ബംഗളൂരു : സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ സ്കൂളുകള്‍ക്കും വൈദ്യുതിയും വെള്ളവും സൗജന്യമായി നല്‍കുമെന്ന് മുഖ്യമന്ത്രി സിദ്ദരാമയ്യ പ്രഖ്യാപിച്ചു. കര്‍ണാടക സംസ്ഥാനം രൂപവത്കരിച്ച ദിനമായ നവംബര്‍ ഒന്നിന് 68ാം കന്നട രാജ്യോത്സവ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കന്നട മാധ്യമമായ സ്കൂളുകളുടെ അടിസ്ഥാനസൗകര്യങ്ങള്‍ വികസിപ്പിക്കാൻ നിരവധി നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഇതിന്റെ ഭാഗമായാണ് സൗജന്യ വൈദ്യുതിയും വെള്ളവും നല്‍കുന്നത്. മത്സര പരീക്ഷകള്‍ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രമേ എഴുതാൻ കഴിയൂ എന്ന കേന്ദ്ര സര്‍ക്കാര്‍ തീരുമാനം അംഗീകരിക്കാനാകില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. മത്സര പരീക്ഷകള്‍ ഹിന്ദിയിലും ഇംഗ്ലീഷിലും മാത്രം നടത്തിയാല്‍ പോര. നമ്മുടെ കുട്ടികള്‍ക്ക് അവര്‍ക്കറിയാവുന്ന ഭാഷയില്‍ പരീക്ഷ എഴുതാൻ കഴിയണം. ഇതിനായി പ്രധാനമന്ത്രിക്ക് കത്തെഴുതും.
ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ നടന്ന കന്നട രാജ്യോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പരിപാടിയില്‍നിന്ന്സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ പഠിക്കുന്നവര്‍ മാത്രമാണ് കഴിവുള്ളവരെന്ന തെറ്റിദ്ധാരണ ജനങ്ങള്‍ക്കിടയിലുണ്ട്. ഇത് ഖേദകരമാണ്. കന്നഡ മീഡിയത്തില്‍ പഠിച്ച നിരവധി പ്രഗല്ഭരായ ശാസ്ത്രജ്ഞരെ സംസ്ഥാനം സൃഷ്ടിച്ചിട്ടുണ്ട്. കര്‍ണാടകയില്‍ ജീവിക്കുന്ന നിരവധിപേര്‍ക്ക് കന്നട ഭാഷ അറിയില്ല. സംസ്ഥാനത്തിന്റെ ഭരണഭാഷയാണ് കന്നട. ഇതിനാല്‍ ആശയവിനിമയം കന്നട ഭാഷയിലാകണം. എല്ലാ ഭാഷകളെയും നമ്മള്‍ ബഹുമാനിക്കേണ്ടതുണ്ട്. എന്നാല്‍ കര്‍ണാടകയില്‍ നിര്‍ബന്ധമായും കന്നട ഉപയോഗിക്കണം. എല്ലാ ഉദ്യോഗസ്ഥരും ഇത് പാലിക്കണം.
വിദ്യാര്‍ഥികളുടെ മാര്‍ച്ച് പാസ്റ്റ്
തങ്ങളുടെ കുട്ടിയെ ഏത് ഭാഷയില്‍ പഠിപ്പിക്കണമെന്നത് രക്ഷിതാക്കളുടെ തീരുമാനമാണെന്നും അതിനവര്‍ക്ക് അധികാരമുണ്ടെന്നും സുപ്രീംകോടതി പറഞ്ഞിട്ടുണ്ട്. എന്നാല്‍ മാതൃഭാഷയില്‍ പഠിപ്പിക്കുമ്ബോള്‍ അത് ശാസ്ത്രീയമായാണെന്ന് രക്ഷിതാക്കള്‍ ഉറപ്പുവരുത്തണമെന്നും സിദ്ദരാമയ്യ പറഞ്ഞു. കന്നട രാജ്യോത്സവദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കര്‍ണാടകക്കും ജനങ്ങള്‍ക്കും ആശംസകള്‍ നേര്‍ന്നു. കര്‍ണാടകക്ക് എല്ലാ പുരോഗതിയും ഉണ്ടാകട്ടെയെന്ന് മോദി എക്സില്‍ കുറിച്ചു.











