Home ഇന്ത്യ പൊതുവിദ്യാഭ്യാസത്തിന് ദേശീയ അംഗീകാരം ; കേരളത്തിന് മികച്ച നേട്ടം

പൊതുവിദ്യാഭ്യാസത്തിന് ദേശീയ അംഗീകാരം ; കേരളത്തിന് മികച്ച നേട്ടം

48
0

തിരുവനന്തപുരം : രാജ്യത്തെ പൊതുവിദ്യാഭ്യാസ മേഖലയുടെ ഗുണനിലവാരം വിലയിരുത്തുന്ന കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പെർഫോമൻസ് ഗ്രേഡിംഗ് ഇൻഡക്സിൽ (PGI) കേരളത്തിന് മികച്ച നേട്ടം. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് സ്‌കോറിലും ഗ്രേഡിലും വലിയ മുന്നേറ്റം നടത്തിയ സംസ്ഥാനം ‘പ്രചേസ്ത-2’ പദവിയിലേക്ക് ഉയർന്നതായി മുൻ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മാതൃകയ്ക്കുള്ള ദേശീയ അംഗീകാരമാണിതെന്നും അഭിമാനകരമായ നേട്ടമാണിതെന്നും അദ്ദേഹം ഫെയ്‌സ്‌ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.

​2024-25 അധ്യയന വർഷത്തെ കണക്കുകൾ പ്രകാരം കേരളം 687.7 എന്ന മികച്ച സ്കോറാണ് കരസ്ഥമാക്കിയത്. കഴിഞ്ഞ വർഷം ഇത് 594.2 ആയിരുന്നു. കേവലം ഒരു വർഷത്തിനുള്ളിൽ 93.5 പോയിന്റിന്റെ വൻ വർധനവാണ് സംസ്ഥാനം കൈവരിച്ചത്. ഈ കുതിച്ചുചാട്ടമാണ് ഗ്രേഡിംഗിലും വലിയ മാറ്റമുണ്ടാക്കിയത്. കഴിഞ്ഞ തവണ ‘പ്രചേസ്ത-3’ വിഭാഗത്തിലായിരുന്ന കേരളം, ഇത്തവണത്തെ മികവോടെ ഉന്നത ഗ്രേഡായ ‘പ്രചേസ്ത-2’ പട്ടികയിൽ ഇടംപിടിച്ചു. വിദ്യാഭ്യാസ സൗകര്യങ്ങൾ, പഠന നിലവാരം, തുല്യത തുടങ്ങിയ വിവിധ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് കേന്ദ്രം ഈ റാങ്കിംഗ് നിശ്ചയിക്കുന്നത്.

​സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിലും ഡിജിറ്റൽ പഠന സംവിധാനങ്ങൾ നടപ്പിലാക്കുന്നതിലും കേരളം തുടരുന്ന മാതൃകാപരമായ പ്രവർത്തനങ്ങളാണ് ഈ അംഗീകാരത്തിന് പിന്നിലെന്ന് വി. ശിവൻകുട്ടി ചൂണ്ടിക്കാട്ടി. കേന്ദ്ര സർക്കാർ നിശ്ചയിച്ചിട്ടുള്ള കർശനമായ മാനദണ്ഡങ്ങളിൽ ഇത്രയും വലിയ സ്കോർ വർധനവ് നേടിയത് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ വിജയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വരും വർഷങ്ങളിൽ കൂടുതൽ മികച്ച സ്കോർ നേടി ഗ്രേഡിംഗിൽ ഒന്നാമതെത്താനുള്ള ലക്ഷ്യത്തോടെയാകും വരും നടപടികളെന്നും അദ്ദേഹം വ്യക്തമാക്കി.

Previous articleഇന്റര്‍നാഷണല്‍ പ്രയര്‍ ലൈന്‍ പന്ത്രണ്ടാം വാര്‍ഷികം ആഘോഷിച്ചു.
Next article​മുഖ്യമന്ത്രി പ്രഖ്യാപനം നീളുന്നതിൽ മുസ്ലിം ലീഗിന് അതൃപ്തി ; പാണക്കാട്ട് ഇന്ന് അടിയന്തര നേതൃയോഗം

Leave a Reply