ദില്ലി : ജി20 ഉച്ചകോടിക്കായി ഒരുങ്ങി രാജ്യതലസ്ഥാനം. സെപ്റ്റംബര്‍ 9, 10 തീയതികളിലായി നടക്കുന്ന ജി20 ഉച്ചകോടിക്ക് മുന്നോടിയായി ദില്ലി പോലീസും അര്‍ദ്ധസൈനിക വിഭാഗങ്ങളും ഉള്‍പ്പെടെയുള്ള സുരക്ഷാ ഏജൻസികള്‍ ഒരുക്കുന്നത് വിപുലമായ സുരക്ഷാ ക്രമീകരണങ്ങളാണ്. സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനായി എൻഎസ്ജി കമാൻഡോകളും ആര്‍മി സ്നൈപ്പര്‍മാരും എഐ ക്യാമറകളും സജ്ജമാക്കും. എഐ ക്യാമറകളും അലാറങ്ങളും ഉപയോഗിച്ച് സംശയാസ്പദമായ നീക്കങ്ങള്‍ പോലും തിരിച്ചറിയാൻ സാധിക്കും.
ഉച്ചകോടിയില്‍ പങ്കെടുക്കുന്നവരുടെയും വേദികളുടെയും സുരക്ഷ കര്‍ശനമായി നിരീക്ഷിക്കുന്നുണ്ട്. ഇതിനായി ഇന്ത്യൻ വ്യോമസേനയുടെയും കരസേനയുടെയും ഹെലികോപ്റ്ററുകള്‍ തുടര്‍ച്ചയായി പട്രോളിംഗ് നടത്തും. സാധ്യമായ ഏത് ഭീഷണിയും നേരിടാനായി എൻഎസ്ജി ആന്റി ഡ്രോണ്‍ സംവിധാനങ്ങളും വിന്യസിക്കും. വിഐപി സുരക്ഷയില്‍ അനുഭവപരിചയമുള്ള സൈനികരെ ഉള്‍പ്പെടുത്തി സിആര്‍പിഎഫ് ‘സ്‌പെഷ്യല്‍ 50’ ടീമിനെ തയ്യാറാക്കിയിട്ടുണ്ട്.
അമേരിക്കയില്‍ നിന്നുള്ള സിഐഎ, യുകെയില്‍ നിന്നുള്ള എംഐ -6, ചൈനയില്‍ നിന്നുള്ള എംഎസ്‌എസ് എന്നിവയുള്‍പ്പെടെ അന്താരാഷ്‌ട്ര രഹസ്യാന്വേഷണ ഏജൻസികളുടെ ടീമുകള്‍ ഇതിനകം ദില്ലിയില്‍ എത്തിയിട്ടുണ്ട്. ദില്ലിയില്‍ തങ്ങുന്ന രാഷ്‌ട്രത്തലവന്മാരുടെയും അവരുടെ പ്രതിനിധികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായാണ് സുരക്ഷ ഏജൻസികള്‍ എത്തിയിരിക്കുന്നത്.













