Home ഇന്ത്യ കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഭവം ; കുറ്റവാളികളെ എത്രയുംവേഗം നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്നു മുഖ്യമന്ത്രി

കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഭവം ; കുറ്റവാളികളെ എത്രയുംവേഗം നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്നു മുഖ്യമന്ത്രി

313
0

കൊല്ലം ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിലെ കുറ്റവാളികളെ എത്രയും വേഗം നിയമത്തിന് മുന്നില്‍ കൊണ്ടുവരാനാകുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ അതിക്രമം കാട്ടുന്നവര്‍ക്കെതിരെ ഒരു വിട്ടുവീഴ്ച്ചയുമുണ്ടാകില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ആറു വയസുകാരി അബിഗേല്‍ സാറയെ സുരക്ഷിതമായി കണ്ടെത്താൻ കഴിഞ്ഞത് വലിയ ആശ്വാസമാണെന്നു മുഖമന്ത്രി മലപ്പുറത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഉദ്വേഗത്തിൻറെയും ആശങ്കയുടെയും നീണ്ട മണിക്കൂറുകള്‍ക്ക് ഒടുവിലാണ് കുട്ടിയെ കൊല്ലം ആശ്രാമം മൈതാനത്ത് നിന്ന് കണ്ടെത്തിയത്. സംഭവം അറിഞ്ഞ നിമിഷം മുതല്‍ കുട്ടിയെ കണ്ടെത്താൻ ജാഗ്രതയോടെ അഹോരാത്രം പ്രവര്‍ത്തിച്ച പോലീസ് സേനാംഗങ്ങളേയും, നാട്ടുകാരെയും മറ്റെല്ലാവരെയും അഭിനന്ദിക്കുന്നു. പരിഭ്രാന്തമായ ഘട്ടത്തിലും ധൈര്യം ചോര്‍ന്ന് പോകാതെ അന്വേഷണ സംഘത്തിന് കൃത്യമായി വിവരങ്ങള്‍ നല്‍കിയ അബിഗേലിന്റെ സഹോദരൻ ജോനാഥന് പ്രത്യേകം അഭിനന്ദങ്ങള്‍ അറിയിക്കുന്നതായും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം അറിഞ്ഞ ഉടൻ സര്‍ക്കാര്‍ ഇടപെട്ടിരുന്നു. കുട്ടിയെ സുരക്ഷിതമായി കണ്ടെത്താൻ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ പോലീസ് മേധാവിക്കും മറ്റ് ബന്ധപ്പെട്ടവര്‍ക്കും നിര്‍ദ്ദേശവും നല്‍കി. അന്വേഷണത്തിന്റെ ഏകോപനത്തിനായി എഡിജിപി അടക്കമുളള മുതിര്‍ന്ന ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. സംഭവം അറിഞ്ഞപ്പോള്‍ത്തന്നെ കൊല്ലം, പത്തനംതിട്ട ,ആലപ്പുഴ, തിരുവനന്തപുരം ജില്ലകളില്‍ വാഹനപരിശോധന ആരംഭിച്ചു. ആയിരക്കണക്കിന് പോലീസുകാരാണ് അന്വേഷണത്തില്‍ പങ്കാളികളായത്. സമീപകാലത്ത് കേരളം കണ്ട ഏറ്റവും വലിയ തിരച്ചിലാണ്. പോലീസ് കുട്ടിക്ക് വേണ്ടി നടത്തിയത്. വ്യാജ നമ്ബര്‍ പ്ലേറ്റ് ഉപയോഗിച്ചുള്ള കാര്‍ ആണ് പ്രതികള്‍ ഉപയോഗിച്ചത് എന്ന് കണ്ടെത്തിയിട്ടുണ്ട്.

ഇത്തരമൊരു സന്നിഗ്ദ്ധ ഘട്ടത്തില്‍ അബിഗേലിന്റെ കുടുബത്തിന് ഒപ്പം നിന്ന് കരുത്ത് പകര്‍ന്ന കേരളീയ സമൂഹത്തെ ഹാര്‍ദമായി അഭിവാദ്യം ചെയ്യുന്നു. കേരളത്തിന്റെ മാനവികതയും സാമൂഹ്യ ഐക്യവും പ്രകടമായ സമയം കൂടിയാണിത്. വിവരങ്ങള്‍ അതാത് സമയം എത്തിക്കുന്നതിലും അതിലൂടെ ജനങ്ങളെ ജാഗരൂകരാക്കുന്നതിലും മാധ്യമങ്ങള്‍ നല്ല പങ്കാണ് വഹിച്ചത്. അതേ സമയം ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുമ്ബോള്‍ മാധ്യമങ്ങള്‍ക്ക് എന്തൊക്കെ കരുതല്‍ ഉണ്ടാകണം എന്ന ചര്‍ച്ചയും സ്വയംവിമര്‍ശനവും വേണ്ടതുണ്ട്.

അന്വേഷണ പുരോഗതി അതാതു സമയം ജനങ്ങളിലെത്തിക്കുന്നത് നല്ലതാണ്. എന്നാല്‍ അത് കുറ്റവാളികള്‍ക്ക് രക്ഷപ്പെടാനുള്ള പഴുതായി മാറാതിരിക്കാൻ ശ്രദ്ധിക്കണം. വല്ലാതെ ദുഃഖം അനുഭവിക്കുന്നവര്‍ക്ക് മുന്നിലേക്ക് ഔചിത്യമില്ലാത്ത ചോദ്യങ്ങളുമായി പോകരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉത്തരാഖണ്ഡിലെ സില്‍ക്യാര തുരങ്കത്തില്‍ കുടുങ്ങിയ തൊഴിലാളികളിലെ പുറത്തെത്തിച്ച രക്ഷാപ്രവര്‍ത്തകരെയും മുഖ്യമന്ത്രി അഭിനന്ദിച്ചു. രാജ്യത്തിനാകെ സന്തോഷം പകര്‍ന്ന ദിനമായിരുന്നു ഇന്നലെ. 400 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനമാണ് ഇന്നലെ ഉത്തരാഖണ്ഡില്‍ വിജയകരമായി പൂര്‍ത്തിയാക്കിയത്. മനസ്ഥൈര്യം കൈവിടാതെ പ്രതിസന്ധിയെ അതിജീവിച്ച തൊഴിലാളികള്‍ക്കും അതിസാഹസികമായ രക്ഷാപ്രവര്‍ത്തനം കൃത്യതയോടെ നടപ്പാക്കിയ ഉത്തരാഖണ്ഡ് അധികൃതരെയും അഭിനന്ദിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

Previous articleതുടര്‍ച്ചയായ നിയമലംഘനം ; റോബിന്‍ ബസിന്റെ പെര്‍മിറ്റ് റദ്ദാക്കി ; നടപടി പെര്‍മിറ്റ് കാലാവധി അവസാനിച്ച ദിവസം
Next articleനിയമസഭാ തിരഞ്ഞെടുപ്പ്; അഞ്ച് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് അധികാരത്തിലെത്തും ; അശോക് ഗെലോട്ട്

Leave a Reply