Home യൂറോപ്പ് മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ യുകെ-യൂറോപ്പ്-ആഫ്രിക്ക ഭദ്രാസന ഉദ്ഘാടനം: 29 ന് ബെര്‍മിങ്ഹാമില്‍

മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ യുകെ-യൂറോപ്പ്-ആഫ്രിക്ക ഭദ്രാസന ഉദ്ഘാടനം: 29 ന് ബെര്‍മിങ്ഹാമില്‍

320
0

ബെര്‍മിങ്ഹാം: മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ പതിനാലാമത് ഭദ്രാസനമായി യുകെ – യൂറോപ്പ് – ആഫ്രിക്ക ഭദ്രാസനം രൂപംകൊള്ളുന്നു. വളർന്നുവരുന്ന പ്രവാസി വിശ്വാസ സമൂഹത്തിന്റെ ആത്മീയ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി അഭിവന്ദ്യ സിനഡിൻ്റെ തീരുമാനപ്രകാരം യുകെ – യൂറോപ്പ് – ആഫ്രിക്ക മേഖലകളിലുള്ള മാർത്തോമ്മാ ഇടവകകളെ ഉൾപ്പെടുത്തി കൊണ്ട് 2024 ജനുവരി മാസം 1 മുതൽ പുതിയ ഭദ്രാസനമായി മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ പരമാധ്യക്ഷൻ അഭിവന്ദ്യ ഡോ. തിയോഡോഷ്യസ് മാർത്തോമ്മാ മെത്രപ്പോലീത്താ പ്രഖ്യാപിച്ചു. ഈ അനുഗ്രഹീത നിമിഷത്തിൻ്റെ ഔപചാരിക ഉദ്ഘാടനം 2024 സെപ്റ്റംബർ മാസം 29-ാം തീയതി ബിർമിങ്ഹാമിലുള്ള ബെഥേല്‍ കൺവൻഷൻ സെൻ്ററിൽ വെച്ച് നടത്തുവാൻ നിശ്ചയിച്ചിരിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു. രാവിലെ 10 മണിക്ക് വിശുദ്ധ കുർബ്ബാനയോടെ യോഗം ആരംഭിക്കും.

സഭയുടെ പരമാദ്ധ്യക്ഷൻ അഭിവന്ദ്യ ഡോ. തിയൊഡോഷ്യസ് മാർത്തോമ്മാ മെത്രപ്പോലീത്താ വിശുദ്ധ കുർബ്ബാനക്ക് നേത്യത്വം നൽകും. അഭിവന്ദ്യരായ ഡോ. യൂയാക്കീം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പോലീത്താ, ജോസഫ് മാർ ബർന്നബാസ് സഫ്രഗൻ മെത്രാപ്പോലീത്താ, ഡോ. ഐസക്ക് മാർ ഫീലക്സിനോസ് എപ്പിസ്കോപ്പാ, ഭദ്രാസന അദ്ധ്യക്ഷൻ ഡോ. ജോസഫ് മാർ ഇവാനിയോസ് എപ്പിസ്കോപ്പാ എന്നിവർ സഹകാർമ്മികരാകും. ഉച്ചക്ക് പൊതുസമ്മേളനത്തിൽ മാർത്തോമ്മാ സഭയിലെ അഭിവന്ദ്യരായ നടത്തപ്പെടുന്ന തിരുമേനിമാരോടൊപ്പം അഭിവന്ദ്യരായ ഏബ്രഹാം മാർ സ്തേഫാനോസ് മെത്രാപ്പോലീത്ത (മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ), ഐസക്ക് മാർ ഒസ്‌താസിയോസ് മെത്രാപ്പോലീത്ത (മലങ്കര സിറിയൻ ഓർത്തോഡോക്സ് സഭ), മാർ ജോസഫ് സ്രാമ്പിക്കൽ തിരുമേനി (സീറോ മലബാർ കത്തോലിക്ക സഭ), ഓക്സ്ഫോർഡ് സർവ്വകലാശാലയുടെ വൈസ് പ്രിൻസിപ്പലായ ദ് റവ. കാനൻ പ്രൊഫസർ ഡോ. മാർക്ക് ചാപ്പ്മാൻ, യുകെയിലെ ആദ്യ മലയാളി എം.പി.യായ സോജൻ ജോസഫ് എന്നിവർ അതിഥികളായി പങ്കെടുക്കും.

യൂകെ. യൂറോപ്പ്, ആഫ്രിക്ക, നൈജീരിയ എന്നിവിടങ്ങളിൽ നിന്നായി ഏകദേശം ആയിരത്തിയെണ്ണൂറോളം ആളുകള്‍ പങ്കെടുക്കുന്നതിനായി ഇതിനകം രജിസ്റ്റർ ചെയ്‌തുകഴിഞ്ഞതായി ഭാരവാഹികൾ അറിയിച്ചു. ഭദ്രാസന അദ്ധ്യക്ഷൻ അഭിവന്ദ്യ ഡോ. ജോസഫ് മാർ ഇവാനിയോസ് എപ്പി‌സ്കോപ്പ തിരുമേനിയുടെ നേത്യത്വത്തിൽ ഭദ്രാസനത്തിലെ പട്ടക്കാർ ഉൾപ്പെടെ നൂറ്റിയൻപതിലധികം ആളുകൾ ഉൾപ്പെടുന്ന വിവിധ സബ്‌കമ്മിറ്റികളിലൂടെ ക്രമീകരണങ്ങൾ പൂർത്തിയായി വരുന്നതായി സെക്രട്ടറി റവ. ജോൺ മാത്യു സി, ജനറൽ കൺവീനർ റവ. സോജു. എം. തോമസ്, കൺവീനർ പി. എം. മാത്യു. ട്രഷറർ തോമസ് ഏബ്രഹാം എന്നിവർ അറിയിച്ചു.

Previous articleഇസ്രയേല്‍ ആക്രമണത്തില്‍ ലബനനില്‍ മരണം 492 ആയി; ആളുകളുടെ കൂട്ടപ്പലായനം
Next articleശ്രീലങ്കയുടെ വനിതാ പ്രധാനമന്ത്രിയായി ഡോ. ഹരിണി അമരസൂര്യ

Leave a Reply