Home ഇന്ത്യ “പുതുപ്പള്ളി പള്ളിയിലെ പെരുന്നാളിന് ഒരു കൂട്ടുകാരനെ പോലെ എന്നെയും വിളിച്ചുകൊണ്ടുപോയി , തോളില്‍ കയ്യിട്ട് ഒപ്പം...

“പുതുപ്പള്ളി പള്ളിയിലെ പെരുന്നാളിന് ഒരു കൂട്ടുകാരനെ പോലെ എന്നെയും വിളിച്ചുകൊണ്ടുപോയി , തോളില്‍ കയ്യിട്ട് ഒപ്പം നടന്നു” ; മമ്മൂട്ടി

867
0

“ആള്‍ക്കൂട്ടത്തിന് നടുവിലല്ലാതെ ഞാൻ ഉമ്മൻ ചാണ്ടിയെ കണ്ടിട്ടില്ല… ഒടുവിലൊരിക്കല്‍ ചെന്ന് കണ്ടപ്പോഴും അദ്ദേഹത്തിനൊപ്പം ഔഷധം എന്നവണ്ണം ഒരു പറ്റം ആളുകള്‍ ഉണ്ടായിരുന്നു”, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ച്‌ നടൻ മമ്മൂട്ടി കുറിച്ചു. ‘കുഞ്ഞുകുഞ്ഞിന്റെ കൂട്ടുകാരൻ’ എന്ന വിശേഷണം ചാര്‍ത്തിക്കൊടുത്ത പുതുപ്പള്ളി പള്ളിയിലെ പെരുന്നാളിനെക്കുറിച്ചും മുഖ്യമന്ത്രിയായതിന് പിന്നാലെ കൊച്ചിയിലെ വീട്ടിലെത്തിയ വിശേഷങ്ങളുമെല്ലാം ഓര്‍ത്തെടുക്കുകയാണ് മമ്മൂട്ടി. ഒരുമിച്ചൊരുപാട് ഓര്‍മ്മകളും ഒരായിരം അനുഭവങ്ങളും ഉണ്ടെന്നാണ് താരം കുറിച്ചിരിക്കുന്നത്. ഒടുവില്‍ ഉമ്മൻ ചാണ്ടിയുടെ ആത്മകഥയ്ക്ക് അവതാരിക എഴുതിയപ്പോള്‍ കുറിച്ച വരികളും ചേര്‍ത്തു, “ഉമ്മൻ ചാണ്ടിക്ക് ആരും ഡോക്ടറേറ്റ് നല്‍കിയിട്ടില്ല നല്‍കുകയാണെങ്കില്‍ അത് മനുഷ്യ സ്നേഹത്തിനുള്ളതാകും.

മമ്മൂട്ടി ഫേയ്സ്ബുക്കില്‍ പങ്കുവച്ച കുറിപ്പിന്റെ പൂര്‍ണ്ണരൂപം

സാധാരണത്വത്തിന് ഇത്രമേല്‍ ശക്തിയുണ്ടെന്നു അസാധാരണമാം വിധം ജീവിച്ചു കാണിച്ചു തന്ന വ്യക്തിത്വം. ആള്‍ക്കൂട്ടത്തിന് നടുവിലല്ലാതെ ഞാൻ ഉമ്മൻ ചാണ്ടിയെ കണ്ടിട്ടില്ല.. ഒടുവിലൊരിക്കല്‍ ചെന്ന് കണ്ടപ്പോഴും അദ്ദേഹത്തിനൊപ്പം ഔഷധം എന്നവണ്ണം ഒരു പറ്റം ആളുകള്‍ ഉണ്ടായിരുന്നു. ഞാൻ വിദ്യാര്‍ത്ഥി ആയിരുന്നപ്പോഴേ അദ്ദേഹം നിയമസഭയിലുണ്ട്. ചെറുപ്പത്തിലേ ഉയരങ്ങളില്‍ എത്തിയ ഒരാള്‍.. എന്നിട്ടും പുതുപ്പള്ളി പള്ളിയിലെ പെരുന്നാളിന് ഒരു കൂട്ടുകാരനെ പോലെ എന്നെയും വിളിച്ചുകൊണ്ടുപോയി തോളില്‍ കയ്യിട്ടു ഒപ്പം നടന്നു… ഞാൻ എന്ന വ്യക്തി ചുമക്കാൻ പാടുപെടുന്ന മമ്മൂട്ടി എന്ന നടന്റെ താരഭാരം അലിഞ്ഞില്ലാതായി. പള്ളിമുറ്റത്തു നാട്ടുകാര്‍ക്കിടയില്‍ കുഞ്ഞുകുഞ്ഞിന്റെ കൂട്ടുകാരൻ എന്നത് മാത്രമായി എന്റെ വിശേഷണം. “ഞാനാ ഉമ്മൻ‌ചാണ്ടിയാ” എന്നു പറഞ്ഞു ഫോണില്‍ വിളിക്കുന്ന വിളിപ്പാടകലെയുള്ള സഹൃദയൻ.. അതിശക്തനായ നേതാവ്.

