തിരുവനന്തപുരം : മഴക്കാലത്ത് അപകടാവസ്ഥയിലുള്ള മരങ്ങള്‍ വീണുണ്ടാകുന്ന ദുരന്തം ഒഴിവാക്കാൻ ഇവ മുറിച്ചു മാറ്റുന്നതിന് അടിയന്തര പ്രാധാന്യം നല്‍കണമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു.അപകടാവസ്ഥയിലുള്ള മരങ്ങളുടെ പട്ടിക തയ്യാറാക്കണമെന്നും ആവശ്യമായ നടപടി വകുപ്പുകള്‍ സ്വീകരിക്കണമെന്നും മന്ത്രി പറഞ്ഞു. മഴക്കാല മുന്നൊരുക്കം സംബന്ധിച്ച് തൈക്കാട് പൊതുമരാമത്ത് റെസ്റ്റ് ഹൗസില്‍ നടന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓട വൃത്തിയാക്കല്‍,കാട് വെട്ടല്‍ എന്നിവയുള്‍പ്പെടെ 1325 പ്രവൃത്തികളാണ് തിരുവനന്തപുരം കോര്‍പ്പറേഷൻ മഴക്കാല മുന്നൊരുക്കത്തിന്റെ ഭാഗമായി ആരംഭിച്ചത്. ഇവയില്‍ ഭൂരിഭാഗവും പൂര്‍ത്തിയായതായി കോര്‍പ്പറേഷൻ ഉദ്യോഗസ്ഥര്‍ അറിയിച്ചു. കൊതുകു നിവാരണത്തിനുള്ള ഫോഗിംഗ്,സ്‌പ്രേയിംഗ് എന്നിവയും പുരോഗമിക്കുന്നു.
സ്മാര്‍ട്ട് സിറ്റിയിലെ 5 ഓടകളില്‍ നാലെണ്ണത്തിന്റെയും ചാല മാര്‍ക്കറ്റിലെ ഓടയുടെയും വൃത്തിയാക്കല്‍ പൂര്‍ത്തിയായതായി കെ.ആര്‍.എഫ്.ബി ഉദ്യോഗസ്ഥര്‍ അറിയിച്ചു.നഗരത്തിലെ വെള്ളപ്പൊക്കം തടയുന്നതിനായി നടത്തുന്ന പ്രവൃത്തികളില്‍ ഭൂരിഭാഗവും പൂര്‍ത്തിയായതായി മൈനര്‍ ഇറിഗേഷനും,ആമയിഴഞ്ചാൻ തോട് ഉള്‍പ്പെടെ പ്രധാന തോടുകളുടെ വൃത്തിയാക്കല്‍ പൂര്‍ത്തിയായതായി മേജര്‍ ഇറിഗേഷനും അറിയിച്ചു. ജില്ലയിലെ ഡാമുകളില്‍ മതിയായ സംഭരണശേഷിയുള്ളതിനാല്‍ ആശങ്കയുടെ സാഹചര്യമില്ലെന്ന് വാട്ടര്‍ അതോറിട്ടി അറിയിച്ചു. മാൻഹോളുകള്‍ ശുചിയാക്കല്‍ സ്വീവേജ് വകുപ്പ് പൂര്‍ത്തിയാക്കിയിട്ടുണ്ട്. കുര്യാത്തിയിലെ കേടുവന്ന പമ്ബ് മാറ്റിസ്ഥാപിച്ചു. ദുരന്ത സാഹചര്യം നേരിടാൻ അസിസ്റ്റന്റ് കമ്മിഷണര്‍ ഓഫീസുകള്‍ കേന്ദ്രീകരിച്ച് പൊലീസ് കണ്‍ട്രോള്‍ റൂമുകള്‍ സജ്ജീകരിച്ചിട്ടുണ്ടെന്ന് ലാ ആൻഡ് ഓര്‍ഡര്‍ വിഭാഗം ഡി.സി പി.വി.അജിത് പറഞ്ഞു.
ജില്ലയിലെ ആശുപത്രികളില്‍ മരുന്നുകള്‍ ഉള്‍പ്പെടെ മതിയായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. മഴക്കെടുതി മൂലം വീടുകള്‍ക്കും മറ്റും കേടുപാടുകള്‍ സംഭവിച്ചവര്‍ക്കുള്ള നഷ്ടപരിഹാരം വേഗത്തില്‍ കൈമാറണമെന്ന് തഹസില്‍ദാര്‍മാര്‍ക്ക് കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ്, സബ്കളക്ടര്‍ അശ്വതി ശ്രീനിവാസ്, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ വി. ജയമോഹൻ, വിവിധ ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.












