ദുബൈ : മലയാളികളോടൊപ്പം ഓണം ആഘോഷിച്ച് ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആല്‍ മക്തൂം. സെറ്റ് സാരിയും മുണ്ടും അണിഞ്ഞുനില്‍ക്കുന്ന മലയാളികളോടൊപ്പം പൂക്കളത്തിന് പിന്നില്‍ നില്‍ക്കുന്ന ശൈഖ് ഹംദാന്റെ ചിത്രം അദ്ദേഹത്തിന്റെ ടീമിലെ മലയാളികളാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. യു.കെയില്‍ അവധി ആഘോഷിക്കുന്നതിനിടയിലാണ് അദ്ദേഹം ഓണാഘോഷത്തില്‍ പങ്കുചേര്‍ന്നത്. ഇൻസ്റ്റഗ്രാമില്‍ ഓണസദ്യയുടെ ചിത്രം പങ്കുവെച്ച ശൈഖ് ഹംദാൻ മലയാളികള്‍ക്ക് ഓണാശംസകളും നേര്‍ന്നിരുന്നു. 27 കൂട്ടം വിഭവങ്ങള്‍ അടങ്ങിയ സദ്യയുടെ ഫോട്ടോ സ്റ്റോറിയിലൂടെ പങ്കുവെച്ചാണ് എല്ലാ മലയാളികള്‍ക്കും അദ്ദേഹം ഓണാശംസ നേര്‍ന്നത്. ചോറ്, വാഴപ്പഴം ചിപ്‌സ്, ശര്‍ക്കര വരട്ടി, ഉപ്പ്, പപ്പടമടക്കം സദ്യയിലുണ്ട്. ഇപ്പോള്‍ യു.കെയിലെ യോര്‍ക് ഷെയറില്‍ അവധിക്കാലം ആഘോഷിക്കുകയാണ് അദ്ദേഹം.












