Home അമേരിക്ക വൈറ്റ് ഹൗസിൽ ദീപാവലി ആഘോഷിച്ച് ട്രംപ് ; ഇന്ത്യക്കാർ പ്രിയരെന്ന് അഭിപ്രായം

വൈറ്റ് ഹൗസിൽ ദീപാവലി ആഘോഷിച്ച് ട്രംപ് ; ഇന്ത്യക്കാർ പ്രിയരെന്ന് അഭിപ്രായം

157
0

വൈറ്റ് ഹൗസിൽ ചൊവാഴ്ച്ച പ്രത്യേക ദീപാവലി ആഘോഷം നടത്തിയ പ്രസിഡന്റ് ഡോണൾഡ്‌ ട്രംപ് പ്രധാനമന്ത്രി നരേന്ദ്ര മോദി മഹാനായ വ്യക്തിയാണെന്നും ഇന്ത്യക്കാരെ താൻ ഇഷ്ടപ്പെടുന്നുവെന്നും പറഞ്ഞു. ട്രംപിന്റെ ആശംസകൾക്കു നന്ദി പറഞ്ഞ മോദി, എല്ലാ വിധ ഭീകരതയെയും നേരിടാൻ ഇരു രാജ്യങ്ങൾക്കും ഒന്നിച്ചു നിൽക്കാൻ കഴിയുമെന്നു പ്രത്യാശ പ്രകടിപ്പിച്ചു. മോദിയോടു താൻ ചൊവാഴ്ച്ച സംസാരിച്ചെന്നും രണ്ടു രാജ്യങ്ങളും ചില വമ്പൻ ഡീലുകളോട് അടുത്ത് കൊണ്ടിരിക്കയാണെന്നും മാധ്യമങ്ങളോടു ട്രംപ് പറഞ്ഞു. “പ്രധാനമന്ത്രിയോട് ഞാൻ ഇന്നു സംസാരിച്ചു. ഗംഭീരമായൊരു സംഭാഷണം. ഞങ്ങൾ വ്യാപാരം സംസാരിച്ചു. മറ്റു ഒട്ടേറെ കാര്യങ്ങളും സംസാരിച്ചെങ്കിലും ആഗോള വ്യാപാരം ആയിരുന്നു മുഖ്യം. അദ്ദേഹം അതിൽ വലിയ താല്പര്യം കാട്ടി.” ഇന്ത്യ റഷ്യയിൽ നിന്ന് അധികം എണ്ണ വാങ്ങില്ലെന്നു മോദി ഉറപ്പു നൽകിയെന്നും ട്രംപ് പറഞ്ഞു.

മോദി എക്‌സിൽ കുറിച്ചു: “നന്ദി പ്രസിഡന്റ് ട്രംപ്, വിളിച്ചതിനും ദീപാവലി ആശംസകൾക്കും. ഈ വെളിച്ചത്തിന്റെ ഉത്സവ കാലത്തു നമ്മുടെ രണ്ടു മഹത്തായ ജനാധിപത്യ രാജ്യങ്ങളും ലോകത്തിനു പ്രത്യാശയുടെ വെളിച്ചം നൽകട്ടെ. എല്ലാ വിധ ഭീകരതയ്ക്കും എതിരെ നമുക്കു ഒന്നിച്ചു നിൽക്കാം.” വൈറ്റ് ഹൗസ് ആഘോഷത്തിൽ ഇന്ത്യൻ അംബാസഡർ വിനയ് കത്ര, ഇന്ത്യയിലെ നിയുക്ത യുഎസ് അംബാസഡർ സെർജിയോ ഗോർ, എഫ് ബി ഐ ഡയറക്റ്റർ കാഷ് പട്ടേൽ, ഡയറക്റ്റർ ഓഫ് ഇന്റലിജൻസ് തുൾസി ഗാബർഡ് എന്നിവരും പ്രമുഖ ഇന്ത്യൻ ബിസിനസുകാരും പങ്കെടുത്തു. ഓവൽ ഓഫിസിൽ ട്രംപ് വിളക്കു തെളിച്ചു അതിനെ ഇരുട്ടിനെതിരെ വെളിച്ചം നേടുന്ന വിജയത്തിന്റെ പ്രതീകമെന്നു വിശേഷിപ്പിച്ചു. ഇന്ത്യൻ ജനതയ്ക്കു ഊഷ്മളമായ ആശംസകൾ നേരുകയും ചെയ്തു.

“അജ്ഞതയ്ക്കു മേൽ അറിവിന്റെ വിജയം, തിന്മയുടെ മേൽ നന്മയുടെ വിജയം. ദീപാവലി കാലത്തു ആഘോഷിക്കുന്നവർ ശത്രുക്കളെ തോൽപിച്ച പ്രാചീന കഥകൾ പറയും. തടസങ്ങളെ അതിജീവിച്ച കഥകൾ, ബന്ദികളെ മോചിപ്പിച്ച കഥകൾ. ഈ വിളക്കിന്റെ വെളിച്ചം നമ്മെ ഓര്മിപ്പിക്കുന്നത് അറിവിന്റെ വഴി തേടാനും നമുക്ക് ലഭ്യമായ നിരവധി അനുഗ്രഹങ്ങൾക്കു നന്ദി പറയാനുമാണ്,” ട്രംപ് പറഞ്ഞു. ദീപാവലി ആഘോഷിക്കാൻ വൈറ്റ് ഹൗസ് തുറന്നതിനു അംബാസഡർ കത്ര ട്രംപിനു നന്ദി പറഞ്ഞു. “പ്രധാനമന്ത്രിയുടെ പേരിലും 5 മില്യൺ വരുന്ന ഇന്ത്യൻ പ്രവാസി സമൂഹത്തിന്റെ പേരിലും ഞാൻ അങ്ങേയ്ക്കു വളരെ വളരെ സന്തുഷ്ടമായ ദീപാവലി ആശംസിക്കുന്നു.” വൈറ്റ് ഹൗസിൽ ദീപാവലി ആഘോഷിക്കുന്നതിനു കാഷ് പട്ടേൽ ട്രംപിനെ പ്രശംസിച്ചു.

Previous article‘ചിത്രരാഗം ‘ ഹാലോവിയന്‍ ഷോ ന്യൂയോര്‍ക്കില്‍ .
Next articleറഷ്യയിലെ ഗ്യാസ് സംസ്കരണ പ്ലാന്റില്‍ ഉക്രെയ്ന്‍ ഡ്രോണ്‍ ആക്രമണം നടത്തി

Leave a Reply