യുഎസ്-ഇസ്രയേൽ ആക്രമണം രൂക്ഷമായി തന്നെ തുടരുമ്പോഴും ഇറാൻ ഗൾഫ് നഗരങ്ങളിൽ ആഞ്ഞടിച്ചു. തിങ്കളാഴ്ച്ച ദുബായ്, അബുദാബി, ദോഹ തുടങ്ങിയ വൻ നഗരങ്ങളിൽ വീണ്ടും പൊട്ടിത്തെറികൾ കേട്ടു. സൈനിക കേന്ദ്രങ്ങൾക്കും സിവിലിയൻ പ്രദേശങ്ങൾക്കും നേരെ ആക്രമണം ഉണ്ടായി. ബഹ്‌റൈനിൽ പുലർച്ചെ വൻ സ്ഫോടന ശബ്‌ദവും സൈറണുകളും കേട്ടതായി റിപ്പോർട്ടുണ്ട്. യുഎസ് ഫിഫ്‌ത് ഫ്‌ലീറ്റിന്റെ ആസ്ഥാനത്തിനു പുറത്തേക്കും ആക്രമണം വ്യാപിച്ചു. ഉയരമുള്ള കെട്ടിടങ്ങൾ, ആർഭാട ഹോട്ടലുകൾ, ഷോപ്പിംഗ് സെന്ററുകൾ, വിമാനത്താവളങ്ങൾ ഇവയൊക്കെ ലക്ഷ്യമായിട്ടുണ്ട്. ഗൾഫിലെ ഏറ്റവും ചെറിയ രാജ്യമാണ് ഏതാണ്ട് 75% ഷിയാ ഭൂരിപക്ഷമുള്ള ബഹ്‌റൈൻ. സൗദി അറേബ്യയിൽ റാസ് താനുറ റിഫൈനറിക്കു നേരെ ആക്രമണം ഉണ്ടായി. രണ്ടു ഡ്രോണുകൾ തടഞ്ഞുവെന്നു പ്രതിരോധ വകുപ്പ് പറഞ്ഞു. ആ ശ്രമത്തിൽ ചെറിയ തോതിൽ തീ പിടിത്തം ഉണ്ടായി. എന്നാൽ ആളപായമില്ല.
അബുദാബിയുടെ മുസാഫാ മേഖലയിൽ പൊട്ടിത്തെറിയുടെ അവശിഷ്ടങ്ങൾ ചിതറി വീണു. വ്യവസായ മേഖലയിൽ ആദ്യത്തെ ആക്രമണം ആയിരുന്നു. ആളപായമില്ലെന്നു അബുദാബി മീഡിയ ഓഫിസ് പറഞ്ഞു. അബുദാബിയുടെ ഇത്തിഹാദ് എയർവെയ്‌സ് ഫ്ലൈറ്റുകൾ നിർത്തിയത് ചൊവാഴ്ച്ച വരെ നീട്ടി. ഷാർജയിൽ എയർ അറേബ്യയും ഫ്ലൈറ്റുകൾ നിർത്തിയതായി അറിയിച്ചു. പ്രവാസികൾ ഏറെ ആശ്രയിക്കുന്ന എയർലൈൻ ദിവസേന കേരളത്തിലേക്ക് നാലഞ്ചു തവണ പറക്കുന്നുണ്ട്. ദുബായ്‌യുടെ എമിറേറ്റ്സ് ചൊവാഴ്ച്ച വരെക്കാണു നിർത്തിവച്ചിട്ടുള്ളത്. ഫ്ലൈ ദുബായ്‌യും പറക്കുന്നില്ല.
ദുബായ് സ്കൂളുകളൂം യൂണിവേഴ്സിറ്റികളും അടച്ചിട്ടു. പാർക്കുകളും തുറക്കുന്നില്ല. റാസ് അൽ ഖൈമയിലെ അൽ ഹംറ ഗ്രാമത്തിൽ ഡ്രോൺ തടഞ്ഞതിനെ തുടർന്നു ഡെബ്രി വീണത് ഭീതിയി ഉയർത്തി.
ജി സി സി അപലപിച്ചു
ഗൾഫ് രാജ്യങ്ങളുടെ സഹകരണ സമിതിയായ ജി സി സി ഇറാന്റെ ആക്രമണങ്ങളെ അപലപിച്ചു. നീചമായ ആക്രമണമാണ് അയൽ രാജ്യങ്ങൾക്കു നേരെ അവർ നടത്തുന്നതെന്നു ജി സി സി ചൂണ്ടിക്കാട്ടി. പ്രവാചകൻ മുഹമ്മദ് നബിയുടെ പരമ്പര ഭരിക്കുന്ന ജോര്ദാന് നേരെയും ആക്രമണം ഉണ്ടായി. ഈ രാജ്യങ്ങളുടെയെല്ലാം പരമാധികാരം ലംഘിക്കയാണ് ഇറാൻ ചെയ്യുന്നതെന്ന് ജി സി സി ചൂണ്ടിക്കാട്ടി. അത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ്, അയൽ രാജ്യങ്ങളോടുള്ള സൗഹാർദം അവഗണിക്കലാണ്.













