Home ഇന്ത്യ സമ്പദ്ഘടന സുന്ദരമെന്ന് നിര്‍മല ; ജനങ്ങള്‍ ദുരിതത്തിലെന്നു ചിദംബരം

സമ്പദ്ഘടന സുന്ദരമെന്ന് നിര്‍മല ; ജനങ്ങള്‍ ദുരിതത്തിലെന്നു ചിദംബരം

421
0

ജോര്‍ജ് കള്ളിവയലില്‍ ന്യൂഡല്‍ഹി : ഇന്ത്യൻ സന്പദ്ഘടന ലോകത്തില്‍ ഏറ്റവും വേഗത്തില്‍ വളരുകയാണെന്നും കഴിഞ്ഞ പാദത്തില്‍ 7.6% ജിഡിപി വളര്‍ച്ചാനിരക്ക് രേഖപ്പെടുത്തിയെന്നും കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമൻ. കഴിഞ്ഞ രണ്ടു സാന്പത്തിക വര്‍ഷങ്ങളില്‍ വാണിജ്യ ബാങ്കുകളിലെ നിഷ്ക്രിയ ആസ്തി (എൻപിഎ) അക്കൗണ്ടുകളുടെ എണ്ണം 2.19 കോടിയില്‍നിന്ന് 2.06 കോടിയായും മൊത്തം കുടിശിക 7.41 ലക്ഷം കോടിയില്‍നിന്ന് 5.72 ലക്ഷം കോടിയായി കുറഞ്ഞുവെന്നും മന്ത്രി പറഞ്ഞു. എന്നാല്‍, സാന്പത്തികവളര്‍ച്ച കര്‍ഷകരും തൊഴിലാളികളും അടങ്ങുന്ന സാധാരണക്കാരുടെ ജീവിതം കൂടുതല്‍ ദുഃസഹമായിരിക്കുകയാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. ദരിദ്രരും സന്പന്നരും തമ്മിലുള്ള അകലം കൂടി വരികയാണെന്ന് മുൻ ധനമന്ത്രി പി. ചിദംബരം ചൂണ്ടിക്കാട്ടി. രാജ്യത്തെ സാന്പത്തിക സ്ഥിതിയെക്കുറിച്ച്‌ ഇന്നലെ രാജ്യസഭയില്‍ നടന്ന പ്രത്യേക ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു മന്ത്രിയും എംപിമാരും.

കേരളം അടക്കമുള്ള ബിജെപി ഇതര സംസ്ഥാനങ്ങളെ കേന്ദ്രം അവഗണിക്കുകയാണെന്ന് ചര്‍ച്ചയില്‍ സംസാരിച്ച സിപിഎം നേതാവ് എളമരം കരീം, കേരള കോണ്‍ഗ്രസ്-എം ചെയര്‍മാൻ ജോസ് കെ. മാണി, മുസ്‌ലിം ലീഗിലെ പി.വി. അബ്ദുള്‍ വഹാബ് തുടങ്ങിയവര്‍ ആരോപിച്ചു. 23 കോടി ഇന്ത്യക്കാര്‍ ഇപ്പോഴും കൊടിയ ദാരിദ്യ്രത്തിലാണെന്നു പി.ചിദംബരം ചിദംബരം പറഞ്ഞു. രാജ്യത്തെ ഏറ്റവും താഴെയുള്ള 50 ശതമാനം ആളുകള്‍ക്ക് ദേശീയ സന്പത്തിന്‍റെ മൂന്നു ശതമാനം മാത്രമേ ഉള്ളൂ. മൊത്ത വരുമാനത്തിന്‍റെ വെറും 13 ശതമാനം മാത്രമാണ് പകുതിയിലേറെ ജനത്തിനുള്ളത്. സന്പന്നരായ അഞ്ചു ശതമാനത്തിനാണ് വരുമാനത്തിന്‍റെ 60 ശതമാനം. ഇവരില്‍ത്തന്നെ ഒരു ശതമാനം അതിസന്പന്നരുടെ പക്കലാണ് 22 ശതമാനം വരുമാനവുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മേക്ക് ഇൻ ഇന്ത്യയെന്നു പറയുന്പോഴും ഡല്‍ഹിയിലെ ചാന്ദ്നി ചൗക്ക് അടക്കമുള്ള മാര്‍ക്കറ്റുകളിലെ 90 ശതമാനം സാധനങ്ങളും ചൈനീസ് നിര്‍മിതമാണെന്ന് എഎപിയിലെ അശോക് കുമാര്‍ മിത്തര്‍ പരിഹസിച്ചു.

