സൗദി ഹജ്ജ്-ഉംറ മന്ത്രി ഡോ.തൗഫീഖ് അല്‍റബീക്ക് ഇന്ത്യ സന്ദര്‍ശിക്കാന്‍ ക്ഷണം. ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിലെ സെക്രട്ടറി ഡോ. ഔസാഫ് സഈദിന്റെ സൗദി സന്ദര്‍ശന വേളയിലാണ് ഹജ്ജ് മന്ത്രിയെ നേരില്‍ കണ്ട് ഇന്ത്യ സന്ദര്‍ശിക്കാനുള്ള ന്യൂനപക്ഷകാര്യ മന്ത്രിയുടെ ക്ഷണപ്പത്രം കൈമാറിയത്. തുടര്‍ന്നുളള കൂടിക്കാഴ്ചയില്‍ ഇന്ത്യയില്‍നിന്നുള്ള ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ഥാടകരുടെ സന്ദര്‍ശനത്തിനുള്ള ഒരുക്കങ്ങള്‍ അവലോകനം ചെയ്തു. ഇതോടെ കോണ്‍സുലര്‍ ഡിവിഷന്‍-ഇന്ത്യന്‍ ഓവര്‍സീസ് അഫയേഴ്‌സ് സെക്രട്ടറിയായ ഡോ. ഔസാഫ് സഈദിന്റെ സൗദിയിലെ ഔദ്യോഗിക സന്ദര്‍ശന പരിപാടി പൂര്‍ത്തിയായി. കഴിഞ്ഞ ദിവസം റിയാദിലെത്തിയ അദ്ദേഹം ജി.സി.സി സെക്രട്ടറി ജനറല്‍ ഉള്‍പ്പടെ ഉന്നതലത്തില്‍ നിരവധി വ്യക്തികളും കാര്യാലയങ്ങളുമായി കൂടിക്കാഴ്ചകളും ചര്‍ച്ചായോഗങ്ങളും നടത്തി.
രാഷ്ട്രീയ വിഷയത്തില്‍ സൗദി വിദേശകാര്യ മന്ത്രാലയത്തിലെ ഉപമന്ത്രി എന്‍ജി. വലീദ് ബിന്‍ അബ്ദുല്‍ കരീം അല്‍ഖെറൈജിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ രാഷ്ട്രീയ, പ്രതിരോധ, സാമ്ബത്തിക, സുരക്ഷ, സാംസ്‌കാരിക, ജനങ്ങളുമായുള്ള ബന്ധങ്ങള്‍ തുടങ്ങി സഹകരണത്തിന്റെ എല്ലാ സുപ്രധാന മേഖലകളെയും മറികടക്കുന്ന ശക്തമായ ഉഭയകക്ഷി തന്ത്രപരമായ പങ്കാളിത്തത്തിനുള്ള തങ്ങളുടെ പ്രതിബദ്ധത ഇരുപക്ഷവും ഉറപ്പിച്ചു. ഇരുരാജ്യങ്ങളിലെയും നിക്ഷേപ സാധ്യതകള്‍ സൗദി നിക്ഷേപ മന്ത്രാലയത്തിലെ ഇന്റര്‍നാഷനല്‍ പാര്‍ട്ട്ണര്‍ഷിപ്പ്‌സ് ഡെപ്യൂട്ടി മന്ത്രി മുഹമ്മദ് അല്‍ഹസ്‌നയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തു. 2019-ലെ സൗദി കിരീടാവകാശിയുടെ ഇന്ത്യാ സന്ദര്‍ശന വേളയില്‍ ഇന്ത്യന്‍ സമ്ബദ്വ്യവസ്ഥയില്‍ 100 ശതകോടി യു.എസ് ഡോളര്‍ നിക്ഷേപിക്കൂമെന്ന് നടത്തിയ പ്രഖ്യാപനവുമായി ബന്ധപ്പെട്ട തുടര്‍നടപടികളും ചര്‍ച്ചയില്‍ ഉള്‍പ്പെട്ടു.
കെട്ടിക്കിടക്കുന്ന നിക്ഷേപ പദ്ധതികള്‍ ത്വരിതപ്പെടുത്തുന്നതിനും നിക്ഷേപകര്‍ക്ക് സൗകര്യമൊരുക്കുന്നതിനുമായി ഒരു ‘നിക്ഷേപ പാലം’ രൂപവത്കരിക്കുന്നതിനെക്കുറിച്ചും ഇരുപക്ഷവും ആലോചന നടത്തി. സൗദി സെന്റര്‍ ഫോര്‍ ഇന്റര്‍നാഷനല്‍ സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പ്‌സ് പ്രസിഡന്റും സി.ഇ.ഒയുമായ ഡോ. ഫൈസല്‍ അല്‍സുഗൈറുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഡോ. ഔസാഫ് സഈദ് ഇരുരാജ്യങ്ങളും ചേര്‍ന്ന് രൂപവത്കരിച്ച ഇകണോമിക് ആന്‍ഡ് ഇന്‍വെസ്റ്റുമെന്റ് ഓഫ് ദ സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പ് കൗണ്‍സില്‍ കമ്മിറ്റിയുടെ പുരോഗതി സംബന്ധിച്ച് ചര്‍ച്ച ചെയ്തു. ഇക്കണോമിക് കമ്മിറ്റിയുടെ നാല് ജോയിന്റ് വര്‍ക്കിങ് ഗ്രൂപ്പുകള്‍ക്ക് മുന്‍ഗണനാക്രമത്തില്‍ നടപ്പാക്കാന്‍ നിശ്ചയിച്ച കാര്‍ഷിക-ഭക്ഷ്യ സുരക്ഷ, ഊര്‍ജം, വിവരസാങ്കേതിക വിദ്യയും ഇതര സാങ്കേതിക വിദ്യകളും, വ്യവസായവും അടിസ്ഥാനസൗകര്യ വികസനവും എന്നീ നാല് വിഷയങ്ങളുടെ പ്രവര്‍ത്തന പുരോഗതി വിലയിരുത്തി.












