തിരുവനന്തപുരം : കേരളത്തിൽ വരും ദിവസങ്ങളിൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഞായറാഴ്ച വരെ സംസ്ഥാനത്ത് പരക്കെ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴ പെയ്തേക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ജാഗ്രതയുടെ ഭാഗമായി വിവിധ ജില്ലകളിൽ വരും ദിവസങ്ങളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ശക്തമായ മഴ പ്രവചിക്കുന്നത്. വെള്ളിയാഴ്ച കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, കോഴിക്കോട് ജില്ലകളിലും ശനിയാഴ്ച തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ഏഴ് ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. ഞായറാഴ്ചയോടെ മഴ തെക്കൻ കേരളത്തിൽ കേന്ദ്രീകരിക്കാനാണ് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ഞായറാഴ്ച യെല്ലോ അലർട്ട് തുടരും. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാനാണ് സാധ്യത.
മഴയ്‌ക്കൊപ്പം മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശമുണ്ട്. ഇടിമിന്നൽ അതീവ അപകടകാരിയാണെന്നും കാറ്റിൽ മരങ്ങൾ വീഴാനോ കെട്ടിടങ്ങൾക്ക് നാശനഷ്ടങ്ങൾ സംഭവിക്കാനോ സാധ്യതയുള്ളതിനാൽ മുൻകരുതൽ സ്വീകരിക്കണമെന്നും അധികൃതർ വ്യക്തമാക്കി. മൽസ്യത്തൊഴിലാളികളും തീരദേശവാസികളും കാലാവസ്ഥാ വ്യതിയാനങ്ങൾ നിരീക്ഷിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.











