. അവിടെ ലൈഫ് മിഷന്‍ പദ്ധതിയുടെ ഭാഗമായ വീടുകളുടെ താക്കോല്‍ കൈമാറല്‍ ചടങ്ങ്. അടുത്ത പരിപാടി സ്ഥലത്തുനിന്നും വിളി തുടര്‍ച്ചയായി വന്നതോടെ വേഗം പ്രസംഗമവസാനിപ്പിച്ച് കല്ലറ പഞ്ചായത്തിലേക്ക്. കല്ലറ നൂറ്റിപ്പത്ത് നെറ്റിത്തറ കോളനിയിലേക്കുള്ള വഴി വിളക്ക് ഉദ്ഘാടനം. വാക്ക് പാലിച്ച എംപിക്ക് സമ്മാനങ്ങളുമായാണ് നാട്ടുകാര്‍ കാത്ത് നിന്നത്. കടുത്ത വെയിലത്ത് അമ്മമാര്‍ കുടയും ചൂടി സ്ഥാനാര്‍ത്ഥിയെ കാത്തുനിന്നു. നല്ല നാടന്‍ ഇളനീരും സ്ഥാനാര്‍ത്ഥിക്ക് സമ്മാനിച്ചു.
ഉദ്ഘാടന പരിപാടിക്ക് പിന്നാലെ കടുത്തുരുത്തി നിയോജക മണ്ഡലം കണ്‍വന്‍ഷനിലേക്ക്. പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ മാണിയായിരുന്നു കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തത്. പിന്നാലെ ചെറിയ വാക്കുകളില്‍ സ്ഥാനാര്‍ത്ഥി വക വോട്ടഭ്യര്‍ത്ഥന. മണ്ഡലത്തില്‍ നടത്തിയ വികസനം തന്നെ പ്രസംഗം. അണികള്‍ ആവേശഭരിതരായി മുദ്രാവാക്യം വിളിച്ച് സ്ഥാനാര്‍ത്ഥിയെ യാത്രയാക്കി. അടുത്ത കണ്‍വന്‍ഷന്‍ സ്ഥലമായ പുതുപ്പള്ളിയില്‍ എത്തുമ്ബോള്‍ നേരം വൈകിയിരുന്നു. ചെറിയ വാക്കുകളില്‍ രാഷ്ട്രീയം തീരെ പറയാതെ വോട്ട് ചോദിച്ച് പ്രസംഗം. മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ പറയുമ്ബോള്‍ കൂടി നിന്നവര്‍ കയ്യടിച്ച് പ്രോത്സാഹിപ്പിച്ചു. പിന്നെ യോഗത്തിന് നടുവിലേക്കിറങ്ങി വോട്ട് ചോദിക്കുമ്ബോഴും വിജയം ഉറപ്പെന്ന് മറുപടി. ബുധനാഴ്ച പാലാ, ഏറ്റുമാനൂര്‍ മണ്ഡലങ്ങളിലെ കണ്‍വന്‍ഷന്‍ നടക്കും. വ്യാഴഴ്ച നടക്കുന്ന കോട്ടയം മണ്ഡലത്തിലെ കണ്‍വന്‍ഷനോടെ നിയോജക മണ്ഡലം കണ്‍വന്‍ഷനുകള്‍ പൂര്‍ത്തിയാകും.












