യുണൈറ്റഡ് നേഷൻസ് കാലാവസ്ഥാ ഉച്ചകോടിയിൽ (COP 30) കേരളത്തിന്റെ വികേന്ദ്രീകൃത മാലിന്യ സംസ്കരണ മാതൃകയ്ക്ക് ആഗോള പ്രശംസ. ബ്രസീലിലെ ബെലേമിൽ നടന്ന സമ്മേളനത്തിൽ, ഗ്ലോബൽ അലയൻസ് ഫോർ ഇൻസിനറേറ്റർ ആൾട്ടർനേറ്റീവ്‌സിന്റെ (GAIA) ഗ്ലോബൽ കോർഡിനേറ്റർ ക്രിസ്റ്റി കെയ്ത്ത് ആണ് കേരളത്തിന്റെ നേട്ടങ്ങളെ പ്രകീർത്തിച്ചത്. ലോകത്തിലെ തന്നെ ശ്രദ്ധേയമായ മാതൃകകളിലൊന്നായാണ് കേരളത്തിന്റെ ഈ രീതിയെ യു.എൻ. ചൂണ്ടിക്കാണിച്ചത്. അമേരിക്കയിലെയും യൂറോപ്പിലെയും മാതൃകകളോട് കിടപിടിക്കുന്ന ഏഷ്യയിലെ ഉദാഹരണമായാണ് അവർ കേരളത്തെ അവതരിപ്പിച്ചത്.
2000-ൽ ഒരിടത്ത് തുടങ്ങിയ സീറോ വേസ്റ്റ് മാലിന്യ സംസ്കരണ രീതി, പിന്നീട് സംസ്ഥാന സർക്കാറിന്റെ സഹായത്തോടെ സംസ്ഥാനമൊട്ടാകെ വ്യാപിക്കുകയും, ഏകദേശം 25 ലക്ഷത്തോളം വീടുകളിൽ ബയോഗ്യാസ്, കമ്പോസ്റ്റിങ് സംവിധാനങ്ങൾ വഴി നടപ്പിലാക്കുകയും ചെയ്തു. ഈ വികേന്ദ്രീകൃത സംവിധാനം തദ്ദേശ സർക്കാരുകളുടെ ചെലവ് ഗണ്യമായി കുറയ്ക്കാൻ സഹായിച്ചു. മിക്ക വീടുകളിലും മാലിന്യം സംസ്കരണത്തിനുള്ള സംവിധാനം നിലവിലുണ്ട്. അല്ലാത്ത സ്ഥലങ്ങളിൽ സർക്കാർ മാലിന്യം ശേഖരിക്കുന്നു. “വിജയം സാധ്യമാണെന്നാണ് കേരളം കാണിയ്ക്കുന്നത്,” എന്ന് ക്രിസ്റ്റി കെയ്ത് അഭിപ്രായപ്പെട്ടു. ഈ നേട്ടം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് പങ്കുവെച്ചത്.
രഞ്ജിനി രാമചന്ദ്രൻ












