ചെന്നൈ : തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ നടൻ വിജയിയുടെ തമിഴക വെട്രി കഴകം (ടി.വി.കെ) ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും കേവല ഭൂരിപക്ഷമില്ലാത്തത് സംസ്ഥാനത്തെ രാഷ്ട്രീയ പ്രതിസന്ധിയിലാക്കുന്നു. ഭരിക്കാനാവശ്യമായ 118 സീറ്റുകൾക്ക് പത്തു സീറ്റ് അകലെയാണ് വിജയിയുടെ പാർട്ടി. സഖ്യകക്ഷികളെ തേടി വിജയ് ചർച്ചകൾ സജീവമാക്കിയെങ്കിലും കൃത്യമായ ധാരണയാകാത്ത സാഹചര്യത്തിൽ, സംസ്ഥാനത്ത് വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്ന് സോഹോ സഹസ്ഥാപകൻ ശ്രീധർ വെമ്പു ആവശ്യപ്പെട്ടു.
നിലവിലെ സീറ്റ് നില അനുസരിച്ച് രൂപീകരിക്കുന്ന ഏത് സർക്കാരും അസ്ഥിരമായിരിക്കുമെന്ന് വെമ്പു എക്സിൽ കുറിച്ചു. വിവിധ സമ്മർദ്ദങ്ങൾ കാരണം സർക്കാർ സുഗമമായി മുന്നോട്ട് പോകില്ല. അതിനാൽ തമിഴ്‌നാട്ടിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുകയും തുടർന്ന് പുതിയ തിരഞ്ഞെടുപ്പ് നടത്തുകയുമാണ് വേണ്ടതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. രണ്ടാം വട്ടം തിരഞ്ഞെടുപ്പ് നടന്നാൽ ‘വോട്ടിന് പണം’ എന്ന രീതി കർശനമായി തടഞ്ഞാൽ വിജയ് വൻ ഭൂരിപക്ഷത്തോടെ അധികാരത്തിൽ വരുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
തിരഞ്ഞെടുപ്പിൽ ഡി.എം.കെ – എ.ഐ.എ.ഡി.എം.കെ സഖ്യം വിജയിയെ തടയാൻ ഒന്നിച്ചു പൊരുതട്ടെ എന്നും ബിജെപി ഒറ്റയ്ക്ക് മത്സരിക്കണമെന്നുമാണ് വെമ്പുവിന്റെ പക്ഷം. ഇത്തവണ 234-ൽ 108 സീറ്റുകളാണ് ടി.വി.കെ നേടിയത്. കേവല ഭൂരിപക്ഷത്തിന് 118 സീറ്റുകൾ വേണമെന്നിരിക്കെ, സ്വതന്ത്രരുടെയോ ചെറിയ പാർട്ടികളുടെയോ പിന്തുണയില്ലാതെ സർക്കാരുണ്ടാക്കാൻ വിജയിക്ക് സാധിക്കില്ല. ഈ സാഹചര്യത്തിൽ ജനവിധി വീണ്ടും തേടുന്നതാണ് ഉചിതമെന്ന് വെമ്പു വ്യക്തമാക്കുന്നു.
ഭൂരിപക്ഷം തികയ്ക്കാൻ 5 സീറ്റുകൾ നേടിയ കോൺഗ്രസിനെയും, വി.സി.കെ, സി.പി.ഐ, സി.പി.എം (രണ്ടു സീറ്റുകൾ വീതം) എന്നീ പാർട്ടികളെയും വിജയ് ഇതിനോടകം സമീപിച്ചിട്ടുണ്ട്. ബിജെപി സഖ്യകക്ഷിയായ പി.എം.കെ (4 സീറ്റുകൾ), എ.ഐ.എ.ഡി.എം.കെ എന്നിവരുമായും ടി.വി.കെ ചർച്ചകൾ നടത്തുന്നുണ്ടെന്നാണ് വിവരം. എന്നാൽ ഭരണകക്ഷിയായ ഡി.എം.കെ ഉൾപ്പെടെയുള്ളവർ ഇതിനെ എങ്ങനെ നേരിടുമെന്നതിനെ ആശ്രയിച്ചിരിക്കും തമിഴ് രാഷ്ട്രീയത്തിന്റെ ഭാവി.













