ലണ്ടൻ : യുകെയിലെ മലയാളി സമൂഹത്തിൽ ആശങ്കയുണർത്തിക്കൊണ്ട് മറ്റൊരു മിസ്സിംഗ് കേസ് റിപ്പോർട്ട് ചെയ്തിരിക്കുന്നു. ബിർക്ക്ബെക്ക് യൂണിവേഴ്‌സിറ്റിയിൽ പഠിക്കുന്ന അനുഷ് രാജൻ നായർ (23) എന്ന മലയാളി വിദ്യാർത്ഥിയെയാണ് ഒക്ടോബർ 21 മുതൽ കാണാതായത്. ടോട്ടൻഹാമിലെ യുണൈറ്റ് സ്റ്റുഡന്റ്സ് നോർത്ത് ലോഡ്ജ് (Unite Students – North Lodge, Tottenham) ഹോസ്റ്റലിലാണ് അനുഷിനെ അവസാനമായി കണ്ടത്. ഒക്ടോബർ 21-നു ശേഷം ഇയാളുമായി ബന്ധപ്പെടാൻ ആർക്കും കഴിഞ്ഞിട്ടില്ലെന്നാണ് വിവരം.
വംശീയ അധിക്ഷേപം നേരിട്ടതായി റിപ്പോർട്ട് :
അനുഷ് താമസിച്ചിരുന്ന ഹോസ്റ്റലിലെ സഹവാസികളിൽ ചിലരിൽ നിന്ന് ഇയാൾക്ക് വംശീയ അധിക്ഷേപവും വാക്കാലുള്ള പീഡനവും നേരിട്ടിരുന്നതായി റിപ്പോർട്ടുകളുണ്ട്. മൂന്ന് ദിവസത്തിലേറെയായി അനുഷിനെക്കുറിച്ച് യാതൊരു വിവരവുമില്ലാത്ത സാഹചര്യത്തിൽ, സുഹൃത്തുക്കളും സഹപാഠികളും സാമൂഹ്യ മാധ്യമങ്ങളിലൂടെ സഹായം തേടുകയാണ്.
കുടുംബത്തിന്റെ ആശങ്കയും അഭ്യർത്ഥനയും:
അനുഷിന്റെ കുടുംബാംഗങ്ങൾ മകന്റെ സുരക്ഷയെക്കുറിച്ച് കടുത്ത ആശങ്കയിലാണ് കഴിയുന്നത്. അനുഷിനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ബ്രിട്ടീഷ് പോലീസിനെയോ, അല്ലെങ്കിൽ കുടുംബാംഗങ്ങളെയോ 07455844224 അല്ലെങ്കിൽ +91 97698 48324 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് കുടുംബം അഭ്യർഥിച്ചിട്ടുണ്ട്. മലയാളി സമൂഹം സാമൂഹ്യ മാധ്യമങ്ങളിലൂടെ അനുഷിനെ കണ്ടെത്താനുള്ള ശ്രമങ്ങൾ ശക്തമാക്കിയിരിക്കുകയാണ്. നേരത്തെ, നോട്ടിംഗ്ഹാമിൽ നിന്നും കാണാതായ മലയാളി ഗൃഹനാഥനായ സ്റ്റീഫൻ ജോർജ്ജി(47)നെ നാല് ദിവസങ്ങൾക്ക് ശേഷം സുരക്ഷിതനായി കണ്ടെത്തിയിരുന്നു.














