തിരുവനന്തപുരം : എല്ലാ മലയാളികള്‍ക്കും ഓണാശംസകള്‍ നേര്‍ന്ന് ആസ്ട്രേലിയയുടെ വിഖ്യാത പേസ് ബൗളര്‍ െഗ്ലൻ മക്ഗ്രാത്ത്. കസവുമുണ്ടും ജുബ്ബയുമണിഞ്ഞ് പരമ്ബരാഗത കേരളീയ വേഷത്തിലെത്തിയായിരുന്നു ക്രിക്കറ്റ് കണ്ട മികച്ച ഫാസ്റ്റ് ബൗളര്‍മാരില്‍ ഒരാളായ മക്ഗ്രാത്തിന്റെ ഓണാശംസ. ‘ഓണാഘോഷങ്ങളുടെ ഭാഗമാകുന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. ലോകമെമ്ബാടുമുള്ള മുഴുവൻ മലയാളികളും ഈ വലിയ ഉത്സവം ആഘോഷിക്കുന്നു. എല്ലാവര്‍ക്കും എന്റെ സന്തോഷകരമായ ഓണാശംസകള്‍’ -കേരള ക്രിക്കറ്റ് അസോസിയേഷൻ പുറത്തിറക്കിയ വിഡിയോയില്‍ മക്ഗ്രാത്ത് പറഞ്ഞു.
കേരള ക്രിക്കറ്റ് അസോസിയേഷന്‍റെയും എം.ആര്‍.എഫ് പേസ് ഫൗണ്ടേഷന്‍റെയും നേതൃത്വത്തില്‍ കാര്യവട്ടം സ്പോര്‍ട്സ് ഹബ്ബില്‍ സംഘടിപ്പിക്കുന്ന ഫാസ്റ്റ് ബൗളേഴ്സ് ക്യാമ്ബില്‍ പങ്കെടുക്കാനായി മക്ഗ്രാത്ത് എത്തിയിരുന്നു. കാര്യവട്ടം ഗ്രീൻഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടത്തിയ വാര്‍ത്തസമ്മേളനത്തിലും അദ്ദേഹം പങ്കെടുത്തു. 124 ടെസ്റ്റ് മത്സരങ്ങളില്‍ ഓസീസിനുവേണ്ടി പന്തെറിഞ്ഞ മക്ഗ്രാത്ത് 563 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. 250 ഏകദിനങ്ങളില്‍ 381ഉം 189 ഫസ്റ്റ്ക്ലാസ് മത്സരങ്ങളില്‍ 835ഉം വിക്കറ്റാണ് മക്ഗ്രാത്തിന്റെ സമ്ബാദ്യം.











