ടെക്,നോണ്‍-ടെക് കമ്ബനികളിലെ ഉന്നത സ്ഥാനങ്ങള്‍ കൈയാളുന്നത് ഇന്ത്യൻ വംശജരായ എക്‌സിക്യൂട്ടീവുകളാണ്. ഇതിന്റെ ലിസ്റ്റ് വേള്‍ഡ് ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് ട്വിറ്ററില്‍ (എക്‌സ്) പങ്കുവെച്ചിരുന്നു. പോസ്റ്റ് വളരെ പെട്ടന്ന് തന്നെ തരംഗമായി മാറി. ഇതിന് പിന്നാലെ പോസ്റ്റിനോട് പ്രതികരിച്ചിരിക്കുകയാണ് ഇലോണ്‍ മസ്‌ക്. ലിസ്റ്റ് ‘മതിപ്പുളവാക്കുന്നു’ എന്നാണ് ടെസ്ല മേധാവിയുടെ പ്രതികരണം. മൈക്രോസോഫ്റ്റ്, യൂട്യൂബ്, അഡോബ് എന്ന് തുടങ്ങി നിരവധി കമ്ബനികളില്‍ ഇത്തരത്തില്‍ ഇന്ത്യൻ വംശജരാണ് ഉന്നത സ്ഥാനങ്ങള്‍ അലങ്കരിക്കുന്നത്. സ്റ്റാര്‍ബക്‌സ് മേധാവി ലക്ഷ്മണ്‍ നരസിംഹൻ, കോഗ്‌നിസന്റ് മേധാവി രവികുമാര്‍ എസ്, മൈക്രോണ്‍ ടെക്നോളജി മേധാവി സഞ്ജയ് മെഹ്റോത്ര, ഫ്രഞ്ച് ലക്ഷ്വറി ഫാഷൻ ഹൗസ് ചാനലിന്റെ ഗ്ലോബല്‍ സിഇഒ ലീന നായര്‍, ലോകബാങ്കിന്റെ 14-ാമത് പ്രസിഡന്റായ അജയ് ബംഗയും എന്നിവരും പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. ഇന്ത്യയോടുള്ള മസ്‌കിന്റെ അടുപ്പം ഇതിന് മുൻപും ചര്‍ച്ചയായിട്ടുണ്ട്. താൻ 2024-ല്‍ ഇന്ത്യ സന്ദര്‍ശിക്കാൻ കാത്തിരിക്കുകയാണെന്ന് അറിയിച്ച് അദ്ദേഹം പോസ്റ്റ് പങ്കുവെച്ചിരുന്നു. അമേരിക്കയിലെത്തിയ പ്രധാനമന്ത്രിയോടൊപ്പം കൂടികാഴ്ച നടത്തിയതും സമൂഹമാദ്ധ്യമത്തില്‍ വലിയ ശ്രദ്ധ നേടിയിരുന്നു. ടെസ്ല ഇന്ത്യയില്‍ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നതായി അദ്ദേഹം മുൻപ് പറഞ്ഞിരുന്നു.













