ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസ് തകര്‍ന്നടിയുമെന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ തള്ളി സംസ്ഥാനത്തെ പിസിസി അദ്ധ്യക്ഷനും, ഉപമുഖ്യമന്ത്രിയുമായ ഡി.കെ ശിവകുമാര്‍. നിലവില്‍ സംസ്ഥാനം ഭരിക്കുന്ന കോണ്‍ഗ്രസ് മൂന്നില്‍ രണ്ട് ലോക്‌സഭാ മണ്ഡലങ്ങളിലും വിജയക്കൊടി നാട്ടുമെന്ന് ശിവകുമാര്‍ പറഞ്ഞു. നിയമസഭാതെരഞ്ഞെടുപ്പില്‍ 136 സീറ്റുകളില്‍ കോണ്‍ഗ്രസ് വിജയിക്കുമെന്ന് താന്‍ പറഞ്ഞത് സത്യമായ കാര്യവും കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷനായ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഡഗെയുടെ നേതൃത്വത്തില്‍ ചേര്‍ന്ന സൂം മീറ്റിങ്ങില്‍ ശിവകുമാര്‍ ചൂണ്ടിക്കാട്ടി.
ലോക്‌സഭാ തെരഞ്ഞെടുപ്പ് സംബന്ധിച്ച് കോണ്‍ഗ്രസ് ആഭ്യന്തര സര്‍വേ നടത്തിയിട്ടുണ്ടെന്നും, ആര്‍എസ്എസിന്റെ ശക്തികേന്ദ്രങ്ങളായ ധര്‍വാഡിലും, ദക്ഷിണ കന്നഡയിലുമടക്കം കോണ്‍ഗ്രസ് വിജയം വരിക്കുമെന്നാണ് പ്രവര്‍ത്തകരില്‍ നിന്നും ലഭിക്കുന്ന റിപ്പോര്‍ട്ടുകളെന്നും അദ്ദേഹം പറഞ്ഞു. അതേസമയം 28 ലോക്‌സഭാ മണ്ഡലങ്ങളുള്ള കര്‍ണ്ണാടകയില്‍ ബിജെപിക്ക് വന്‍ വിജയമാണ് മിക്ക എക്‌സിറ്റ് പോള്‍ സര്‍വേകളും പ്രവചിച്ചിട്ടുള്ളത്. ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ സഖ്യം 20 സീറ്റുകള്‍ നേടുമെന്ന് ടിവി9 ഭാരത് വര്‍ഷ്- പോള്‍സ്ട്രാറ്റ് സര്‍വേ പറയുമ്പോള്‍, എന്‍ഡിഎയ്ക്ക് 23-25 സീറ്റുകളാണ് ഇന്ത്യാ ടുഡേ പ്രവചിക്കുന്നത്. റിപ്പബ്ലിക്- പി മാര്‍ക്ക് സര്‍വേയിലും ഇന്ത്യാ ടുഡേയ്ക്ക് സമാനമായ ഫലമാണ് പ്രവചിച്ചിരിക്കുന്നത്.













