Home ഇന്ത്യ ഒടുവില്‍ കോട്ടയം ജോസഫ് ഗ്രൂപ്പിന്, മാണി വിഭാഗത്തിന് കനത്ത തിരിച്ചടി

ഒടുവില്‍ കോട്ടയം ജോസഫ് ഗ്രൂപ്പിന്, മാണി വിഭാഗത്തിന് കനത്ത തിരിച്ചടി

369
0

കോട്ടയം: കേരള കോണ്‍ഗ്രസുകാരുടെ പോരാട്ടം നടന്ന മണ്ഡലമായിരുന്നു ഇക്കുറി കോട്ടയം. 1977ന് ശേഷം കേരള കോണ്‍ഗ്രസ് നേർക്കുനേർ വന്ന തിരഞ്ഞെടുപ്പ് എന്ന പ്രത്യേകതയും ഇത്തവണയുണ്ടായിരുന്നു. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുമ്ബ് ജോസ് കെ മാണി മത്സരിക്കുമെന്ന് കരുതിയിരുന്നെങ്കിലും തോമസ് ചാഴിക്കാടനാണ് ഇക്കുറി നറുക്ക് വീണത്. പാർട്ടിയുടെ ഏക ലോക്‌സഭാ സീറ്റ് നിലനിർത്തേണ്ട സമ്മർദമുണ്ടായിരുന്നു. പ്രോഗ്രസ് റിപ്പോർട്ടുള്‍പ്പെടെ ജനങ്ങള്‍ക്ക് മുന്നില്‍ നിരത്തിയെങ്കിലും ഇക്കുറി ചാഴിക്കാടന് അനുകൂലമായില്ല. യുഡിഎഫ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച ആദ്യ മണ്ഡലമായിരുന്നു കോട്ടയം. കേരള കോണ്‍ഗ്രസിന്റെ ജോസഫ് പക്ഷ സ്ഥാനാർത്ഥിയായ ഫ്രാൻസിസ് ജോർജ് ഇത്തവണ മണ്ഡലം കീഴടക്കി. കേരള കോണ്‍ഗ്രസിന്റെ സ്ഥാപക നേതാവായ കെഎം ജോർജിന്റെ മകൻ കൂടിയാണ് ഫ്രാൻസിസ് ജോർജ്. 1999, 2004 ലോക്‌സഭാ തിരഞ്ഞെടുപ്പുകളില്‍ ഇടുക്കിയില്‍ നിന്ന് വിജയിച്ച ചരിത്രവും അദ്ദേഹത്തിനുണ്ട്.

സിറ്രിംഗ് എംപിയായ തോമസ് ചാഴിക്കാടനേക്കാള്‍ 86,750 വോട്ടുകള്‍ നേടിയാണ് ഫ്രാൻസിസ് ജോർജ് (358,646) മുന്നിലെത്തിയത്. 271,896 വോട്ടുകള്‍ നേടിയാണ് ചാഴിക്കാടൻ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്. 1,61,897 വോട്ടുകള്‍ ബിഡിജെഎസ് സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളി നേടിയതും ചാഴിക്കാടന് തിരിച്ചടിയായി. മാണി വിഭാഗത്തിന്റെ തട്ടകമായ കോട്ടയത്ത് ഏറ്റ തോല്‍വി മുന്നണിക്കുള്ളില്‍ പാര്‍ട്ടിയുടെ ശക്തിയും കുറയ്ക്കും. എംപി എന്ന നിലയില്‍ മികച്ച പ്രകടനം നടത്തിയ തോമസ് ചാഴികാടന് പക്ഷേ ഒരു ഘട്ടത്തിലും മുന്നിലേക്ക് വരാന്‍ കഴിഞ്ഞിരുന്നില്ല. 2019ല്‍ 1,06,259 വോട്ടുകള്‍ക്കാണ് ചാഴികാടന്‍ സിപിഎം സ്ഥാനാര്‍ത്ഥി വി എന്‍ വാസവനെ പരാജയപ്പെടുത്തിയത്. ഈ തോല്‍വി മുന്നണിക്കുള്ളില്‍ ജോസ് കെ മാണി വിഭാഗത്തിന്റെ വിലപേശല്‍ ശക്തി കാര്യമായി തന്നെ കുറയ്ക്കും. മുന്നണി മാറ്റത്തില്‍ ജോസ് കെ മാണിയെ സംബന്ധിച്ച്‌ ഇത് മറ്റൊരു തിരിച്ചടിയാണ്. പിതാവ് കെഎം മാണിയുടെ തട്ടകമായ പാലായില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ തോറ്റ ജോസിന് ഒരേയൊരു സീറ്റില്‍ ലോക്‌സഭയിലേക്ക് വിജയിക്കാന്‍ കഴിയാതെ വന്നതും രാഷ്ട്രീയമായി വലിയ തിരിച്ചടിയാണ്.

എന്നാല്‍, ജയത്തോടെ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം യുഡിഎഫ് മുന്നണിയില്‍ കൂടുതല്‍ ശക്തരാകും. അഭിമാനകരമായ ജയമാണ് അവരെ സംബന്ധിച്ച്‌ കോട്ടയത്തേത്. വരാനിരിക്കുന്ന രാജ്യസഭാ സീറ്റിലേക്ക് യുഡിഎഫില്‍ അവര്‍ അവകാശവാദം ഉന്നയിക്കും. എന്നാല്‍ ഇടത് മുന്നണിയില്‍ ജോസിന് വീണ്ടും സീറ്റ് നല്‍കാന്‍ സിപിഎം തയ്യാറായില്ലെങ്കില്‍ പാര്‍ലമെന്റില്‍ പ്രാതിനിധ്യമില്ലാത്ത പാര്‍ട്ടിയായി കേരള കോണ്‍ഗ്രസ് മാണി വിഭാഗം മാറും.

Previous articleയുഎസില്‍ കാറപകടത്തില്‍ മലയാളി വിദ്യാര്‍ത്ഥി മരിച്ചു
Next articleചരിത്ര വിജയം നേടി രാഹുല്‍ ഗാന്ധി: റായ്ബറേലിയില്‍ ഭൂരിപക്ഷം നാല് ലക്ഷത്തിലധികം

Leave a Reply