Home യൂറോപ്പ് അയർലണ്ടിന് സ്ഥിരമായി ഒരു ക്രിക്കറ്റ് സ്റ്റേഡിയം എന്ന സ്വപ്നം പൂവണിയുന്നു; Abbottstown-ൽ നിർമ്മാണം അതിവേഗത്തിൽ

അയർലണ്ടിന് സ്ഥിരമായി ഒരു ക്രിക്കറ്റ് സ്റ്റേഡിയം എന്ന സ്വപ്നം പൂവണിയുന്നു; Abbottstown-ൽ നിർമ്മാണം അതിവേഗത്തിൽ

60
0

2030 ക്രിക്കറ്റ് വേള്‍ഡ് കപ്പിന് മുന്നോടിയായി അയര്‍ലണ്ടില്‍ പുതിയ നാഷണൽ ക്രിക്കറ്റ് സെന്റർ സ്റ്റേഡിയത്തിന്റെ നിര്‍മ്മാണം പുരോഗമിക്കുന്നു. ഇംഗ്ലണ്ട്, വെയില്‍സ്, സ്‌കോട്‌ലണ്ട് എന്നിവര്‍ക്ക് പുറമെ അയര്‍ലണ്ടും കൂടി ചേര്‍ന്നാണ് 2030-ലെ പുരുഷ ക്രിക്കറ്റ് വേള്‍ഡ് കപ്പിന് വേദിയൊരുക്കുന്നത്. ഫിന്‍ഗാളിലെ Abbottstown-ല്‍ നിര്‍മ്മാണം നടക്കുന്ന സ്റ്റേഡിയത്തിന്റെ പ്രധാന ഫണ്ടിങ് നടത്തുന്നത് സര്‍ക്കാര്‍ തന്നെയാണ്. 4,240 പേര്‍ക്ക് സ്ഥിരമായി ഇരിക്കാവുന്ന സ്റ്റേഡിയത്തിന്റെ കപ്പാസിറ്റി ആവശ്യമെങ്കില്‍ 12,000 വരെ ഉയര്‍ത്താവുന്നതുമാണ്. രാജ്യത്ത് സ്ഥിരമായി ഒരു ക്രിക്കറ്റ് സ്‌റ്റേഡിയം എന്നതാണ് Abbottstown സ്‌റ്റേഡിയത്തിന്റെ പ്രസക്തി. ഇടയ്ക്ക് കാലതാമസം നേരിട്ടെങ്കിലും നിര്‍മ്മാണം പുരോഗമിക്കുകയാണെന്നും, തീരുമാനിച്ച സമയത്തു തന്നെ നിര്‍മ്മാണം പൂര്‍ത്തിയാകുമെന്നും ക്രിക്കറ്റ് അയര്‍ലണ്ട് ചീഫ് എക്‌സിക്യുട്ടീവായ സാറ കീന്‍ പറഞ്ഞു. കണ്‍സ്ട്രക്ഷന്‍ കമ്പനിയായ ജോണ്‍ സിസ്‌ക് ആണ് സ്‌റ്റേഡിയത്തിന്റെ നിര്‍മ്മാണം ഏറ്റെടുത്തിരിക്കുന്നത്.

രണ്ട് ഘട്ടമായി നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. ആദ്യ ഘട്ടത്തില്‍ ഇരിപ്പിടങ്ങള്‍, ഹൈ പെര്‍ഫോമന്‍സ് സെന്റര്‍, പവിലിയന്‍ എന്നിവ പൂര്‍ത്തിയാക്കും. വേള്‍ഡ് കപ്പിന് മുന്നോടിയായി സ്റ്റേഡിയം 2029-ഓടെ ടെസ്റ്റിങ് നടത്തുമെന്നും കീന്‍ പറഞ്ഞു. അയര്‍ലണ്ടിന്റെ ക്രിക്കറ്റ് മേഖലയ്ക്ക് വലിയൊരു മുതല്‍ക്കൂട്ടാകും പുതിയ സ്ഥിരമായ സ്റ്റേഡിയമെന്നും കരുതുന്നു. നിലവില്‍ താല്‍ക്കാലിക സ്റ്റേഡിയങ്ങള്‍ക്കായി വലിയ തുകയാണ് ക്രിക്കറ്റ് അയര്‍ലണ്ടിന് വഹിക്കേണ്ടി വരുന്നത്. നിലവില്‍ Malahide, Clontarf, Stormont, Bready എന്നീ സ്റ്റേഡിയങ്ങളാണ് അന്താരാഷ്ട്ര മത്സരങ്ങള്‍ക്കായി പുരുഷ, വനിതാ ടീമുകള്‍ ഉപയോഗിക്കുന്നത്. ക്രിക്കറ്റിന് പുറമെ മറ്റ് കായിക ഇനങ്ങള്‍ക്ക് വേണ്ടിയും സ്‌റ്റേഡിയം ഉപയോഗിക്കാന്‍ പദ്ധതിയുണ്ട്. 2029-ല്‍ ഇംഗ്ലണ്ടിന് എതിരായ അന്താരാഷ്ട്ര മത്സരത്തോടെയാകും സ്‌റ്റേഡിയം ഉദ്ഘാടനം നടക്കുക.

Previous articleഅയർലണ്ടിൽ 16 വയസിന് താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ നിരോധനം ഏർപ്പെടുത്താൻ സർക്കാർ
Next articleഅമൃത സുരേഷിന്റെ ‘അമൃതം ഗമയ’ സംഗീത നിശ ഡബ്ലിനിൽ

Leave a Reply