കൊച്ചി : സിനിമയുടെ വിവിധ മേഖലയില്‍ പ്രവർത്തിക്കുന്ന പ്രവാസി മലയാളി കലാകാരന്മാർക്കായ് ലോകത്തിലാദ്യമായ് ആഗോള തലത്തില്‍ ഹ്രസ്വ-ദീർഘ ചലച്ചിത്രങ്ങളുടെ ഒരു ഇന്റർനാഷനല്‍ മലയാളം ഫിലിം ഫെസ്റ്റിവല്‍ എല്ലാ വർഷവും ഓസ്‌ട്രേലിയയില്‍ സംഘടിപ്പിക്കാൻ തീരുമാനിച്ചു. നടൻ, എഴുത്തുകാരൻ, നിർമ്മാതാവ്, സംവിധായകൻ എന്നീ നിലകളില്‍ കഴിവ് തെളിയിച്ച ജോയ് കെ മാത്യുവിന്റെ നേതൃത്വത്തിലാണ് പരിപാടി ഒരുങ്ങുന്നത്. കേരളത്തിന് പുറത്ത് കഴിയുന്ന മലയാളികളായ കലാകാരന്മാരുടെ ഹ്രസ്വ-ദീര്‍ഘ ചിത്രങ്ങള്‍ ഓസ്‌ട്രേലിയയില്‍ മലയാളം ചലച്ചിത്ര മേളകളില്‍ ഉള്‍പ്പെടുത്തുക,കേരളത്തിന് പുറത്ത് കഴിയുന്ന മലയാളികള്‍ സിനിമയുടെ ചിത്രീകരണവുമായ് ബന്ധപ്പെട്ട് ഓസ്‌ട്രേലിയയിലേക്ക് എത്തുന്നുവെങ്കില്‍ ചിത്രീകരണത്തിനാവശ്യമായ എല്ലാ സൗകര്യങ്ങളും നല്‍കുക, കേരളത്തില്‍ പുതുമുഖങ്ങള്‍ക്കും പ്രവാസി കലാകാരന്മാർക്കും അവസരം നല്‍കി ചെറിയ ബഡ്ജറ്റില്‍ നിർമ്മിക്കുന്ന കുടുംബചിത്രങ്ങള്‍ ഓസ്‌ട്രേലിയയില്‍ സംഘടിപ്പിക്കുന്ന ചലച്ചിത്രമേളകളില്‍ പ്രദർശിപ്പിക്കുക എന്നിവയാണ് ഇന്റർനാഷനല്‍ മലയാളം ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഓസ്‌ട്രേലിയ (ഐ.എം.എഫ്.എഫ്.എ) ലക്ഷ്യമിടുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്കും ചിത്രങ്ങള്‍ അയക്കേണ്ടതുമായ ഇ-മെയില്‍ ausmalfilmindustry@gmail.com ചിത്രങ്ങള്‍ 2024 ജൂലൈ 30ന് മുൻപായ് അയക്കണം. 2024 മാർച്ച് 31ന് ഉള്ളില്‍ ഓസ്‌ട്രേലിയയില്‍ ചിത്രീകരിച്ച ഹ്രസ്വ-ദീർഘ മലയാള സിനിമകളാണ് ആദ്യ ഫെസ്റ്റിവലില്‍ ഉള്‍പ്പെടുത്തുന്നത്. മികച്ച ചിത്രത്തിന് മാത്രമാണ് ആദ്യ വർഷങ്ങളില്‍ പുരസ്‌കാരം നല്‍കുക. മലയാള സിനിമരംഗത്തെ പ്രശസ്തർ അടങ്ങിയ ജൂറിയാണ് വിജയികളെ തെരഞ്ഞെടുക്കുന്നത്. മികച്ച ചിത്രത്തിന്റെ സംവിധായകന് അല്ലെങ്കില്‍ നിർമാതാവിന് പ്രത്യേകം രൂപകല്പന ചെയ്ത ശില്‍പ്പവും ഫെസ്റ്റിവല്‍ വേദിയിലെത്താനുള്ള വിമാന ടിക്കറ്റും ഭക്ഷണ-താമസ സൗകര്യങ്ങളും ഐ.എം.എഫ്.എഫ്.എ. നല്‍കുമെന്ന് ജോയ് മാത്യു അറിയിച്ചു.













