യമൻ പൗരനെ കൊലപ്പെടുത്തിയ കുറ്റത്തിന് യമനിലെ ജയിലില്‍ വധശിക്ഷ വിധിക്കപ്പെട്ട് കഴിയുന്ന മകള്‍ നിമിഷപ്രിയയെ കാണാൻ അമ്മ പ്രേമ കുമാരി യമനിലേക്ക്. കഴിഞ്ഞയാഴ്ചയാണ് മകളെ കാണാൻ യമനിലേക്ക് പോകുന്നതിനായുള്ള വിസ പ്രേമകുമാരിക്ക് ലഭിച്ചത്. ആശ്വാസം ഉണ്ടെന്നും ബാക്കിയൊക്കെ അഭിഭാഷകരും മറ്റുമാണ് നോക്കുന്നതെന്നുമായിരുന്നുനിമിഷ പ്രിയയുടെ അമ്മ പ്രതികരിച്ചത്. സന്നദ്ധപ്രവർത്തകനായ സാമുവല്‍ ജെറോമും പ്രേമകുമാരിക്കൊപ്പം യമനില്‍ പോകുന്നുണ്ട്. എട്ടുവർഷമായി കിഴക്കമ്ബലത്തിന് അടുത്തുള്ള ഒരു വീട്ടില്‍ ജോലി ചെയ്താണ് പ്രേമ കുമാരി ജീവിക്കുന്നത്. കൊല്ലപ്പെട്ട യമൻ പൗരന്റെ കുടുംബം അനുവദിച്ചെങ്കില്‍ മാത്രമേ നിമിഷപ്രിയയുടെ മോചനം സാധ്യമാകുകയുള്ളൂ. കുടുംബത്തെ നേരില്‍ കാണാനായാണ് പ്രേമകുമാരി യമനിലേക്ക് പോകുന്നത്.
യമൻ പൗരനെ നിമിഷ പ്രിയയും സുഹൃത്തും ചേർന്ന് കൊലപ്പെടുത്തി എന്ന കേസില്‍ വിചാരണ കോടതിയുടെ വധശിക്ഷ യമൻ സുപ്രീം കോടതിയും ശരിവെച്ചിരുന്നു. വിസ നടപടികള്‍ പൂർത്തിയായതായും ഏതു വഴിക്കാണ് പോകേണ്ടത് എന്നത് സംബന്ധിച്ച് മുംബൈയിലെ ഒരു ട്രാവല്‍ ഏജൻസിയുമായി ചർച്ച നടത്തി വരികയാണെന്നും അത് തീരുമാനമായാല്‍ ഒന്നോ രണ്ടോ ആഴ്ചകള്‍ക്കുള്ളില്‍ പോകാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രേമകുമാരിക്ക് വേണ്ടി ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ച അഭിഭാഷകൻ സുഭാഷ് ചന്ദ്രൻ അറിയിച്ചു. ആദ്യം നിമിഷ പ്രിയയെ കാണാനാണ് ശ്രമിക്കുക എന്നും അതിനുശേഷം യമൻ പൗരന്റെ കുടുംബത്തെ കാണുകയാണ് ലക്ഷ്യം എന്നും അഭിഭാഷകൻ പറഞ്ഞു.













