Home ഗൾഫ് വിമാനത്തിൽ വച്ച് ഹൃദയാഘാതം വന്ന യാത്രക്കാരന് രക്ഷകരായി മലയാളി യുവാക്കൾ ; അഭിനന്ദന പ്രവാഹം

വിമാനത്തിൽ വച്ച് ഹൃദയാഘാതം വന്ന യാത്രക്കാരന് രക്ഷകരായി മലയാളി യുവാക്കൾ ; അഭിനന്ദന പ്രവാഹം

186
0

അബുദാബി : യുഎഇയിൽ നഴ്സിംഗ് ജോലിയിൽ പ്രവേശിക്കാനായി ആദ്യമായി വിദേശയാത്ര ചെയ്ത രണ്ട് മലയാളി യുവാക്കൾക്ക് വിമാനം ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുൻപേ ആദ്യത്തെ രോഗിയെ ലഭിച്ചു. വിമാനത്തിനുള്ളിൽ കുഴഞ്ഞുവീണ യാത്രക്കാരന് കാർഡിയാക് അറസ്റ്റ് സ്ഥിരീകരിച്ചതോടെ, ഇരുവരും ചേർന്ന് നടത്തിയ സി.പി.ആർ. (CPR) രക്ഷാപ്രവർത്തനത്തിലൂടെ അദ്ദേഹത്തിന് ജീവൻ തിരിച്ചുനൽകി. വയനാട് സ്വദേശി അഭിജിത്ത് ജീസ് (26), ചെങ്ങന്നൂർ സ്വദേശി അജീഷ് നെൽസൺ (29) എന്നിവരാണ് ഈ ദൗത്യം വിജയകരമാക്കിയത്. ഒക്ടോബർ 13 ന് പുലർച്ചെ 5.30 ന് കൊച്ചിയിൽ നിന്ന് അബുദാബിയിലേക്ക് പുറപ്പെട്ട വിമാനത്തിലായിരുന്നു സംഭവം. അറബിക്കടലിന് മുകളിൽ 35,000 അടി ഉയരത്തിൽ വിമാനം സഞ്ചരിക്കുമ്പോളാണ് അഭിജിത്ത് ഒരു നേരിയ ഞരക്കം കേട്ടത്. തിരിഞ്ഞുനോക്കിയപ്പോൾ, ഒരു യാത്രക്കാരൻ സീറ്റിൽ കുഴഞ്ഞുവീണ് പ്രതികരിക്കാതെ കിടക്കുകയായിരുന്നു.

ഉടൻ തന്നെ പൾസ് പരിശോധിച്ചു. കാർഡിയാക് അറസ്റ്റാണ് എന്ന് മനസ്സിലാക്കിയ അഭിജിത്ത്, വിമാനത്തിന്റെ ഇടനാഴിയിൽ വെച്ച് തന്നെ ഉടൻ സി.പി.ആർ. (Cardiopulmonary Resuscitation) നൽകുകയായിരുന്നു. അടുത്ത സീറ്റുകളിലിരുന്ന അജീഷ് നെൽസൺ ബഹളം കേട്ട് അഭിജിത്തിനൊപ്പം ചേർന്നു. അതോടെ വിമാനത്തിന്റെ ഇടുങ്ങിയ ഇടനാഴി ഒരു എമർജൻസി വാർഡായി മാറി. രണ്ട് റൗണ്ട് തീവ്രമായ സി.പി.ആർ. നൽകിയ ശേഷം, യാത്രക്കാരനിൽ ചലനമുണ്ടാവുകയും നേരിയ പൾസ് തിരിച്ചെത്തുകയും അദ്ദേഹം ശ്വാസമെടുക്കാൻ തുടങ്ങുകയും ചെയ്തു.

തൃശ്ശൂർ സ്വദേശിയായ 34 കാരനായിരുന്നു കുഴഞ്ഞുവീണ യാത്രക്കാരൻ.

സഹയാത്രികനായ ഡോ. ആരിഫ് അബ്ദുൾ ഖാദിർ സഹായവുമായി എത്തി. നഴ്സുമാർക്കൊപ്പം അദ്ദേഹം രോഗിയെ സ്റ്റെബിലൈസ് ചെയ്യുകയും ഐ.വി. ഫ്ലൂയിഡ്സ് നൽകുകയും ബാക്കിയുള്ള യാത്രയിലുടനീളം നിരീക്ഷിക്കുകയും ചെയ്തു. അബുദാബിയിൽ വിമാനം ഇറങ്ങിയപ്പോൾ, എയർപോർട്ട് മെഡിക്കൽ ടീമുകൾ ഉടൻ തന്നെ രോഗിയെ ഏറ്റെടുത്തു. തുടർ ചികിത്സ നൽകിയ ശേഷം അദ്ദേഹത്തിൻ്റെ നില തൃപ്തികരമാണ് എന്ന് റിപ്പോർട്ട് ചെയ്തു. ഇരുവരും യുഎഇയിലെ ഏറ്റവും വലിയ എമർജൻസി മെഡിക്കൽ സർവീസ് ദാതാക്കളായ റെസ്പോൺസ് പ്ലസ് മെഡിക്കലിന്റെ (RPM) ജീവനക്കാരായി ആദ്യമായി ജോലിക്ക് പ്രവേശിക്കുകയായിരുന്നു. സംഭവം ആരോടും പറയാതെ, രണ്ട് നഴ്‌സുമാരും ജോലിസ്ഥലത്തേക്ക് പോവുകയായിരുന്നു. എന്നാൽ, സഹയാത്രികനായ ബ്രിൻ്റ് ആൻ്റോ (RPM ജീവനക്കാരൻ) സംഭവം മാനേജ്‌മെൻ്റിനെ അറിയിച്ചതോടെയാണ് ഇരുവരുടെയും ധീരത പുറത്തായത്.

Previous articleയുകെയിൽ മലയാളി വിദ്യാർത്ഥിയെ കാണാതായി ; വംശീയ അധിക്ഷേപം നേരിട്ടിരുന്നതായി റിപ്പോർട്ട് ; ആശങ്കയിൽ കുടുംബം
Next articleസമീക്ഷ യുകെ നോട്ടിംഗ്ഹാം ബാഡ്മിന്റൺ ടൂർണമെന്റ് നവംബർ 2-ന് ; ദേശീയ മത്സരത്തിനുള്ള മികച്ച താരങ്ങളെ കണ്ടെത്തും

Leave a Reply