Home ഇന്ത്യ പാലാ നഗരസഭയില്‍ രാഷ്ട്രീയ പോരിന് ഇറങ്ങിയ കുടുംബത്തിന് നൂറില്‍ നൂറ് വിജയം

പാലാ നഗരസഭയില്‍ രാഷ്ട്രീയ പോരിന് ഇറങ്ങിയ കുടുംബത്തിന് നൂറില്‍ നൂറ് വിജയം

278
0

പാലാ : പാലാ നഗരസഭയില്‍ സ്വതന്ത്ര മുന്നണിയുണ്ടാക്കി മത്സരിക്കാന്‍ ഇറങ്ങിയ ഒരു കുടുംബത്തിന്റെ നൂറില്‍ നൂറ് വിജയം. നഗരസഭാധ്യക്ഷ സ്ഥാനം സിപിഎം നിഷേധിച്ചതിനെത്തുടര്‍ന്ന് കറുപ്പ് വസ്ത്രമണിഞ്ഞ് പ്രതിഷേധിച്ച ബിനു പുളിക്കക്കണ്ടം പുതിയ രാഷ്ട്രീയപരീക്ഷണവുമായി കളത്തില്‍ ഇറങ്ങിയതോടെ തെരഞ്ഞെടുപ്പില്‍ വിജയം നേടിയത്. ബിനുവിനൊപ്പം സഹോദരന്‍ ബിജു പുളിക്കക്കണ്ടം, ബിനുവിന്റെ മകള്‍ ദിയ എന്നിവരും മത്സരിക്കാന്‍ ഇറങ്ങിയിരുന്നു. 13, 14 15 വാര്‍ഡുകളിലാണ് ഇവര്‍ വിജയിച്ചു കയറിയത്. മുരിക്കുംപുഴ വാര്‍ഡില്‍ ബിജു പുളിക്കക്കണ്ടം വിജയിച്ചപ്പോള്‍ പരിപ്പില്‍ കുന്നില്‍ അഡ്വ. ബിനു പുളിക്കക്കണ്ടം വിജയിച്ചു. പാലംപുരയിടത്തു നിന്നുമാണ് ദിയ ബിനു പുളിക്കക്കണ്ടം വിജയിച്ചത്. ബിജു 94 വോട്ടിനും, ബിനു 137 വോട്ടുകള്‍ക്കും ദിന 91 വോട്ടുകള്‍ക്കുമാണ് വിജയിച്ചത്.

20 വര്‍ഷമായി കൗണ്‍സിലറായ ബിനുവിന് ഒരു തവണ ബിജെപി സ്ഥാനാര്‍ഥിയായും ഒരു തവണ സിപിഎം സ്ഥാനാര്‍ഥിയായും 2 തവണ സ്വതന്ത്രനായും വിജയിച്ച ചരിത്രമുണ്ട്. ഇപ്പോഴത്തെ നഗരസഭയില്‍ സിപിഎം ചിഹ്നത്തില്‍ മത്സരിച്ചു ജയിച്ച ഏകയാളായിരുന്നു ബിനു. കേരള കോണ്‍ഗ്രസു (എം) മായുള്ള തര്‍ക്കങ്ങള്‍ക്കൊടുവില്‍ ബിനുവിനെ സിപിഎം പുറത്താക്കിയിരുന്നു. കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കൊപ്പം സജീവമായി പ്രവര്‍ത്തിച്ചയാളാണ് ബിജു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ വോട്ട് ചെയ്തിരുന്നു. കന്നി മത്സരത്തിനിറങ്ങുന്ന ദിയ മദ്രാസ് ക്രിസ്ത്യന്‍ കോളജില്‍നിന്ന് ബിഎ പഠനശേഷം എംബിഎ പഠനത്തിനുള്ള ഒരുക്കത്തിലാണ്. ഇരുപത്തിയൊന്നുകാരിയാണ്. 40 വര്‍ഷം കേരള കോണ്‍ഗ്രസ് (എം) പാലാ നിയോജക മണ്ഡലം വൈസ് പ്രസിഡന്റായിരുന്ന പി.വി.സുകുമാരന്‍ നായര്‍ പുളിക്കക്കണ്ടത്തിന്റെ മക്കളാണ് ബിനുവും ബിജുവും

Previous articleശബരീനാഥനും ആര്‍ ശ്രീലേഖയും വി.വി രാജേഷും നഗരസഭയിലേക്ക്, ജയിച്ച്‌ കയറി ഭാവി ‘മേയര്‍മാര്‍’
Next articleമാഗ് (MAGH) തെരഞ്ഞെടുപ്പിൽ ‘ടീം യുണൈറ്റഡിന്’ ചരിത്ര വിജയം; റോയി മാത്യു പ്രസിഡന്റ്

Leave a Reply