ഇംഫാല്‍: മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം. അക്രമികള്‍ കേന്ദ്രമന്ത്രിയുടെ വീടിന് തീവച്ചു. കേന്ദ്ര വിദേശകാര്യ സഹമന്ത്രി രാജ്കുമാര്‍ രഞ്ജന്‍ സിങ്ങിന്റെ വീടാണ് അക്രമികള്‍ അഗ്നിക്ക് ഇരയാക്കിയത്. ഇംഫാലില്‍ കര്‍ഫ്യൂ നിലനില്‍ക്കുന്നതിനിടെയാണ് ഇന്നലെ രാത്രി അക്രമികള്‍ വീടിനു തീ വെച്ചത്. സംഭവസമയം കേന്ദ്രമന്ത്രി വീട്ടിലുണ്ടായിരുന്നില്ല. കഴിഞ്ഞ ദിവസം മണിപ്പൂരില്‍ വ്യവസായ മന്ത്രിയുടെ വീടിനും അക്രമികള്‍ തീയിട്ടിരുന്നു. വ്യവസായ മന്ത്രി നെംച കിപ്ജെന്റെ ഔദ്യോഗിക വസതിക്കാണ് തീയിട്ടത്. അക്രമികള്‍ക്ക് വേണ്ടി സുരക്ഷാ സേന തിരച്ചില്‍ ആരംഭിച്ചു. ഇതിനിടെ സമാധാന നീക്കങ്ങള്‍ക്ക് തിരിച്ചടിയായി മണിപ്പൂരില്‍ വീണ്ടും വെടിവപ്പുണ്ടായി. 9 പേരാണ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത്.














