മുംബൈ : രാജ്യത്തെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ് ഒഡീഷയിലെ ട്രെയിനപകടം. മരിച്ചവരുടെ എണ്ണം 280 ആയി. ബാലസോറിന് സമീപമുള്ള ബഹനഗാ സ്റ്റേഷന് സമീപത്ത് വെച്ച് ഷാലിമാര്‍-ചെന്നൈ കോറമണ്ഡല്‍ എക്സ്പ്രസ്സാണ് ഗുഡ്സ് ട്രെയിനുമായി കൂട്ടിയിടിച്ച് ആദ്യം പാളം തെറ്റുന്നത്. പന്ത്രണ്ട് കോച്ചുകളാണ് പാളം തെറ്റി എതിര്‍വശത്തുള്ള പാളത്തില്‍ വീണത്. അല്‍പ്പസമയത്തിന് ശേഷം യശ്വന്ത്പുരില്‍ നിന്ന് ഹൗറയിലേക്ക് പോകുകയായിരുന്ന ട്രെയിൻ വരികയും ഇത് പാളം തെറ്റിക്കിടന്ന ഷാലിമാര്‍-ചെന്നൈ കോറമണ്ഡല്‍ എക്സ്പ്രസ്സുമായി കൂട്ടിയിടിക്കുകയുമായിരുന്നു. അപകടത്തിന് കാരണമായ ഗുഡ്സ് ട്രെയിൻ സംഭവസ്ഥലത്തെ ലൂപ്പ് ട്രാക്കില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു.
ഇപ്പോള്‍ അപകടത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് കശ്മീര്‍ ഫയല്‍സ് സംവിധായകന്‍ വിവേക് അഗ്നിഹോത്രി. “. 3 ട്രെയിനുകള്‍ എങ്ങനെ കൂട്ടിയിടിക്കും? ആരാണ് ഉത്തരം പറയേണ്ടത്? എല്ലാ കുടുംബങ്ങള്‍ക്കും വേണ്ടി പ്രാര്‍ഥിക്കുന്നു. ഓം ശാന്തി.” വിവേക് ട്വിറ്ററില്‍ കുറിച്ചു. ‘ഭയാനകം, വലിയൊരു ദുരന്തം’ നടന്‍ മനോജ് ബാജ്പേയി പ്രതികരിച്ചു. ഒഡീഷയിലെ ബാലസോറില്‍ ഉണ്ടായ ദാരുണമായ ട്രെയിൻ അപകടത്തില്‍ അതിയായ ദുഃഖമുണ്ടെന്ന് സണ്ണി ഡിയോള്‍ ട്വീറ്റ് ചെയ്തു. “അപകടത്തെ കുറിച്ച് കേട്ടതില്‍ ശരിക്കും സങ്കടമുണ്ട്, ദൈവം മരിച്ചവരുടെ ആത്മാവിന് നിത്യശാന്തി നല്‍കട്ടെ, ഈ നിര്‍ഭാഗ്യകരമായ അപകടത്തില്‍ നിന്ന് കുടുംബങ്ങളെയും പരിക്കേറ്റവരെയും സംരക്ഷിക്കുകയും ശക്തി നല്‍കുകയും ചെയ്യട്ടെ,” സല്‍മാൻ ഖാൻ ട്വീറ്റ് ചെയ്തു.
”ഒഡീഷയിലുണ്ടായ ദാരുണമായ അപകടങ്ങളില്‍ ഉള്‍പ്പെട്ട എല്ലാവര്‍ക്കും വേണ്ടി ഞാൻ പ്രാര്‍ഥിക്കുന്നു. കുടുംബങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും പ്രിയപ്പെട്ടവര്‍ക്കും ശക്തി ലഭിക്കാനും എത്രയും വേഗം സുഖം പ്രാപിക്കാനും ആശംസിക്കുന്നു. ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ.” പരിനീതി ചോപ്ര ട്വിറ്ററില്‍ കുറിച്ചു. ”ഹൃയഭേദകം. പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കാൻ പ്രാര്‍ത്ഥിക്കുന്നു. ഈ ദുഷ്‌കരമായ സമയത്ത് ദുരിതബാധിതരുടെ കുടുംബങ്ങളോട് എന്‍റെ അനുശോചനവും അറിയിക്കുന്നു. ഓം ശാന്തി.” അക്ഷയ് കുമാര്‍ ട്വീറ്റ് ചെയ്തു.ജൂനിയര്‍ എന്‍ടിആര്‍,സോനു സൂദ്, ശില്‍പ ഷെട്ടി, കരീന കപൂര്‍,വരുണ്‍ ധവാന്‍,ദിയ മിര്‍സ തുടങ്ങിയ താരങ്ങളും അനുശോചിച്ചു.
Dailyhunt













