തിരുവനന്തപുരം: റിക്കാർഡ് ഭൂരിപക്ഷവുമായി പാലക്കാട് നിയമസഭാ തെരഞ്ഞെടുപ്പിൽ രാഹുൽ മാങ്കൂട്ടത്തിന് ജയം. പാലക്കാടിൻ്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷമായ 18715 വോട്ടുകൾക്കാട് രാഹുലിന്റെ ജയം. ചേലക്കരയിൽ ഇടതു സ്ഥാനാർഥി യുആർ പ്രദീപ് 12212 വോട്ടിന് ജയം നേടി. വയനാട്ടിൽ മിന്നും പ്രകടന വുമായി പ്രിയങ്ക ഗാന്ധി നാലുലക്ഷം
വോട്ടിൻ്റെ ഭൂരിപക്ഷം നേടി.
പാലക്കാട് നഗരസഭയിൽ ഇത്തവണ ബിജെപിക്ക് വലിയ തോതിൽ വോട്ട് കുറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇ. ശ്രീധരനുണ്ടാക്കിയ നേട്ടമുണ്ടാക്കാൻ സി കൃഷ്ണകുമാറിന് സാധിച്ചില്ല. നഗരസഭയിൽ ഇത്തവണ ബിജെപിക്ക് കുറഞ്ഞ വോട്ടുകൾ, കോൺഗ്രസിലേക്കാണ് വോട്ട് ചോർന്നത്. രാഹുൽ മാങ്കൂട്ടത്തിലിന് കഴിഞ്ഞ തവണ കോൺഗ്രസിന് ലഭിച്ചതിനേക്കാൾ 430 വോട്ട് നഗരസഭയിൽ കൂടി. സിപിഎം സ്വതന്ത്ര സ്ഥാനാർത്ഥി പി സരിന് 111 വോട്ടും വർധിച്ചു.
ചേലക്കരയിൽ ഇടത് മുന്നേറ്റം തുടക്കത്തിൽ തന്നെ ദൃശ്യമായിരുന്നു. വരവൂർ പഞ്ചായത്തിലെ വോട്ടുകളാണ് ആദ്യം എണ്ണിയത്. എൽഡിഎഫ് തങ്ങളുടെ ഉരുക്കുകോട്ടയായി നിലനിർത്തിയ മണ്ഡലത്തിൽ അട്ടിമറി പ്രതീക്ഷ നിലനിർത്തിയാണ് യുഡിഎഫ് രമ്യ ഹരിദാസിനെ ഇറക്കിയത്. എന്നാൽ പ്രതീക്ഷിച്ച മുന്നേറ്റമുണ്ടാക്കാൻ രമ്യ ഹരിദാസിന് സാധിച്ചില്ല.