692.89 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി

സാന്പത്തിക തട്ടിപ്പുകാരുടെ 692.89 കോടി രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടിയിട്ടുണ്ടെന്ന് ധനമന്ത്രി നിര്‍മലാ സീതാരാമൻ അറിയിച്ചു. 2018ലെ ഫ്യുജിറ്റീവ് ഇക്കണോമിക് ഒഫൻഡേഴ്സ് നിയമത്തിന്‍റെ വകുപ്പുകള്‍ പ്രകാരമാണിത്. യൂണിറ്റി സ്മോള്‍ ഫിനാൻസ് ബാങ്കുമായി ലയിപ്പിച്ച പഞ്ചാബ് ആൻഡ് മഹാരാഷ്‌ട്ര സഹകരണ ബാങ്ക് വിവിധ ഏജൻസികളുടെ സഹകരണത്തോടെ 104.02 കോടി രൂപ തിരിച്ചുപിടിച്ചതായും മന്ത്രി പാര്‍ലമെന്‍റിനെ അറിയിച്ചു.

24,000 കോടിയുടെ ജിഎസ്ടി നികുതി വെട്ടിപ്പു കണ്ടെത്തി

ന്യൂഡല്‍ഹി: രണ്ടു മാസം കൊണ്ട് 21,791 വ്യാജ ജിഎസ്ടി രജിസ്ട്രേഷനുകളും 24,000 കോടി രൂപയുടെ നികുതി വെട്ടിപ്പും കണ്ടെത്തിയതായി ധനമന്ത്രി നിര്‍മല സീതാരാമൻ. സത്യസന്ധമായ നികുതിദായകരെ ബുദ്ധിമുട്ടിക്കരുതെന്നു നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി രാജ്യസഭയെ അറിയിച്ചു. ഇ-കൊമേഴ്സ് രജിസ്ട്രേഷനുള്ള നടപടിക്രമങ്ങള്‍ ലളിതമാക്കിയെന്നു നിര്‍മല പറഞ്ഞു. ബിസിനസ്് സ്ഥലത്തിന്‍റെ വിശദാംശങ്ങള്‍ നല്‍കിക്കൊണ്ട് നേരിട്ട് സാന്നിധ്യമില്ലാത്ത ഇതര സംസ്ഥാനങ്ങളിലും ഇ-കൊമേഴ്സ് രജിസ്ട്രേഷനായി അപേക്ഷിക്കാം. ബയോമെട്രിക് സംവിധാനത്തിലൂടെ ആധാര്‍ അടക്കമുള്ള രേഖകള്‍ രജിസ്ട്രേഷൻ പ്രക്രിയ ശക്തിപ്പെടുത്തും. ഇതിനുള്ള പരീക്ഷണ പദ്ധതി ഗുജറാത്തിലും പുതുച്ചേരിയിലും ആന്ധ്രാപ്രദേശിലും ആരംഭിച്ചു. രജിസ്റ്റര്‍ ചെയ്ത വ്യക്തിയുടെ ബാങ്ക് അക്കൗണ്ട്, പാൻ എന്നിവയുടെ വിശദാംശങ്ങള്‍ രജിസ്ട്രേഷൻ അനുവദിച്ച്‌ 30 ദിവസത്തിനകം നല്‍കേണ്ടതുണ്ട്.

Previous articleജമ്മുകശ്മീരിലെ സോജിലപാസില്‍ വാഹനാപകടം ; മലയാളികളുള്‍പ്പെടെ അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം
Next articleചെന്നൈയില്‍ മഴയ്‌ക്ക് ശമനം ; ആന്ധ്രയില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം

Leave a Reply