മലയാള സിനിമയുടെ ചരിത്രത്തില്‍ ആദ്യമായി യുഎസില്‍ ഒരു മലയാള ചിത്രത്തിൻ്റെ ലോഞ്ചിംഗ് വിപുലമായ രീതിയില്‍ ആഘോഷിക്കപ്പെട്ടു. മലയാളി സിനിമാപ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന എമ്പുരാന്‍റെ ലോഞ്ച് ആണ് ന്യൂ യോർക്കിലെ ടൈം സ്ക്വയറില്‍ ആഘോഷിക്കപ്പെട്ടത്. മോഹൻലാല്‍ ആരാധകരായ വലിയ കൂട്ടം പങ്കെടുത്ത വിപുലമായ പരിപാടി ആയിരുന്നു ഇത്. ഒരു ദിവസം മുഴുവൻ ഇവിടെ എമ്പുരാൻ്റെ ടീസർ ലൈവ് ആയി പ്രദർശിപ്പിച്ചു. അറുപതോളം കലാകാരന്മാർ പങ്കെടുത്ത സംഗീത, നൃത്ത പരിപാടികള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള പരിപാടി ന്യൂയോർക്ക് നിവാസികള്‍ക്കും പുതുമയായിരുന്നു. കേരളം കഴിഞ്ഞാല്‍ ഒരു മലയാള സിനിമയുടെ ഇത്തരം ചടങ്ങുകള്‍ നടക്കുക ദുബൈയിലാണ്. വലിയ ജനപങ്കാളിത്തത്തോടെ അമേരിക്കയില്‍ ഇത്തരമൊരു ചടങ്ങ് നടത്തുകയെന്നത് ശ്രമകരമായ ഒരു കാര്യമാണ്. നീല്‍ വിൻസെൻ്റ് ആയിരുന്നു ന്യൂയോർക്കിലെ ഈ പരിപാടിയുടെ കോഡിനേറ്റർ.
യുഎസിലെ വിവിധ പ്രവിശ്യകളില്‍ നിന്നുള്ള ആരാധകർ ഈ ആഘോഷ പരിപാടിയില്‍ പങ്കെടുക്കുകയുണ്ടായി. ലൂസിഫറിന്‍റെ രണ്ടാം ഭാഗമായ എമ്ബുരാന്‍റെ ആഗോള റിലീസ് മാര്‍ച്ച് 27 ന് ആണ്. ഖുറേഷി അബ്രാം/ സ്റ്റീഫൻ നെടുമ്പള്ളി എന്ന പ്രധാന കഥാപാത്രമായി മോഹൻലാല്‍ അഭിനയിക്കുന്ന ചിത്രത്തില്‍ പൃഥ്വിരാജ്, മഞ്ജു വാര്യർ, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരൻ, സുരാജ് വെഞ്ഞാറമൂട്, ജെറോം ഫ്ലിൻ, ബൈജു, സായ്‌കുമാർ, ആൻഡ്രിയ ടിവാടർ, അഭിമന്യു സിങ്, സാനിയ ഇയ്യപ്പൻ, ഫാസില്‍, സച്ചിൻ ഖഡ്കർ, നൈല ഉഷ, ജിജു ജോണ്‍, നന്ദു, മുരുകൻ മാർട്ടിൻ, ശിവജി ഗുരുവായൂർ, മണിക്കുട്ടൻ, അനീഷ് ജി മേനോൻ, ശിവദ, അലക്സ് ഒനീല്‍, എറിക് എബണി, കാർത്തികേയ ദേവ്, മിഹയേല് നോവിക്കോവ്, കിഷോർ, സുകാന്ത്, ബെഹ്‌സാദ് ഖാൻ, നിഖാത് ഖാൻ, സത്യജിത് ശർമ്മ, നയൻ ഭട്ട്, ശുഭാംഗി, ജൈസ് ജോസ് തുടങ്ങി വമ്ബൻ താരനിരയാണ് അണിനിരക്കുന്നത്. ഗെയിം ഓഫ് ത്രോണ്‍സിലൂടെ ലോക പ്രശസ്തനായ ജെറോം ഫ്‌ളിന്നിന്റെ സാന്നിധ്യം ചിത്രത്തിന്റെ താരനിരക്ക് നല്‍കിയത് ഒരു ഇന്റർനാഷണല്‍ അപ്പീലാണ്.












