മുംബൈ : മഹാരാഷ്ട്രയിലെ ലോക്സഭ സീറ്റുകള്‍ സംബന്ധിച്ച് പ്രതിപക്ഷമായ മഹാ വികാസ് സഖ്യം ധാരണയിലെത്തി. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം 48 മണിക്കൂറിനകം ഉണ്ടാകും. മഹാരാഷ്ട്രയില്‍ 48 ലോക്സഭ സീറ്റുകളാണുള്ളത്. ഉദ്ധവ് താക്കറെ നയിക്കുന്ന ശിവസേന 20 സീറ്റുകളിലും കോണ്‍ഗ്രസ് 18 സീറ്റുകളിലും മത്സരിക്കും. അവശേഷിക്കുന്ന 10 സീറ്റുകളില്‍ ശരത്പവാറിന്റെ നേതൃത്വത്തിലുള്ള എൻ.സി.പി സ്ഥാനാർഥികളും മത്സരിക്കും. നേരത്തേ അഞ്ച് സീറ്റുകള്‍ ആവശ്യപ്പെട്ട പ്രാദേശിക പാർട്ടിയായ വാൻജിത് ബഹുജൻ അഗാഡിക്ക് (വി.ബി.എ)ശിവസേന രണ്ട് സീറ്റ് നല്‍കും. സ്വതന്ത്രസ്ഥാനാർഥിയായ രാജു ഷെട്ടിക്ക് എൻ.സി.പി പിന്തുണ നല്‍കും. മുംബൈയിലെ നാലു ലോക്സഭ സീറ്റുകളില്‍ നാലെണ്ണത്തില്‍ ശിവസേന മത്സരിക്കും. അതിലൊരെണ്ണം വി.ബി.എക്ക് നല്‍കും.
മുംബൈയിലെ ചില സീറ്റുകളുടെ കാര്യത്തില്‍ കോണ്‍ഗ്രസും ശിവസേനയും തമ്മില്‍ തർക്കമുണ്ടായിരുന്നു. അത് പരിഹരിച്ചോ എന്നത് വ്യക്തമല്ല. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ ശിവസേന പിളർന്നിരുന്നില്ല. അന്ന് ബി.ജെ.പിയുമായായിരുന്നു സഖ്യം. 2019ല്‍ 23ല്‍ സീറ്റുകളില്‍ മത്സരിച്ച ശിവസേന 18 എണ്ണത്തില്‍ വിജയിച്ചു. കോണ്‍ഗ്രസ് 25 മണ്ഡലങ്ങളില്‍ മത്സരിച്ചുവെങ്കിലും ഒരെണ്ണത്തില്‍ മാത്രമേ വിജയിക്കാൻ സാധിച്ചുള്ളൂ. 19 മണ്ഡലങ്ങളില്‍ മത്സരിച്ച ശരത്പവാറിന്റെ എൻ.സി.പിക്ക് നാലു സീറ്റുകളാണ് ലഭിച്ചത്.













