ന്യൂഡല്‍ഹി : യുക്രെയിനെതിരായ യുദ്ധത്തില്‍ റഷ്യന്‍ സൈന്യത്തിനൊപ്പം ചേരരുതെന്ന് ഇന്ത്യന്‍ പൗരന്മാര്‍ക്ക് നിര്‍ദേശം നല്‍കി വിദേശകാര്യ മന്ത്രാലയം. മോസ്കോയിലേക്ക് യാത്ര ചെയ്ത നിരവധി ഇന്ത്യക്കാരെ യുക്രെയിനിലെ യുദ്ധ ജോലികള്‍ക്ക് നിര്‍ബന്ധിതരാക്കിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനു പിന്നാലെയാണ് നിര്‍ദേശം. “അടുത്തിടെ ഇന്ത്യന്‍ പൗരന്മാരെ റഷ്യന്‍ സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്തതായി റിപ്പോര്‍ട്ടുകള്‍ കണ്ടു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ സര്‍ക്കാര്‍ നിരവധി തവണ ഈ നടപടിയുടെ അപകടസാധ്യതകള്‍ അടിവരയിട്ടു, അതനുസരിച്ച് വളരെ അപകടം നിറഞ്ഞ ഈ സാഹചര്യത്തെ കുറിച്ച് ഇന്ത്യന്‍ പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്,”~ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. റഷ്യയിലേക്കെത്തിയ വിദ്യാര്‍ഥികളടക്കമുള്ള നിരവധി ഇന്ത്യക്കാര്‍ റഷ്യന്‍ സൈന്യത്തിലേക്ക് ചേര്‍ന്നതായി അടുത്തിടെ ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു. നിരവധി ഏജന്‍റുമാര്‍ ഇതിനായി പ്രവര്‍ത്തിക്കുന്നതായും നിര്‍മാണ ജോലികള്‍ക്കായി എത്തുന്നവരെ കൂടുതലായി യുദ്ധങ്ങള്‍ക്കയക്കുന്നതായും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. പിന്നാലെയാണ് വിദേശകാര്യ മന്ത്രാലയം ഇത് സംബന്ധിച്ച് വീണ്ടും നിര്‍ദേശം നല്‍കിയത്.













