ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ സുവര്‍ണ്ണ ജൂബിലിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ജൂണ്‍ 24 ശനിയാഴ്ച എല്‍മസ്റ്റിലുള്ള വാട്ടര്‍ഫോര്‍ഡ് ബാങ്ക്വറ്റ് ഹാളില്‍ വച്ചാണ് പരിപാടികള്‍ നടക്കുന്നത്. അമേരിക്കയിലെ ഏറ്റവും വലുതും പുരാതനവുമായ മലയാളി സംഘടനയായ ഷിക്കാഗോ മലയാളി അസോസിയേഷന്റെ 50-ാം വാര്‍ഷികമാണ് നടക്കുന്നത്. മുഖ്യാതിഥി ഷിക്കാഗോ സിറ്റി മേയര്‍ ബ്രാന്‍ഡന്‍ ജോണ്‍സന്‍ നേരത്തെ അറിയിച്ചിരിക്കുന്ന സമയത്തുതന്നെ എത്തുന്നതാണ്. ഗോള്‍ഡന്‍ ജൂബിലി ആഘോഷങ്ങളില്‍ പങ്കെടുക്കുവാനുള്ള വിശിഷ്ടാതിഥികള്‍ ഇന്ത്യയില്‍ നിന്നും അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും എത്തിചേരുന്നതാണ്. ജൂണ്‍ 24 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 4 മണിക്ക് രജിസ്‌ട്രേഷന്‍ ആരംഭിക്കുന്നതാണ്. പരിപാടിയില്‍ പങ്കെടുക്കാനായി നേരത്തെ ടിക്കറ്റ് എടുത്തവര്‍ ബാഡ്ജും റിസ്റ്റ് ബാന്‍ഡും കൈവശമാക്കി ടേബിള്‍ നമ്പര്‍ വാങ്ങിക്കുന്നതിനുവേണ്ടി ടിക്കറ്റ് കൗണ്ടറില്‍ ആദ്യം ബന്ധപ്പെടേണ്ടതാണ്. ബാഡ്ജ് ഉള്ളവര്‍ക്ക് മാത്രമേ ബാങ്ക്വറ്റ് ഹാളിലേക്ക് പ്രവേശനം ഉണ്ടായിരിക്കുകയുള്ളൂ. 625 പേര്‍ ഇതിനോടകം രജിസ്റ്റര്‍ ചെയ്തുവെന്നും രജിസ്‌ട്രേഷന്‍ അവസാനിപ്പിച്ചുവെന്നും രജിസ്‌ട്രേഷന്‍ കമ്മറ്റി അറിയിച്ചു. കൂടുതല്‍ ആളുകള്‍ പരിപാടിയില്‍ പങ്കെടുക്കുവാനായി ഈ അവസാന നിമിഷത്തില്‍ സമീപിക്കുന്നുണ്ടെങ്കിലും നേരത്തെ രജിസ്റ്റര്‍ ചെയ്തവരെ കൂടാതെ ഇനി ആരെയും പുതുതായി ഉള്‍ക്കൊള്ളിക്കാന്‍ സാധിക്കയില്ലെന്ന് സംഘാടകര്‍ ഖേദപൂര്‍വ്വം അറിയിച്ചു. അനാവശ്യമായ തിക്കും തിരക്കും ഒഴിവാക്കാന്‍ ടിക്കറ്റ് കൗണ്ടറില്‍ നേരത്തേ എത്തി തങ്ങളുടെ ബാഡ്ജുകള്‍ സ്വീകരിച്ച് സെക്യൂരിറ്റിയുടെ വാതിലിലൂടെ അകത്തേക്ക് പ്രവേശിക്കേണ്ടതാണ്. തുടര്‍ന്ന് 5 മണിക്ക് മെഗാതിരുവാതിരയും വിശിഷ്ടാതിഥികളെ ആനയിച്ചുകൊണ്ടുള്ള ഘോഷയാത്രയും നടക്കുന്നതാണ്. അതുകഴിഞ്ഞ് ഉടന്‍ തന്നെ പൊതു സമ്മേളനം, ഗ്രാന്റ് ഡിന്നര്‍, വിജയ് യേശുദാസ്& ഭുവന ആനന്ദിന്റെ ലൈവ് മ്യൂസിക് ഷോ, കലാപരിപാടികള്‍ എന്നിവ അരങ്ങേറുന്നതായിരിക്കും. ഷിക്കാഗോ മലയാളി അസോസിയേഷന്റെ ഗോള്‍ഡന്‍ ജൂബിലി ആഘോഷങ്ങള്‍ ഏറ്റവും ഭംഗിയായും ചിട്ടയായും നടത്തുന്നതിനായി ഏവരുടേയും സഹകരണം പ്രതീക്ഷിക്കുന്നതായി പ്രസിഡന്റ് ജോഷി വള്ളിക്കളം, കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ ലജി പട്ടരുമഠത്തില്‍, ഫിനാന്‍സ് ചെയര്‍മാന്‍ ജോണ്‍സന്‍ കണ്ണൂക്കാടന്‍, സുവനീര്‍ കമ്മറ്റി ചെയര്‍മാന്‍ അച്ചന്‍കുഞ്ഞ് മാത്യു, കണ്‍വന്‍ഷന്‍ കണ്‍വീനര്‍ ഡോ.സിബിള്‍ ഫിലിപ്പ്, ഫിനാന്‍സ് കൊ-ചെയര്‍മാന്‍ വിവീഷ് ജേക്കബ് എന്നിവര്‍ അറിയിച്ചു.
To embed live videos, please make sure you performed the steps in this video to create and save a proper server API key.











