Home ഇന്ത്യ സംസ്ഥാനത്ത് വ്യാപക മഴ തുടരും; എട്ടു ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് വ്യാപക മഴ തുടരും; എട്ടു ജില്ലകളിൽ യെല്ലോ അലർട്ട്

14
0

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ പ്രവചനം. ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും ചൊവ്വാഴ്ചയും ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30-40 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ യെല്ലോ അലർട്ടാണ്. കൂടാതെ, ബുധനാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലും വ്യാഴാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും വെള്ളിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. വരുംമണിക്കൂറിൽ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും സമീപ മധ്യകിഴക്കൻ ബംഗാൾ ഉൾക്കടലിനും മുകളിൽ ശക്തി കൂടിയ ന്യൂനമർദം സ്ഥിതിചെയ്യുന്നു. വരുംമണിക്കൂറുകളിൽ പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദമായി ശക്തിപ്രാപിക്കാൻ സാധ്യതയുണ്ട്.തുടർന്നുള്ള 24 മണിക്കൂറിനുള്ളിൽ മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും സമീപ വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലുമായി അതിതീവ്ര ന്യൂനമർദമായി വീണ്ടും ശക്തിപ്രാപിക്കാൻ സാധ്യതയുണ്ട്. തുടർന്നും പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് ബുധനാഴ്ച രാവിലെ വടക്കൻ ആന്ധ്രപ്രദേശ്-തെക്കൻ ഒഡിഷ തീരങ്ങൾക്ക് സമീപം എത്താൻ സാധ്യതയുണ്ട്.മധ്യ തമിഴ്നാടിനും സമീപ പ്രദേശങ്ങൾക്കും മുകളിൽ സമുദ്രനിരപ്പിൽ നിന്ന് 4.5 മുതൽ 7.6 കിലോമീറ്റർ വരെ ഉയരത്തിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നു. കേരളം, തമിഴ്‌നാട്, തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിലൂടെയും തെക്കുകിഴക്കൻ അറബിക്കടലിൽ നിന്ന് ന്യൂനമർദ്ദ മേഖലയുമായി ബന്ധപ്പെട്ട മധ്യ തമിഴ്‌നാടിനും സമീപ പ്രദേശങ്ങൾക്കും മുകളിലുള്ള ചക്രവാതച്ചുഴിയുടെ കേന്ദ്രത്തിലൂടെയും പ്രസ്തുത ചക്രവാതച്ചുഴിയിലേക്ക് സമുദ്രനിരപ്പിൽ നിന്ന് 5.8 മുതൽ 7.6 കിലോമീറ്റർ വരെ ഉയരത്തിൽ ഒരു ന്യൂനമർദ്ദ പാത്തി നിലനിൽക്കുന്നു.ഇതിന്‍റെ സ്വാധീനഫലമായി വെള്ളിയാഴ്ച വരെ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്.

അതേസമയം, കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നും ചൊവ്വാഴ്ചയും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്നും ചൊവ്വാഴ്ചയും കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗത്തിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.

Previous articleഇടവക ദിനാഘോഷം സംഘടിപ്പിച്ചു
Next articleഅ​തി​ര​മ്പു​ഴ സെന്‍റ് മേ​രീ​സ് ഫൊ​റോ​നാ പ​ള്ളി​ ദ​ർ​ശ​നത്തിരു​നാ​ളിന് ഉജ്വല സമാപനം

Leave a Reply