റിയാദ് : മധുരപ്രിയരെ ആകർഷിച്ച് സൗദിയിൽ ഒരു വാരം നീളുന്ന മാമ്പഴ ഉത്സവ ആഘോഷങ്ങൾ തുടങ്ങി. ഈന്തപ്പഴ കൃഷിയും മധുരനാരങ്ങാ കൃഷിയും കഴിഞ്ഞാൽ സൗദിയിൽ ഏറ്റവും കൂടുതലുള്ള പ്രധാനപ്പെട്ട മൂന്നാമത്തെ കാർഷിക ഫല ഉൽപ്ന്നമാണ് മാമ്പഴം. ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെയുള്ള കാലയളവാണ് രാജ്യത്ത് മാമ്പഴ ഉൽപാദന, വിളവെടുപ്പ് , വിപണി സീസൺ. ഈ കാലയളവിൽ അവായിസ്, സുക്കാരി, ടോമി അറ്റികിൻസ് എന്നിവയുൾപ്പെടെ വ്യത്യസ്തമായ 20 ഇനം മാങ്ങകളാണ് വിളവെടുക്കുന്നതും വിപണിയിലെത്തിക്കുന്നതും. പ്രാദേശികമായി ഉൽപാദിപ്പിക്കുന്ന ഉൽപന്നങ്ങളുടെ മത്സരക്ഷമത മെച്ചപ്പെടുത്തുന്നതിനുള്ള റോയൽ കമ്മീഷൻ ഫോർ അൽഉല സംരംഭത്തിന്റെ ഭാഗമാണ് അൽഉലയിലെ അൽ മൻഷിയ ഫാർമേഴ്‌സ് മാർക്കറ്റിൽ ദിവസവും വൈകിട്ട് 7 മുതൽ 11 വരെ നടക്കുന്ന മാമ്പഴ വിപണി.
സൗദിയുടെ വടക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന അൽഉല ഗവർണറേറ്റ് മാന്തോപ്പുകളുടെ അനേക ഫാമുകളുടെ കേന്ദ്രമാണ്. കൂടാതെ ഓറഞ്ച്, മധുര നാരങ്ങ, നാരങ്ങ, ടാംഗറിൻ, മാതളനാരകം, മുന്തിരി എന്നിവയ്ക്കും ഇവിടം പ്രശസ്തമാണ്. തിങ്കളാഴ്ച ആരംഭിച്ച അൽഉലയിലെ മാമ്പഴ വാരാഘോഷം ഉംലുജിൽ നടക്കുന്ന സമാനമായ ഉത്സവത്തോടനുബന്ധിച്ചാണ്. പരിസ്ഥിതി, ജല, കൃഷി മന്ത്രാലയത്തിന്റെ തബൂക്ക് റീജിയണൽ ബ്യൂറോ സംഘടിപ്പിക്കുന്ന നാല് ദിവസത്തെ ഉംലുജ് പരിപാടിയിൽ 24 മാമ്പഴ കർഷകർ ദിവസവും വൈകീട്ട് 5 മുതൽ രാത്രി 10 വരെ പ്രദർശനം നടത്തും.












