Home ഗൾഫ് ഇന്ത്യൻ ഹാജിമാര്‍ക്ക് ഇത്തവണ ഹറമൈൻ ട്രെയിൻ സേവനം

ഇന്ത്യൻ ഹാജിമാര്‍ക്ക് ഇത്തവണ ഹറമൈൻ ട്രെയിൻ സേവനം

300
0

ജിദ്ദ: ഇന്ത്യൻ ഹാജിമാർക്ക് ഇത്തവണ ഹറമൈൻ ട്രെയിൻ സേവനം ലഭ്യമാക്കുമെന്ന് ജിദ്ദ ഇന്ത്യൻ കോണ്‍സല്‍ ജനറല്‍ മുഹമ്മദ് ഷാഹിദ് ആലം.
ഇതാദ്യമായി ഇത്തവണ മിന പരിധിക്കുളളില്‍ തന്നെ ഇന്ത്യൻ ഹാജിമാർക്ക് താമസ സൗകര്യം ലഭിക്കും. മദീനയിലും ഹറമിനോട് ചേർന്നാണ് ഇത്തവണ താമസ സൗകര്യം ഒരുക്കിയിട്ടുള്ളത്. മുൻ വർഷങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി നിരവധി പുതിയ സേവനങ്ങള്‍ ഇത്തവണ ഇന്ത്യൻ ഹാജിമാർക്കായി ഒരുക്കിയിട്ടുണ്ടെന്നും കോണ്‍സല്‍ ജനറല്‍ ജിദ്ദയില്‍ വാർത്ത സമ്മേളനത്തില്‍ പറഞ്ഞു.

ഇതാദ്യമായാണ് ഇന്ത്യൻ ഹാജിമാർക്ക് ജിദ്ദ വിമാനത്താവളത്തില്‍ നിന്ന് ഹറമൈൻ ട്രെയിനില്‍ നേരിട്ട് മക്കയിലേക്ക് യാത്ര ചെയ്യാനാകുക. മുംബൈ എംബാർക്കേഷൻ പോയിന്റില്‍ നിന്ന് ജിദ്ദയിലെത്തുന്ന തീർഥാടകർക്കാണ് ഈ സൗകര്യം ലഭിക്കുക. ഇതുവരെ ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ 52,000 ഇന്ത്യൻ ഹാജിമാർ മക്കയിലും മദീനിയിലുമെത്തി. മദീനയില്‍ ഭൂരിഭാഗം ഇന്ത്യൻ തീർഥാടകർക്കും ഹറമിനോട് അടുത്തുള്ള മർക്കസിയ്യ ഏരിയിയില്‍ തന്നെ താമസ സൗകര്യം ഒരുക്കാനായതും ഈ വർഷത്തെ പ്രത്യേകതയാണ്. കൂടാതെ ഇത്തവണ ആദ്യമായി മിനയിലും മിനാ പരിധിക്കുള്ളില്‍ വരുന്ന 2,3,4 സോണുകളില്‍ തന്നെ താമസ സൗകര്യം ലഭിച്ചു. അറഫയില്‍ കൂളറുകള്‍ക്ക് പകരം ഇത്തവണ എയർകണ്ടീഷനിംഗ് ചെയ്ത താമസ സൗകര്യവും ഇന്ത്യൻ ഹാജിമാർക്ക് നല്‍കുമെന്ന് കോണ്‍സല്‍ ജനറല്‍ പറഞ്ഞു.

മൂന്ന് മനോരോഗ വിദഗധരുള്‍പ്പെടെ 180 ഡോക്ടർമാരും പാരാ മെഡിക്കല്‍ സ്റ്റാഫുകളുമുള്‍പ്പെടെ 350 മെഡിക്കല്‍ വിദഗ്ധർ ഇത്തവണ ഹാജിമാരുടെ സേവനത്തിനായി നാട്ടില്‍ നിന്നെത്തും. കൂടാതെ 200 തീർഥാടകർക്ക് ഒരാള്‍ എന്ന തോതില്‍ സന്നദ്ധ സേവകരും നാട്ടില്‍ നിന്ന് വരും. മുൻ വർഷങ്ങളില്‍ ഇത് മുന്നൂറ് തീർഥാടകർക്ക് ഒരാള്‍ എന്ന തോതിലായിരുന്നു. ഇവരുടെ പ്രവർത്തനങ്ങള്‍ ശക്തമായി നിരീക്ഷിക്കുമെന്നും ആവശ്യമായ ഘട്ടങ്ങളില്‍ ഹാജിമാർക്ക് സേവനം നല്‍കാതിരുന്നാല്‍ നടപടികള്‍ സ്വീകരിക്കുമെന്നും സിജി പറഞ്ഞു. 5000 ത്തോളം മഹറമില്ലാത്ത വനിതാ തീർഥാടകരാണ ഇത്തവണ എത്തുന്നത്. ഇവർക്ക് പ്രത്യേകമായ പരിചരണം നല്‍കാനായി മുപ്പതോളം വനിതാ ഉദ്യഗസ്ഥരുമുണ്ടാകും. പൊതു ഇടങ്ങളില്‍ വീണ് കിടക്കുന്ന സാധനങ്ങളെടുക്കാനോ അവ സുരക്ഷ ഉദ്യോഗസ്ഥരെ ഏല്‍പ്പിക്കാനോ സുരക്ഷ ഉദ്യോഗസ്ഥരുമായി വാക്ക് തർക്കത്തിലേർപ്പെടാനോ ഹാജിമാർ മുതിരരുത്. ഇത്തരം കാര്യങ്ങളെല്ലാം പല പ്രശ്‌നങ്ങള്‍ക്കും വഴിവെക്കുമെന്നും കോണ്‍സല്‍ ജനറല്‍ ഓർമിപ്പിച്ചു. ഹജ്ജ് കോണ്‍സല്‍ മുഹമ്മദ് അബ്ദുല്‍ ജലീല്‍, പ്രസ് ഇൻഫർമേഷൻ കള്‍ച്ചർ കോമേഴ്സ് കോണ്‍സല്‍ മുഹമ്മദ് ഹാഷിം എന്നിവരും വാർത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Previous articleകടല്‍ പ്രക്ഷുബ്ധമാകും; യുഎഇയില്‍ യെല്ലോ അലെര്‍ട്ട് ; മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
Next articleആദ്യ മില്ലേനിയല്‍ സെയിന്റ്; കംപ്യൂട്ടർ പ്രതിഭ കാർലോ അക്യൂട്ടിസിന് വിശുദ്ധപദവി

Leave a Reply