Home ഇന്ത്യ ​മുഖ്യമന്ത്രി പ്രഖ്യാപനം നീളുന്നതിൽ മുസ്ലിം ലീഗിന് അതൃപ്തി ; പാണക്കാട്ട് ഇന്ന് അടിയന്തര നേതൃയോഗം

​മുഖ്യമന്ത്രി പ്രഖ്യാപനം നീളുന്നതിൽ മുസ്ലിം ലീഗിന് അതൃപ്തി ; പാണക്കാട്ട് ഇന്ന് അടിയന്തര നേതൃയോഗം

57
0

മലപ്പുറം : സംസ്ഥാനത്ത് യു.ഡി.എഫ് വൻ വിജയം നേടിയിട്ടും മുഖ്യമന്ത്രിയെ നിശ്ചയിക്കുന്ന കാര്യത്തിൽ കോൺഗ്രസ് പുലർത്തുന്ന കാലതാമസത്തിൽ അതൃപ്തി പരസ്യമാക്കി മുസ്ലിം ലീഗ്. ഈ പശ്ചാത്തലത്തിൽ ലീഗിന്റെ അടിയന്തര നേതൃയോഗം ഇന്ന് രാവിലെ പത്തിന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ വസതിയിൽ ചേരും. പാണക്കാട് തങ്ങൾക്ക് പുറമെ എട്ട് ഉന്നത നേതാക്കൾ പങ്കെടുക്കുന്ന യോഗത്തിൽ, മുഖ്യമന്ത്രിയെ സംബന്ധിച്ച അനിശ്ചിതത്വവും ലീഗിന്റെ മന്ത്രിസ്ഥാനങ്ങളും പ്രധാന ചർച്ചാവിഷയമാകും.

​102 സീറ്റുകൾ നേടി മുന്നണി അധികാരത്തിലേക്ക് വരുമ്പോൾ ജനവികാരം മാനിക്കാതെ കോൺഗ്രസ് ഗ്രൂപ്പ് സമവാക്യങ്ങൾക്ക് പിന്നാലെ പോകുന്നത് ശരിയല്ലെന്ന നിലപാടിലാണ് ലീഗ്. വിജയത്തിന് ചുക്കാൻ പിടിച്ച വി.ഡി. സതീശനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിന്തുണയ്ക്കുന്ന ലീഗ് നേതൃത്വം, തീരുമാനങ്ങൾ നീണ്ടുപോകുന്നത് അണികളുടെ ആഹ്ലാദപ്രകടനങ്ങളെപ്പോലും ബാധിച്ചതായി വിലയിരുത്തുന്നു. മുഖ്യമന്ത്രിയെ പ്രഖ്യാപിച്ച ശേഷം യോഗം ചേരാമെന്നായിരുന്നു നേരത്തെയുള്ള തീരുമാനമെങ്കിലും അനിശ്ചിതത്വം തുടരുന്നതിനാലാണ് യോഗം നേരത്തെയാക്കിയത്.

​പുതിയ സർക്കാരിന് മുന്നിൽ വിദ്യാഭ്യാസ മേഖലയിലെ പ്രതിസന്ധികൾ ഉൾപ്പെടെ നിരവധി ഭരണപരമായ വിഷയങ്ങൾ പരിഹരിക്കാനുണ്ടെന്ന് ലീഗ് ചൂണ്ടിക്കാട്ടുന്നു. പാഠപുസ്തക വിതരണം, എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷാ ഫലപ്രഖ്യാപനം തുടങ്ങിയ നിർണ്ണായക നടപടികൾ ഏകോപിപ്പിക്കാൻ എത്രയും വേഗം മന്ത്രിസഭ നിലവിൽ വരണമെന്നാണ് ലീഗിന്റെ ആവശ്യം. ലീഗ് കൈകാര്യം ചെയ്യേണ്ട വകുപ്പുകളെക്കുറിച്ചും എത്ര മന്ത്രിസ്ഥാനങ്ങൾ വേണമെന്നതിനെക്കുറിച്ചും ഇന്നത്തെ യോഗത്തിൽ ധാരണയുണ്ടാകും.

Previous articleപൊതുവിദ്യാഭ്യാസത്തിന് ദേശീയ അംഗീകാരം ; കേരളത്തിന് മികച്ച നേട്ടം
Next articleഇന്ധന ഉപഭോഗം കുറയ്ക്കുക ; അകമ്പടി വാഹനങ്ങള്‍ വെട്ടിക്കുറച്ച് പ്രധാനമന്ത്രി

Leave a Reply