Home ഇന്ത്യ ചാന്ദ്രയാന്‍ 3 കൗണ്ട്‌ഡൗണ്‍ ഇന്ന്‌ ; വിക്ഷേപണം നാളെ

ചാന്ദ്രയാന്‍ 3 കൗണ്ട്‌ഡൗണ്‍ ഇന്ന്‌ ; വിക്ഷേപണം നാളെ

298
0

തിരുവനന്തപുരം ഐഎസ്‌ആര്‍ഒയുടെ മൂന്നാം ചാന്ദ്രദൗത്യമായ ചാന്ദ്രയാൻ 3 വിക്ഷേപണം വെള്ളിയാഴ്ച. ഇതിനു മുന്നോടിയായുള്ള കൗണ്ട്ഡൗണ്‍ വ്യാഴം പകല്‍ ഒന്നിന് ആരംഭിക്കും. തുടര്‍ന്ന് റോക്കറ്റില്‍ ഇന്ധനം നിറയ്ക്കും. ബുധനാഴ്ച ശ്രീഹരിക്കോട്ട സതീഷ് ധവാൻ സ്പെയ്സ് സെന്ററില്‍ നടന്ന ഉന്നതതലയോഗം വിക്ഷേപണത്തിനുള്ള അന്തിമാനുമതി നല്‍കി. വെള്ളി പകല്‍ 2.35ന് രണ്ടാമത്തെ വിക്ഷേപണത്തറയില്‍നിന്ന് പേടകവുമായി എല്‍വിഎം 3 റോക്കറ്റ് കുതിക്കും. പതിനാറാം മിനിറ്റില്‍ പേടകം ഭൂമിക്കടുത്തുള്ള താല്‍ക്കാലിക ഭ്രമണപഥത്തിലെത്തും. 170 –-37,000 കിലോമീറ്റര്‍ ദീര്‍ഘവൃത്താകൃതിയിലുള്ള പഥത്തിലായിരിക്കും പേടകം ഭൂമിയെ ചുറ്റുക. അഞ്ചു ഘട്ടമായി പഥം ഉയര്‍ത്തിയശേഷമാകും ചന്ദ്രനിലേക്ക് പേടകത്തെ തൊടുത്തുവിടുക.

ആഗസ്ത് മൂന്നാംവാരം ചാന്ദ്രയാൻ പേടകം ചന്ദ്രന്റെ ആകര്‍ഷണവലയത്തില്‍ കടക്കും. പിന്നീട് പേടകത്തിലെ ത്രസ്റ്ററുകള്‍ ജ്വലിപ്പിച്ച്‌ പടിപടിയായി ചന്ദ്രന്റെ 100 കിലോമീറ്റര്‍ അടുത്തേക്ക് താഴ്ത്തും. 23നോ 24നോ ദക്ഷിണധ്രുവത്തില്‍ സോഫ്റ്റ് ലാൻഡ് ചെയ്യും. ലാൻഡറും റോവറുമടങ്ങുന്ന ദൗത്യത്തിന് രണ്ടാഴ്ചയാണ് കാലാവധി. വിക്ഷേപണത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ഐഎസ്‌ആര്‍ഒ ചെയര്‍മാൻ ഡോ. എസ് സോമനാഥ് അറിയിച്ചു. ഇക്കുറി ദൗത്യം പൂര്‍ണ വിജയമാകുമെന്ന ആത്മവിശ്വാസത്തിലാണ്. മുൻ ദൗത്യങ്ങളില്‍നിന്നുള്ള പാഠങ്ങള്‍ പഠിച്ച്‌ വേണ്ട മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സോഫ്റ്റ് ലാൻഡിങ് ചാന്ദ്രപ്രഭാതത്തില്‍