ഒരിക്കല്‍ ഞങ്ങളുടെ ‘കെയര്‍ ആൻഡ് ഷെയര്‍’ പദ്ധതി 600 കുട്ടികളുടെ ചികിത്സാചിലവുകള്‍ കണ്ടെത്താൻ പാടുപെടുകയായിരുന്നു. അപ്പോള്‍ പ്രതിപക്ഷ നേതാവായിരുന്ന ഉമ്മൻ ചാണ്ടി 100 കുട്ടികളുടെ ശസ്ത്രക്രിയക്കുള്ള ചിലവ് CRS ഫണ്ട് ഉപയോഗിച്ച്‌ സ്പോണ്‍സര്‍ ചെയ്യാമെന്നേറ്റു . നൂറാമത്തെ കുട്ടി സുഖം പ്രാപിച്ച്‌ ആശുപത്രി വിടുമ്ബോള്‍ മുഖ്യമന്ത്രി ആയ ഉമ്മൻ ചാണ്ടി കാണാൻ വരികയും ചെയ്തു. സത്യപ്രതിജ്ഞ കഴിഞ്ഞ് മൂന്നാം നാള്‍ കൊച്ചിയിലെ എന്റെ വീട്ടിലേക്കു അപ്രതീക്ഷിതമായി ഊണിനെത്തി. അന്ന് എനിക്കദ്ദേഹത്തോടുള്ള ഒരേ ഒരു വിയോജിപ്പ് ഞാൻ രേഖപെടുത്തി. ” സ്വന്തം ആരോഗ്യം നോക്കാതെയുള്ള ഈ അലച്ചില്‍ നിയന്ത്രിക്കണം ” ഒരു ചിരി മാത്രമായിരുന്നു മറുപടി. ‘പ്രാഞ്ചിയേട്ടൻ’ എന്ന ചിത്രത്തില്‍ എന്റെ കഥാപാത്രം പോലും പറയുന്നുണ്ട് ‘ഉമ്മൻ ചാണ്ടി ഒന്നേ ഉള്ളു’ എന്ന്.

ഒരുമിച്ചൊരുപാട് ഓര്‍മ്മകള്‍.. ആയിരം അനുഭവങ്ങള്‍.. ഒരുപാടെഴുതുന്നില്ല.. എഴുതേണ്ടിവന്ന ഒരനുഭവം കൂടി അദേഹത്തിന്റെ ആത്മകഥയ്ക്ക് അവതാരിക എഴുതുവാനുള്ള നിയോഗം എനിക്കായിരുന്നു അതിലെഴുതാൻ കുറിച്ച വരികള്‍ ഇവിടെ കുറിക്കട്ടെ
“ഉമ്മൻ ചാണ്ടിക്ക് ആരും ഡോക്ടറേറ്റ് നല്‍കിയിട്ടില്ല നല്‍കുകയാണെങ്കില്‍ അത് മനുഷ്യ സ്നേഹത്തിനുള്ളതാകും.

Previous articleഇനി ഒരിക്കലും ആ ശബ്‌ദം ഞാന്‍ അനുകരിക്കില്ല’ ഉമ്മൻ ചാണ്ടിക്ക് അനുശോചനം അര്‍പ്പിച്ച്‌ കോട്ടയം നസീര്‍
Next articleമണ്‍സൂണ്‍ വെള്ളപ്പൊക്കം ; കാസിരംഗ വന്യജീവിസങ്കേതത്തിലെ മൃഗങ്ങള്‍ രക്ഷപ്പെടുന്നു

Leave a Reply