Home ഇന്ത്യ സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രി ; ഒ.ജെ. ജനീഷ് സത്യപ്രതിജ്ഞ ചെയ്തു

സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രി ; ഒ.ജെ. ജനീഷ് സത്യപ്രതിജ്ഞ ചെയ്തു

50
0

തൃശ്ശൂരിനെ അമ്പരപ്പിച്ച് അപ്രതീക്ഷിത മന്ത്രി. ജില്ലയിൽ കെ.എസ്.യു., യൂത്ത് കോൺഗ്രസ് എന്നിവയ്ക്ക് നേതൃത്വം നൽകി നാട്ടുകാർക്ക് പരിചിതനായ ഒ.ജെ. ജനീഷിനാണ് അത്യസുലഭമായ നിയോഗം. ഏറ്റവും ഒടുവിലാണ് ജനീഷിന്റെ മന്ത്രിസ്ഥാനം തീരുമാനിച്ചത്. തൃശ്ശൂരിന് മന്ത്രിയില്ലെന്ന നിലയിൽ ആശങ്ക നിലനിൽക്കേയാണ് അപ്രതീക്ഷിത നീക്കം. കൊടുങ്ങല്ലൂർ മണ്ഡലത്തിൽ ഇത്തവണ അട്ടിമറി വിജയം േനടിയ ജനീഷ് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റുമാണ്. ജനീഷ് നിയമസഭയിൽ പുതുമുഖമാണ്. ജില്ലയിൽനിന്ന് ജയിച്ച മൂന്നു കോൺഗ്രസ് സ്ഥാനാർഥികളിൽ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി.

ജനീഷിന്റെ രാഷ്ട്രീയജീവിതത്തിലെ ഏറ്റവും ശ്രദ്ധേയ ഇടപെടലുകളിലൊന്നായിരുന്നു പാലിയേക്കര ടോൾ പ്ലാസയ്ക്കെതിരായ സമരം. ഹൈക്കോടതി മുതൽ സുപ്രീംകോടതി വരെ നീണ്ട ആ നിയമയുദ്ധത്തിലൂടെ ടോൾപിരിവിലെ ക്രമക്കേടുകൾക്കെതിരേ ശക്തമായ വിധി സമ്പാദിച്ചു. ജനകീയസമരങ്ങളെ കേസുകൾകൊണ്ട് നേരിടാനായിരുന്നു ഭരണകൂടശ്രമം. നവകേരളസദസ്സിനെതിരേയുള്ള പ്രതിഷേധത്തിൽ 21 ദിവസം ജയിൽവാസം അനുഭവിച്ചു. പാഠപുസ്തകസമരം ഉൾപ്പെടെയുള്ള വിവിധ സമരങ്ങളിൽ പങ്കെടുത്തതിന്റെ പേരിൽ എഴുപതോളം കേസുകളാണ് നിലവിലുള്ളത്. സമരങ്ങളുടെ പേരിലുള്ള േകസുകൾ കാരണം പാസ്പോർട്ട് തടയുന്നതടക്കം വെല്ലുവിളി നേരിടുന്നുണ്ട്. കൊടുങ്ങല്ലൂർ കോട്ട പിടിച്ചു കൊടുങ്ങല്ലൂർ ഇടതുകോട്ടയാണെന്നും അത് തകർക്കാൻ പഴയ മുഖങ്ങൾക്കുപോലുമാകില്ലെന്ന എൽ.ഡി.എഫിന്റെ വിശ്വാസമാണ് ഒ.ജെ. ജനീഷെന്ന കന്നിക്കാരൻ തകർത്തത്.

രണ്ടുതവണ തുടർച്ചയായി സി.പി.െഎ.യുടെ എം.എൽ.എ. ആയ വി.ആർ. സുനിൽകുമാറിനെയാണ് പരാജയപ്പെടുത്തിയത്. ഒരുപക്ഷേ, ജനീഷ് പോലും പ്രതീക്ഷിച്ച വിജയമായിരുന്നില്ല. എല്ലാം അപ്രതീക്ഷിതം. വി.ഡി. സതീശൻ മന്ത്രിസഭയിൽ അവസാനനിമിഷം ഇടം നേടിയതും അതുപോലെത്തന്നെ. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റാണെങ്കിലും മന്ത്രിസഭയിലെത്തുമെന്ന് ജനീഷ് പ്രതീക്ഷിച്ചിരുന്നില്ല. അതിനാൽ, തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്ക് ഒരുക്കം നടത്തിയതുമില്ല. വിളിയെത്തിയപ്പോൾ കൈയിൽ കിട്ടിയ വസ്ത്രമണിഞ്ഞ് കാറിൽ പുറപ്പെട്ടു. കുറച്ചങ്ങെത്തിയപ്പോഴാണ് മന്ത്രിസ്ഥാനം ഉറപ്പാണെന്നറിഞ്ഞത്. ആശ്ചര്യമായി. വലിയ സ്ഥാനമല്ലേ. ചുമതലയേറ്റെടുക്കുന്ന ചടങ്ങ് കുടുംബാംഗങ്ങളും കാണണമല്ലോ. എല്ലാവരും പുറപ്പെടാൻ പറഞ്ഞപ്പോൾ വൈകുന്നേരമായി. വിളിയെത്തിയതോടെ വീട്ടുകാരും തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു.

കൊടുങ്ങല്ലൂർ മണ്ഡലത്തിലെ ആദ്യമന്ത്രി കൊടുങ്ങല്ലൂർ നഗരസഭയും പഴയ മാള മണ്ഡലത്തിലെ വെള്ളാങ്ങല്ലൂർ, പുത്തൻചിറ, മാള, പൊയ്യ, കുഴൂർ, അന്നമനട പഞ്ചായത്തുകളും ചേർന്ന കൊടുങ്ങല്ലൂർ മണ്ഡലത്തിലെ ആദ്യമന്ത്രിയാണ് ഒ.ജെ. ജനീഷ്. പുതിയ കൊടുങ്ങല്ലൂർ മണ്ഡലം രൂപംകൊണ്ടശേഷം 2011-ൽ നടന്ന ആദ്യ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിലെ ടി.എൻ. പ്രതാപനും, 2016-ലും 2021-ലും എൽ.ഡി.എഫിലെ വി.ആർ. സുനിൽകുമാറും ഇവിടെനിന്ന്‌ എം.എൽ.എ.മാരായെങ്കിലും മന്ത്രിമാരാകാൻ കഴിഞ്ഞില്ല. എൽ.ഡി.എഫിലെ വി.ആർ. സുനിൽകുമാറിനെ പരാജയപ്പെടുത്തിയാണ് ഇത്തവണ ജനീഷ് വിജയിച്ചത്.

Previous article“വടശ്ശേരി ദാമോദര മേനോൻ സതീശനെന്ന ഞാൻ ” ; അധികാരമേറ്റ് ടീം വി.ഡി. സതീശൻ
Next articleവി.ഡി.എസ് സർക്കാരിന് ആശംസകളുമായി രേവന്ത് റെഡ്ഡി!

Leave a Reply