മണര്‍കാട്: പോര്‍ച്ചുഗീസ് ചാരുത ചോരാതെ മണര്‍കാട് പള്ളിക്കു നവീകരണം. സെപ്റ്റംബര്‍ ഒന്നു മുതല്‍ എട്ടു വരെ ആചരിക്കുന്ന ചരിത്ര പ്രസിദ്ധമായ എട്ടുനോമ്പ് പെരുന്നാളിനോട് അനുബന്ധിച്ചാണ് നവീകരണം നടത്തിയത്. 16ാം നൂറ്റാണ്ടില്‍ പോര്‍ച്ചുഗീസ് ശൈലിയില്‍ നിര്‍മിച്ചിരിക്കുന്ന ദേവാലയത്തിന്റെ പഴമയും പൗരാണികതയും നഷ്ടപെടാതെയാണു നവീകരണപ്രവര്‍ത്തനങ്ങള്‍ നടത്തിയിരിക്കുന്നത്. കത്തീഡ്രലിന്റെ ഉള്‍ഭാഗത്തെ പാനലിങ്, ലൈറ്റിങ് ഉള്‍പ്പെടെയുള്ള നവീകരണ പണികളാണു കഴിഞ്ഞ രണ്ടു മാസം കൊണ്ടു പൂര്‍ത്തീകരിച്ചത്. പള്ളിയുടെ ഉള്‍ഭാഗത്ത് തേക്ക് തടി കൊണ്ടുള്ള വോള്‍ പാനലിങും റൂഫിങും ചെയ്തു. മേല്‍ക്കൂരയില്‍ കൂടുതല്‍ അലങ്കാരങ്ങള്‍ വരച്ചു ചേര്‍ത്തു. പള്ളിക്കുള്ളിലെ തൂണുകളില്‍ മാര്‍ബിള്‍ ഡിസൈന്‍ നല്‍കി വ്യത്യസ്ഥമാക്കി. നവീകരിച്ച പള്ളിയുടെ കൂദാശ 14നു നടക്കും.
വൈകിട്ട് അഞ്ചിനു നടക്കുന്ന കൂദാശയ്ക്കും സന്ധ്യാ പ്രാര്‍ഥനയ്ക്കും മൈലാപ്പൂര്‍ ഭദ്രാസനാധിപന്‍ ഐസക് മോര്‍ ഒസ്താത്തിയോസ് മെത്രാപ്പോലീത്താ പ്രധാന കാര്‍മ്മികത്വം വഹിക്കും. നവീകരണത്തിനു ശേഷമുള്ള പ്രഥമ കുര്‍ബാനയും വിശുദ്ധ ദേവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാളും 15നു നടക്കും. മംഗലാപുരം ഭദ്രാസനാധിപനും ഹോണവോര്‍ മിഷന്‍ ചീഫ് കോഓര്‍ഡിനേറ്ററുമായ യാക്കോബ് മോര്‍ അന്തോണിയോസ് മൊത്രാപ്പോലീത്തയുടെ പ്രധാന കാര്‍മ്മികത്വത്തില്‍ 15നു രാവിലെ ഏഴിനു മൂന്നിന്മേല്‍ കുര്‍ബാനയും വാങ്ങിപ്പ് പെരുന്നാള്‍ ശുശ്രൂഷയും നടക്കും. വികാരി ഇ.ടി. കുറിയാക്കോസ് കോര്‍ എപ്പിസ്‌കോപ്പാ ഇട്ടിയാടത്ത്, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ കെ. കുറിയാക്കോസ് കോര്‍ എപ്പിസ്‌കോപ്പാ കിഴക്കേടത്ത്, ട്രസ്റ്റിമാരായ പി.എ. എബ്രഹാം പഴയിടത്ത് വയലില്‍, വര്‍ഗീസ് ഐപ്പ് മുതലുപടിയില്‍, ഡോ. ജിതിന്‍ കുര്യന്‍ ആന്‍ഡ്രൂസ് ചിരവത്തറ, സെക്രട്ടറി വി.ജെ. ജേക്കബ് വാഴത്തറ എന്നിവര്‍ ക്രമീകരണങ്ങള്‍ക്കു നേതൃത്വം നല്‍കും.













