കാന്റര്‍ബറി: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയ്ക്ക് ചരിത്ര പ്രസിദ്ധമായ കാന്റര്‍ബറിയില്‍ പുതിയ മിഷന്‍. ഭാരത അപ്പോസ്തലനായ മാര്‍ത്തോമ്മാ ശ്ലീഹായുടെ നാമധേയത്തില്‍ മാര്‍ത്തോമാ ശ്ലീഹ മിഷന്‍ എന്ന് നാമകരണം ചെയ്തിരിക്കുന്ന മിഷന്റെ പ്രഖ്യാപനം നാളെ പന്ത്രണ്ടാം തീയതി വ്യാഴാഴ്ച വൈകുന്നേരം 5.30ന് നടക്കും. വിസ്റ്റബിള്‍ ഔര്‍ ലേഡി ഇമ്മാക്കുലേറ്റ് പള്ളിയില്‍ വച്ച് സീറോ മലബാര്‍ സഭയുടെ തലവന്‍ മാര്‍ റാഫേല്‍ തട്ടില്‍ പ്രഖ്യാപനം നിര്‍വഹിക്കും.
ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍, കെന്റ് ഏരിയ സഹായ മെത്രാന്‍ മാര്‍ പോള്‍ ഹെന്‍ഡ്രിക്‌സ് എന്നിവരുടെ സാനിധ്യത്തില്‍ ആണ് പ്രഖ്യാപനം. മിഷന്‍ ഡയറക്ടര്‍ ഫാ. ജോസ് അഞ്ചാനിക്കല്‍, കൈക്കാരന്‍മാര്‍, വിവിധ കമ്മറ്റികള്‍ എന്നിവരുടെ നേതൃത്വത്തില്‍ മിഷന്‍ പ്രഖ്യാപനത്തിനും പിതാക്കന്മാരെ സ്വീകരിക്കുവാനുമായി വിപുലമായ ഒരുക്കങ്ങള്‍ ആണ് നടന്നു വരുന്നത്.












