പത്തനംതിട്ട : കേന്ദ്ര സര്‍ക്കാര്‍ ചട്ടപ്രകാരം കോയമ്ബത്തൂരിലേക്ക് സര്‍വീസ് നടത്തി വിവാദത്തിലായ റോബിൻ ബസിന്‍റെ പെര്‍മിറ്റ് റദ്ദാക്കി. തുടര്‍ച്ചയായി നിയമലംഘനങ്ങള്‍ നടത്തിയതിന് നടപടി നേരിട്ടതോടെയാണ് പെര്‍മിറ്റ് റദ്ദക്കിയത്. സംസ്ഥാന ട്രാൻസ്പോര്‍ട്ട് അതോറിറ്റിയാണ് പെര്‍മിറ്റ് റദ്ദാക്കിയത്. മോട്ടോര്‍ വാഹനവകുപ്പിന്‍റെ അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചതിന് പിന്നാലെയാണ് നടപടി. അതേസമയം ബസിന് ലഭിച്ച പെര്‍മിറ്റ് കാലാവധി അവസാനിച്ച ദിവസമാണ് ഗതാഗതവകുപ്പ് സെക്രട്ടറിയുടെ നടപടി ഉണ്ടായത്. 2023ലെ ആള്‍ ഇന്ത്യാ ടൂറിസ്റ്റ് പെര്‍മിറ്റ് റൂള്‍സ് ചൂണ്ടിക്കാട്ടിയാണ് റോബിൻ ബസിനെതിരെ നടപടിയെടുത്തതെന്ന് അധികൃതര്‍ വ്യക്തമാക്കി. നിയമലംഘനങ്ങള്‍ ഇനിയും ആവര്‍ത്തിക്കാന്‍ സാധ്യതയുള്ളതിനാലാണ് നടപടിയെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്.
കോഴിക്കോട് സ്വദേശിയായ കിഷോര്‍ എന്നയാളുടെ പേരിലായിരുന്നു ബസിന്റെ ഓള്‍ ഇന്ത്യ പെര്‍മിറ്റ്. നടത്തിപ്പ് ചുമതല ഗിരീഷിന് നല്‍കിയിരിക്കുകയായിരുന്നു. എഐടിപി ചട്ടം 11 പ്രകാരം പെര്‍മിറ്റ് റദ്ദാക്കിയെന്നാണ് സ്റ്റേറ്റ് ട്രാൻസ്പോര്‍ട്ട് അതോറിറ്റി സെക്രട്ടറി കെ മനോജ് കുമാര്‍ ഉത്തരവില്‍ വ്യക്തമാക്കി. ഹൈക്കോടതി ഉത്തരവ് തുടര്‍ച്ചയായി ലംഘിക്കുന്ന രീതിയില്‍ നിയമലംഘനം നടത്തുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് റോബിൻ ബസിനെതിരെ നടപടിയെടുത്തതെന്ന് ഗതാഗതവകുപ്പ് അറിയിച്ചു. ബസ് സര്‍വീസ് തുടങ്ങിയ ദിവസം മുതല്‍ മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ നടപടിയുമായി രംഗത്തെത്തിയിരുന്നു. ആദ്യ ദിവസം തന്നെ നിരവധി സ്ഥലങ്ങളില്‍ ബസ് തടഞ്ഞ് പിഴ ഈടാക്കിയിരുന്നു.
തമിഴ്നാട്ടിലും ബസിനെതിരെ നടപടി ഉണ്ടായിരുന്നു. എന്നാല്‍ തുടര്‍ന്നും ബസ് സര്‍വീസ് നടത്തിയതോടെ എംവിഡി റോബിൻ ബസിനെതിരെ കേസെടുക്കുകയും ബസ് പിടിച്ചെടുക്കുകയും ചെയ്തു. അതേസമയം ബസിന്‍റെ പെര്‍മിറ്റ് അവസാനിക്കുന്ന ദിവസമാണ് ട്രാൻസ്പോര്‍ട്ട് അതോറിറ്റി പെര്‍മിറ്റ് റദ്ദാക്കിയത്. നവംബര്‍ 29 വരെയായിരുന്നു റോബിൻ ബസിന് പെര്‍മിറ്റ് ഉണ്ടായിരുന്നത്. ഇതേ ദിവസമാണ് പെര്‍മിറ്റ് റദ്ദാക്കിയ നടപടി ഉണ്ടായത്.













