Home യൂറോപ്പ് യുകെ കുടിയേറ്റം ഇനി എളുപ്പമല്ല ; കെയര്‍വര്‍ക്കര്‍മാര്‍ക്ക് പങ്കാളികളേയോ മക്കളേയോ കൂട്ടാനാകില്ല ; 5 പ്രധാന...

യുകെ കുടിയേറ്റം ഇനി എളുപ്പമല്ല ; കെയര്‍വര്‍ക്കര്‍മാര്‍ക്ക് പങ്കാളികളേയോ മക്കളേയോ കൂട്ടാനാകില്ല ; 5 പ്രധാന നിയന്ത്രണങ്ങള്‍

489
0

രാജ്യത്തേക്കുള്ള കുടിയേറ്റം കുറയ്ക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി യു.കെ. വിദേശത്തുനിന്ന് തൊഴില്‍ തേടി യു.കെ.യിലെത്തുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചതിനെത്തുടര്‍ന്നാണ് തീരുമാനം. വീസ നിയമങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുകയാണെന്നും ഇത് രാജ്യത്തിന് ഗുണകരമാകുമെന്നും യു.കെ പ്രധാനമന്ത്രി ഋഷി സുനക് അറിയിച്ചു. മറ്റു രാജ്യങ്ങളില്‍ നിന്ന് ജോലിക്കായി കുടിയേറുന്നവര്‍ക്ക് ഏറ്റവും കുറഞ്ഞ ശമ്ബള പരിധി ഉള്‍പ്പെടെയുള്ളവ നിശ്ചയിച്ചിട്ടുണ്ട്. “എക്കാലത്തെയും വലിയ കുടിയേറ്റ നിയന്ത്രങ്ങളാണ് ഞങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. മുൻപ് ഒരു പ്രധാനമന്ത്രിയും ഇങ്ങനെ ചെയ്തിട്ടില്ല”, ഋഷി സുനക് സമൂഹമാധ്യമമായ എക്സില്‍ കുറിച്ചു.

പുതിയ കുടിയേറ്റ നിയന്ത്രങ്ങള്‍ക്കൊപ്പം സ്റ്റുഡന്റ് വിസക്കൊപ്പമുള്ള ഡിപ്പൻഡൻ‍ഡ് വിസകളും കുറച്ചാല്‍, മുൻവര്‍ഷത്തെ അപേക്ഷിച്ച്‌, യുകെയില്‍ എത്തുന്നവരുടെ എണ്ണത്തില്‍ മൂന്ന് ലക്ഷത്തോളം കുറവുണ്ടാകുമെന്നും യുകെ പ്രധാനമന്ത്രി പറഞ്ഞു. 2024 ന്റെ ആദ്യ പകുതി മുതലായിരിക്കും യുകെ സര്‍ക്കാരിന്റെ പുതിയ ഫൈവ് പോയിന്റ് പ്ലാൻ (five-point plan) പ്രാബല്യത്തില്‍ വരിക. പുതിയ നിയന്ത്രണങ്ങള്‍ അനുസരിച്ച്‌ ഹെല്‍ത്ത് കെയര്‍ വര്‍ക്കര്‍മാര്‍ക്ക് ആശ്രിത വീസയില്‍ പങ്കാളിയെയോ മക്കളെയോ ഒപ്പം കൂട്ടാനാകില്ല. 2024 ഏപ്രില്‍ മുതലാണ് പുതിയ നിയന്ത്രണങ്ങള്‍. വിദേശികള്‍ക്ക് യുകെ വീസ ലഭിക്കാനുള്ള കുറഞ്ഞ ശമ്ബളം 26,200 പൗണ്ടില്‍ നിന്നു 38,700 പൗണ്ടായി ഉയര്‍ത്തി. ഫാമിലി വിസ ലഭിക്കാൻ 38,700 പൗണ്ട് വാര്‍ഷിക ശമ്ബളം വേണം.

ബ്രിട്ടനില്‍ പഠിക്കാനെത്തുന്ന വിദേശ വിദ്യാര്‍ഥികള്‍ക്കു കുടുംബാംഗങ്ങളെക്കൂടി കൊണ്ടുവരുന്നതില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം ജനുവരി 1 മുതല്‍ പ്രാബല്യത്തില്‍ വരാനിരിക്കേയാണ് പുതിയ നിയന്ത്രണങ്ങള്‍. പുതിയ നിയന്ത്രണങ്ങള്‍ ഇന്ത്യക്കാര്‍ക്കാകും ഏറ്റവുമധികം തിരിച്ചടിയാകുക.

താഴെ കൊടുത്തിരിക്കുന്നവയാണ് യുകെ സര്‍ക്കാര്‍ പുതിയതായി പ്രഖ്യാപിച്ച പ്രധാനപ്പെട്ട അഞ്ച് കുടിയേറ്റ നിയമങ്ങള്‍

1. ഡിപ്പൻ‍ഡൻസ് വിസക്കുള്ള നിയന്ത്രണം (Dependent restrictions)

യുകെയിലേക്ക് ഡിപ്പൻ‍ഡൻസ് വിസയില്‍ എത്തുന്നവരുടെ എണ്ണം നിയന്ത്രിച്ചുകൊണ്ട് കുടിയേറ്റം കുറയ്ക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കുടിയേറ്റം നിയന്ത്രിക്കുന്നതിനുള്ള നിര്‍ണായക നീക്കമാണിത്.

