Home ഓഷിയാന സിഡ്‌നി കൂട്ടക്കൊലയിലെ പ്രതികൾ അച്ഛനും മകനും ; മരിച്ചവരുടെ എണ്ണം 16 ആയി

സിഡ്‌നി കൂട്ടക്കൊലയിലെ പ്രതികൾ അച്ഛനും മകനും ; മരിച്ചവരുടെ എണ്ണം 16 ആയി

58
0

സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ഞായറാഴ്ച്ച യഹൂദ ആഘോഷത്തിനിടയിൽ വെടിവയ്പ്പു നടത്തിയ രണ്ടു പേർ അച്ഛനും മകനുമാണെന്നു തിങ്കളാഴ്ച്ച പോലീസ് സ്ഥിരീകരിച്ചു. മരണ സംഖ്യ 16 ആയി ഉയർന്നിട്ടുണ്ട്. 40 പേരെങ്കിലും ആശുപത്രികളിൽ കഴിയുന്നുവെന്നും ന്യൂ സൗത്ത് വെയ്ൽസ് പോലീസ് കമ്മിഷണർ മാൽ ലൻയോൺ പറഞ്ഞു. ഭീകരാക്രമണം നടത്തിയവരിൽ 50 വയസുള്ള പിതാവാണ് വെടിയേറ്റു മരിച്ചത്. 24 വയസുള്ള മകൻ പരുക്കേറ്റു ആശുപത്രിയിലാണ്. ഇവർ പാക്കിസ്ഥാനികൾ ആണെന്നു റിപ്പോർട്ട് ഉണ്ടെങ്കിലും പോലീസ് അതു സ്ഥിരീകരിച്ചിട്ടില്ല. സിഡ്‌നിയിൽ വിദ്യാർഥിയായ ലഹോർ സ്വദേശി നവീദ് അക്രം ആണ് 24 വയസുള്ള മകൻ എന്നു എ ബി സി ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. പിതാവിനു തോക്കിനുള്ള ലൈസൻസ് ഉണ്ടായിരുന്നുവെന്ന് ലൻയോൺ പറഞ്ഞു. ആറു തോക്കുകൾ അയാളുടെ കൈവശം ഉണ്ടായിരുന്നു. മീൻ പിടിക്കാൻ പോവുകയാണെന്നാണ് അവർ വീട്ടിൽ പറഞ്ഞത്.

ഞായറാഴ്ച്ച വൈകിട്ട് ഓസ്‌ട്രേലിയൻ സമയം 6:47നടുത്താണ് ആക്രമണം ആരംഭിച്ചതെന്നു ബി ബി സി പറയുന്നു. ഓസ്‌ട്രേലിയയയുടെ ഏറ്റവും പ്രസിദ്ധമായ ബീച്ചിലുള്ള ആർചർ പാർക്കിൽ ഹനുക്ക ആഘോഷിക്കാൻ ആയിരത്തോളം യഹൂദർ എത്തിയിരുന്നു. മരിച്ചവർ 10 മുതൽ 87 വരെ പ്രായമുള്ളവർ ആണെന്നു ന്യൂ സൗത്ത് വെയ്ൽസ് പ്രധാനമന്ത്രി ക്രിസ് മിൻസ് പറഞ്ഞു. ഒട്ടേറെ കുട്ടികൾ ആഘോഷത്തിന് എത്തിയിരുന്നു. എട്ടു ദിവസം നീളുന്ന ആഘോഷത്തിന്റെ ആദ്യ ദിവസം ആയിരുന്നു ഞായറാഴ്ച. ബീച്ചിൽ പാർക്ക് ചെയ്തിരുന്ന ഒരു കാറിൽ നിന്ന് ഒട്ടേറെ സ്ഫോടകവസ്തുക്കൾ കണ്ടെടുത്തതായി പോലീസ് പറഞ്ഞിരുന്നു. സിഡ്‌നിയുടെ പ്രാന്തപ്രദേശങ്ങളിൽ ചില വീടുകളിൽ തിരച്ചിൽ നടത്തി. ഹനുക്കയുടെ ആദ്യ ദിവസം യഹൂദരെ തന്നെ ലക്‌ഷ്യം വച്ചാണ് ആക്രമണം നടത്തിയതെന്നു ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്തണി അൽബനീസ് പറഞ്ഞു.

ഹീറോയായി മാറിയ അഹ്‌മദ്‌

കൊല്ലപ്പെട്ട അക്രമിയുടെ കൈയ്യിൽ നിന്നു തോക്കു തട്ടിയെടുത്ത ഒരാളെ പോലീസ് പ്രശംസിച്ചു. ബീച്ചിൽ കട നടത്തുന്ന അഹ്‌മദ്‌ അൽ അഹ്‌മദ്‌ (43) ആണ് ഹീറോയെന്നു ‘ന്യൂ യോർക്ക് പോസ്റ്റ്’ പറഞ്ഞു. “നിരവധി പേരുടെ ജീവൻ അദ്ദേഹം രക്ഷിച്ചു,” കമ്മീഷണർ ലന്യോൺ പറഞ്ഞു. അക്രമിയുടെ പിന്നിൽ പതുങ്ങിയെത്തി തോക്കു പിടിച്ചു പറിച്ച അഹ്‌മദ്‌ അയാളെ വെടിവച്ചു വീഴ്ത്തി. എന്നാൽ അഹ്‌മദിനും വെടിയേറ്റു. അദ്ദേഹം ആശുപത്രിയിലാണ്. അഹ്‌മദ്‌ ധീരനായ മുസ്ലിം ആണെന്നു ഇസ്രയേലി പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ക്യാബിനറ്റ് യോഗത്തിൽ പറഞ്ഞു.

Previous articleസിഡ്‌നിയിലെ ഭീകരാക്രമണത്തെ അപലപിച്ചു മംദാനി ; യഹൂദരെ സംരക്ഷിക്കും
Next articleഹൈദരാബാദിൽ ലഭിച്ച സ്നേഹത്തിനും വാത്സല്യത്തിനും നന്ദി പറഞ്ഞു മെസി

Leave a Reply