
ബംഗളുരു : ഭാരത-ഫ്രഞ്ച് ബഹിരാകാശ സഹകരണം പ്രോത്സാഹിപ്പിച്ചതിന് ഫ്രാൻസിന്റെ പരമോന്നത സിവിലിയൻ ബഹുമതിക്ക് അര്‍ഹയായി മലയാളി ബഹിരാകാശ ശാസ്ത്രജ്ഞ വി.ആര്‍ ലളിതാംബിക. ഫ്രഞ്ച് സര്‍ക്കാരിനെ പ്രതിനിധീകരിച്ച്, ഭാരതത്തിലെ ഫ്രാൻസ് അംബാസഡര്‍ തിയറി മാത്തൂ ഷെവലിയര്‍ ബഹുമതി നല്‍കി ആദരിച്ചു. മുൻ ഐഎസ്‌ആര്‍ഒ ചെയര്‍മാൻ എ.എസ് കിരണ്‍ കുമാറിന് ശേഷം ഈ പുരസ്കാരം ലഭിക്കുന്ന രണ്ടാമത്തെ ഐഎസ്‌ആര്‍ഒ ശാസ്ത്രജ്ഞയാണ് ലളിതാംബിക. കുമാറിന് 2019 ല്‍ ബഹുമതി ലഭിച്ചിരുന്നു.
മേഖലയിലെ ലളിതാംബികയുടെ വൈദഗ്‌ദ്ധ്യം, നേട്ടങ്ങള്‍, അശ്രാന്ത പരിശ്രമം എന്നിവ ഭാരത-ഫ്രഞ്ച് ബഹിരാകാശ പങ്കാളിത്തത്തിന്റെ ചരിത്രത്തില്‍ മഹത്തായ അധ്യായം രചിച്ചെന്ന് പുരസ്കാരം സമ്മാനിച്ചുകൊണ്ട് ഫ്രാൻസ് അംബാസഡര്‍ തിയറി മാത്തൂ പറഞ്ഞു. ഐഎസ്‌ആര്‍ഒയിലെ മുതിര്‍ന്ന ശാസ്ത്രജ്ഞയായ വി ആര്‍ ലളിതാംബിക ഐഎസ്‌ആര്‍ഒയുടെ ഹ്യൂമൻ സ്‌പേസ്ഫ്‌ളൈറ്റ് പ്രോഗ്രാം ഡയറക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. അഡ്വാൻസ്ഡ് ലോഞ്ച് വെഹിക്കിള്‍ ടെക്നോളജിയില്‍ വിദഗ്ധയായ ഡോ.ലളിതാംബിക ഭാരതത്തിന്റെ ബഹിരാകാശ ദൗത്യമായ ഗഗൻയാൻ ദൗത്യത്തിലും നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്.
2018ല്‍ ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് പ്രോഗ്രാമിന്റെ ഡയറക്‌ടര്‍ എന്ന നിലയില്‍ ഗഗൻയാൻ പദ്ധതിക്കായി ഫ്രഞ്ച് നാഷണല്‍ സ്‌പേസ് ഏജൻസിയുമായി (സിഎൻഇഎസ്) ഏകോപിപ്പിച്ചായിരുന്നു ലളിതാംബിക ദൗത്യത്തിന് നേതൃത്വം നല്‍കിയത്. മനുഷ്യ ബഹിരാകാശ യാത്രയില്‍ സിഎൻഇഎസും ഐഎസ്‌ആര്‍ഒയും തമ്മിലുള്ള സഹകരണത്തിനുള്ള ആദ്യ സംയുക്ത കരാറില്‍ ഒപ്പുവെക്കുന്നതിലും ഡോ. ലളിതാംബിക നിര്‍ണായക പങ്ക് വഹിച്ചു. 2021ല്‍ മുൻ ഫ്രഞ്ച് വിദേശകാര്യ മന്ത്രി ഐഎസ്‌ആര്‍ഒ സന്ദര്‍ശിച്ചപ്പോള്‍ ബഹിരാകാശയാത്രയുമായി ബന്ധപ്പെട്ട് ഫ്രാൻസും ഭാരതവും തമ്മിലുള്ള രണ്ടാമത്തെ കരാര്‍ ഒപ്പിട്ടതും ലളിതാംബികയുടെ നേതൃത്വത്തിലായിരുന്നു.
ജെആര്‍ഡി ടാറ്റ, സത്യജിത് റേ, ഭാരതരത്‌ന സിഎൻആര്‍ റാവു, പണ്ഡിറ്റ് രവിശങ്കര്‍, സുബിൻ മേത്ത, ഇ.ശ്രീധരൻ, അമിതാഭ് ബച്ചൻ, ശിവാജി ഗണേശൻ, ലതാ മങ്കേഷ്‌കര്‍, ഷാരൂഖ് ഖാൻ, ശശി തരൂര്‍ തുടങ്ങിയവര്‍ക്കും മുൻപ് ഫ്രാൻസിന്റെ പരമോന്നത സിവിലിയൻ ബഹുമതി ലഭിച്ചിട്ടുണ്ട്.