2. ശമ്ബള പരിധി ഉയര്‍ത്തല്‍ (Salary threshold increases)

മറ്റു രാജ്യങ്ങളില്‍ നിന്ന് ജോലിക്കായി കുടിയേറുന്നവര്‍ക്ക് ഏറ്റവും കുറഞ്ഞ ശമ്ബള പരിധിയും യുകെ സര്‍ക്കാര്‍ നിശ്ചയിച്ചു. ഇവര്‍ക്ക് സ്‌കില്‍ഡ് വിസ ലഭിക്കാനുള്ള ശമ്ബളപരിധി 26,200 പൗണ്ടില്‍ നിന്ന് 38,700 പൗണ്ടായി ഉയര്‍ത്തി. ഫാമിലി വിസയ്ക്ക് അപേക്ഷിക്കാനുള്ള ശമ്ബളപരിധിയും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. പുറത്തു നിന്നു വരുന്ന കുടുംബങ്ങളെ സ്പോണ്‍സര്‍ ചെയ്യുന്ന യുകെ പൗരരായവര്‍ക്കും ശമ്ബള പരിധി നിശ്ചയിക്കും.

3. ഹെല്‍ത്ത് കെയര്‍ വിസയിലുള്ള നിയന്ത്രണം (Health and Care Visa tightening)

മറ്റു രാജ്യങ്ങളില്‍ നിന്ന് യുകെയിലേക്ക് കുടിയേറുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഇനി മുതല്‍ ഡിപെൻഡന്റ്സായി ആളുകളെ കൊണ്ടുവരാൻ സാധിക്കില്ല. ആരോഗ്യമേഖലയില്‍ കെയര്‍ ക്വാളിറ്റി കമ്മീഷൻ അംഗീകരിച്ച ജോലികള്‍ ചെയ്യുന്നവര്‍ക്ക് മാത്രമേ കമ്ബനികളില്‍ നിന്ന് സ്‌പോണ്‍സര്‍ഷിപ്പ് ലഭിക്കുകയുള്ളൂ

4. ശമ്ബള പരിധിയിലെ ഇളവ് മാറ്റല്‍ (Crackdown on cut-price labour)

ജോലിക്ക് ആളെ ലഭിക്കാത്ത മേഖലകളില്‍ ശമ്ബള പരിധിയില്‍ 20 ശതമാനം ഇളവുനല്‍കുന്ന നിയമത്തിലും യുകെ സര്‍ക്കാര്‍ മാറ്റം വരുത്തി. ആളുകളെ ലഭിക്കാൻ ബുദ്ധിമുട്ടുള്ള ജോലികളുടെ പട്ടിക പ്രത്യേകമായി തയാറാക്കും.

5. സ്റ്റുഡന്റ് ഡിപ്പൻ‍ഡൻസ് വിസക്കുള്ള നിയന്ത്രണം (Student dependent restrictions)

പഠിക്കാനായി യുകെയില്‍ വരുന്നവരുടെ കൂടെ ഡിപെൻഡന്റ്സ് ആയി വരുന്നവരുടെ എണ്ണം കുറയ്ക്കാൻ ബ്രിട്ടീഷ് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. കുടിയേറ്റം കുറയ്ക്കാനുള്ള ഏറ്റവും പ്രധാനപ്പെട്ട നീക്കമായാണ് ഇതിനെ വിലയിരുത്തുന്നത്. 2023 ല്‍ സ്റ്റുഡന്റ് വിസക്കൊപ്പം എത്തിയവരുടെ ആശ്രിതര്‍ക്ക് 153,000 വിസകളാണ് യുകെ അനുവദിച്ചത്.

സ്‌കില്‍ഡ് വര്‍ക്കര്‍മാര്‍, മെഡിക്കല്‍ പ്രൊഫഷണലുകള്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരുള്‍പ്പെടെ നിരവധി വിസ വിഭാഗങ്ങളില്‍ ഇന്ത്യയില്‍ നിന്നാണ് കൂടുതല്‍ പേരും യുകെയിലേക്ക് എത്തുന്നത് എന്നതിനാല്‍ യുകെ സര്‍ക്കാരിന്റെ പുതിയ നിയന്ത്രണങ്ങള്‍ ഇന്ത്യക്കാര്‍ക്കും വലിയ തിരിച്ചടിയാകും.

Previous articleചിക്കാഗോ: പാസ്റ്റർ തോമസ് മാത്യു
Next articleകിംസ്ഹെല്‍ത്ത് ദോഹയില്‍ മൂന്നാമത്തെ മള്‍ട്ടി സ്പെഷ്യാലിറ്റി മെഡിക്കല്‍ സെന്റര്‍ തുറന്നു

Leave a Reply