ന്യൂഡല്‍ഹി : അനധികൃത നിര്‍മ്മാണം ആരോപിച്ച് ഹരിയാനയിലെ നൂഹ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സര്‍ക്കാര്‍ നടത്തുന്ന ബുള്‍ഡോസര്‍ രാജ് മൂന്നാം ദിവസവും തുടരുന്നു. ഇന്ന് പുലര്‍ച്ചെ ഇരുപതോളം മെഡിക്കല്‍ സ്റ്റോറുകളും മറ്റ് കടകളും പൊളിച്ചു. വര്‍ഗീയ സംഘര്‍ഷം അരങ്ങേറിയ നുഹില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെ തവാഡുവില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറിയെന്ന് ആരോപിച്ച് കുടിയേറ്റക്കാരുടെ കുടിലുകള്‍ വ്യാഴാഴ്ച തകര്‍ത്തതിന് പിന്നാലെയാണ് കൂടുതല്‍ സ്ഥലങ്ങളിലേക്ക് ബുള്‍ഡോസര്‍ രാജ് വ്യാപിപ്പിച്ചിരിക്കുന്നത്. മുസ്‍ലിം ഭൂരിപക്ഷ പ്രദേശങ്ങളിലാണ് ബുള്‍ഡോസര്‍ രാജ് അരങ്ങേറുന്നത്. നുഹിലെ നല്‍ഹാറിലെ ഷഹീദ് ഹസൻ ഖാൻ മേവാതി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍, കനത്ത പോലീസ് വിന്യാസത്തിനിടയിലാണ് പൊളിക്കല്‍ നടപടി അരങ്ങേറിയത്. ആശുപത്രിയുടെ പ്രധാന കവാടത്തിന് മുന്നില്‍ സ്ഥിതി ചെയ്യുന്ന രണ്ട് ഡസനോളം കടകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തു. ഇതില്‍ ഭൂരിഭാഗവും ഫാര്‍മസികളാണ്. വര്‍ഷങ്ങളായി ഇവിടെ പ്രവര്‍ത്തിച്ചുവരുന്നവയാണ് ഈ കടകള്‍.
വിവിധ പ്രദേശങ്ങളിലായി ഇതുവരെ 50 മുതല്‍ 60 വരെ നിര്‍മാണങ്ങള്‍ പൊളിച്ചു. അറസ്റ്റ് ഭയന്ന് പലരും പലായനം ചെയ്യുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. പ്രാദേശിക എംഎല്‍എയും കോണ്‍ഗ്രസ് ലെജിസ്ലേച്ചര്‍ പാര്‍ട്ടി ഉപനേതാവുമായ അഫ്താബ് അഹമ്മദ് ഈ നടപടിക്ക് എതിരെ രംഗത്ത് വന്നു. നൂഹില്‍ പാവപ്പെട്ടവരുടെ വീടുകള്‍ മാത്രമല്ല, സാധാരണക്കാരുടെ വിശ്വാസവും കൂടിയാണ് തകര്‍ക്കപ്പെടുന്നതെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. ഭരണപരാജയം മറച്ചുവെക്കാനാണ് സര്‍ക്കാര്‍ നടപടിയെന്നും അദ്ദേഹം പറഞ്ഞു. വിശ്വഹിന്ദു പരിഷത്തിന്റെ ഘോഷയാത്രയെ തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങളെ തുടര്‍ന്ന് നുഹില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ ഗുരുഗ്രാമിലേക്കും അക്രമം വ്യാപിച്ചിരുന്നു. ഈ വര്‍ഗീയ സംഘര്‍ഷത്തില്‍ രണ്ട് ഹോം ഗാര്‍ഡുകളും ഒരു മതനേതാവും അടക്കം ആറ് പേര്‍ മരിച്ചു.