ചാന്ദ്രയാൻ 3 സോഫ്റ്റ്ലാൻഡ് ചെയ്യുക ‘ചാന്ദ്ര പ്രഭാത’ത്തില്‍. ചുരുങ്ങിയ സമയത്തിനുള്ളില്‍ പേടകത്തിന് ചെയ്യാനുള്ള ദൗത്യങ്ങള്‍ ഏറെ. സൗരോര്‍ജത്തെ ആശ്രയിച്ച്‌ പ്രവര്‍ത്തിക്കുന്ന പേടകത്തിന് അവിടെ ഓരോ നിമിഷവും പ്രധാനപ്പെട്ടതാണ്. ചന്ദ്രനില്‍ ഒരു പകല്‍ ഭൂമിയിലെ 14 ദിവസത്തിനു തുല്യമാണ്. പകല്‍ ആരംഭിക്കുന്ന സമയത്തുതന്നെ പേടകത്തെ ദക്ഷിണ ധ്രുവത്തില്‍ സോഫ്റ്റ്ലാൻഡ് ചെയ്യിക്കാനാണ് ശ്രമം. ആഗസ്ത് 23–24 തീയതികള്‍ തെരഞ്ഞെടുത്തത് ഇതിന്റെ ഭാഗമായാണ്. ലാൻഡറിലും റോവറിലുമുള്ള സൗരോര്‍ജ പാനലുകള്‍ പ്രവര്‍ത്തിക്കാൻ നല്ല സൂര്യപ്രകാശം ലഭിക്കണം. ഇതിനായി പാനലുകളുടെ വിസ്തൃതിയും ഊര്‍ജം ശേഖരിക്കാനുള്ള ശേഷിയും വര്‍ധിപ്പിച്ചിട്ടുണ്ട്. 14 ദിവസത്തെ പര്യവേക്ഷണ ദൗത്യമാണ് ലാൻഡറിനും റോവറിനും നിശ്ചയിച്ചിരിക്കുന്നത്. ചാന്ദ്ര പ്രതലം, അന്തരീക്ഷം എന്നിവയെപ്പറ്റിയുള്ള നിരവധി വിവരങ്ങള്‍ ശേഖരിച്ച്‌ ഭൂമിയിലേക്ക് അയക്കും.

ലൂണ വൈകി പുറപ്പെടും, നേരത്തേ എത്തും

റഷ്യയുടെ ലാൻഡര്‍ ലൂണ 25 യാത്ര പുറപ്പെടുന്നത് വൈകിയാണെങ്കിലും ചാന്ദ്രയാനേക്കാള്‍ നേരത്തേ ചന്ദ്രനില്‍ സോഫ്റ്റ് ലാൻഡ് ചെയ്യും. ഏറെക്കാലത്തിനുശേഷം റഷ്യൻ ബഹിരാകാശ ഏജൻസി നടത്തുന്ന ചാന്ദ്രദൗത്യത്തില്‍ ലാൻഡര്‍ മാത്രമാണുള്ളത്. ആഗസ്ത് 11ന് സോയൂസ് റോക്കറ്റില്‍ പേടകം കുതിക്കും. നേരിട്ട് ചന്ദ്രനിലേക്ക് തൊടുത്തുവിടുന്നതിനുള്ള സാങ്കേതികവിദ്യ ഉള്ളതിനാല്‍ വളരെവേഗം ലൂണയ്ക്ക് ചാന്ദ്രപഥത്തിലെത്താനാകും. (പടിപടിയായി പഥം ഉയര്‍ത്തിയാണ് ചാന്ദ്രയാനെ ചാന്ദ്രപഥത്തിലെത്തിക്കുന്നത്).

ദക്ഷിണ ധ്രുവത്തില്‍ ചാന്ദ്രയാൻ 3 ഇറങ്ങുന്നതിന് 100 കിലോമീറ്റര്‍ അടുത്താണ് ലൂണ ഇറങ്ങുന്നത്. ചാന്ദ്രയാൻ ഇറങ്ങുന്നതിന് മണിക്കൂറുകള്‍ക്കുമുമ്ബേ ആയിരിക്കുമിത്. ഒരു വര്‍ഷത്തോളം പര്യവേക്ഷണം നടത്താനുള്ള സാങ്കേതിക സംവിധാനങ്ങള്‍ ലൂണയിലുണ്ട്. ചന്ദ്രനെ ‘മണത്തറിയാനു’ള്ള ലക്ഷ്യവുമായി ജപ്പാൻ സ്പെയ്സ് ഏജൻസി ആഗസ്തില്‍ സ്മാര്‍ട്ട് ലാൻഡര്‍ (സ്ലിം) വിക്ഷേപിക്കുന്നുണ്ട്. ചാന്ദ്രയാൻ 2ന്റെ ഭാഗമായുള്ള ഓര്‍ബിറ്റര്‍, നാസ, ചൈന എന്നിവയുടെ ദൗത്യങ്ങള്‍ നിലവില്‍ പര്യവേക്ഷണം തുടരുന്നുണ്ട്.

Previous articleസംസ്ഥാനത്ത് ഇന്നും മഴ ; ആറ് ജില്ലകളില്‍ അലര്‍ട്ട് ; മൂന്ന് ജില്ലകളിലെ ദുരിതാശ്വാസ ക്യാമ്ബുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് ഇന്ന് അവധി
Next articleഅപകടകരമായ മരങ്ങള്‍ മുറിച്ചുമാറ്റണം ; മന്ത്രി ആന്റണി രാജു ; മഴക്കാല മുന്നൊരുക്ക അവലോകനയോഗം

Leave a Reply